Administrator
Administrator
ഐപ്പിനെ നിയമിച്ചത് ഐസ്‌ക്രീം കേസ് അട്ടിമറിക്കാന്‍: വി.എസ്
Administrator
Sunday 29th May 2011 12:41pm

തിരുവനന്തപുരം: ഐസ്‌ക്രീം കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദന്‍.

കേസില്‍ ചോദ്യം ചെയ്യലിന് വിധേയനായ പി.സി.ഐപ്പിനെ അഡീഷണല്‍ അഡ്വക്കറ്റ് ജനറലായി നിയമിച്ചത് ഐസ്‌ക്രീം കേസ് അട്ടിമറിക്കാനാണ്.

ഐപ്പിന്റെ നിയമനത്തിലൂടെ കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ എന്തും ചെയ്യുമെന്ന് ഉറപ്പായിരിക്കയാണെന്നും വി.എസ് പറഞ്ഞു.
കൊച്ചിയില്‍ ജുഡീഷ്യറിയും മാധ്യമങ്ങളും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

20 വര്‍ഷത്തോളം നടത്തിയ നിയമയുദ്ധമാണ് ഇടമലയാര്‍ കേസില്‍ വിധിയുണ്ടാകാന്‍ കാരണം. എന്നിട്ടും തന്നെ പ്രതികാരദാഹിയായാണ് ചിലര്‍ ചിത്രീകരിക്കുന്നതെന്നും വി.എസ് പറഞ്ഞു.

പി.സി.ഐപ്പ് ആര്?

വി എസ് മന്ത്രിസഭ അധികാരമേല്‍ക്കുന്നതിനു തൊട്ടുമുമ്പുവരെയുള്ള അഞ്ചുവര്‍ഷം സ്‌റ്റേറ്റ് അറ്റോര്‍ണിയായിരുന്ന പി സി ഐപ്പാണ് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എന്ന നിലയില്‍ ഐസ്‌ക്രീം കേസില്‍ ഹൈക്കോടതിയില്‍ ഹാജരായിരുന്നത്.  അക്കാലത്ത് കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയില്‍ പരിഗണനയിലായിരുന്ന ഐസ്‌ക്രീം പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട് നിരവധി ഹരജികള്‍ ഹൈക്കോടതിയില്‍ എത്തിയിരുന്നു. ജഡ്ജിമാരായിരുന്ന കെ നാരായണകുറുപ്പും കെ തങ്കപ്പനുമാണ് അവ പരിഗണിച്ചത്. കുഞ്ഞാലിക്കുട്ടിയടക്കം പ്രതിസ്ഥാനത്തുണ്ടായിരുന്നവര്‍ക്ക് അനുകൂലമായാണ് എല്ലാ ഹരജികളിലും വിധി വന്നത്. അത്തരം വിധികള്‍ സമ്പാദിച്ചത് ജഡ്ജിമാര്‍ക്ക് കോഴ കൊടുത്തിട്ടാണെന്ന് കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ കെ.എ റഊഫ് ഈയിടെ ആരോപിച്ചിരുന്നു.

അക്കാലത്ത് അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായിരുന്ന വി കെ ബീരാന്‍, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പദവി വഹിച്ച കെ സി പീറ്റര്‍ എന്നിവര്‍ മുഖേനയാണ് ഹൈക്കോടതി ജഡ്ജിമാരെ സ്വാധീനിച്ചതെന്നും റഊഫ് വെളിപ്പെടുത്തിയിരുന്നു. ഇവരില്‍ കെ സി പീറ്ററാണ് ഐപ്പിന്റെ പങ്ക് ടി വി ചാനലിലൂടെ തുറന്നു പറഞ്ഞത്. ”ഞങ്ങള്‍ എല്ലാ കാര്യങ്ങളും ഐപ്പിനെ ഏല്‍പ്പിച്ചു. എല്ലാം ഉദ്ദേശിക്കുന്നതുപോലെ നടത്തിക്കൊള്ളാമെന്ന് അയാള്‍ ഏല്‍ക്കുകയും ചെയ്തു. പിന്നീട് എന്തു നടന്നു എന്ന കാര്യം ഐപ്പിനെ അറിയൂ” എന്നായിരുന്നു കെ സി പീറ്ററുടെ വെളിപ്പെടുത്തല്‍. പീറ്ററും ഐപ്പും അക്കാലത്ത് മാണിഗ്രൂപ്പിന്റെ നോമിനികളായിരുന്നു. വി കെ ബീരാന്‍ മുസ്‌ലിം ലീഗിന്റെയും. ഇപ്പോള്‍ മന്ത്രിയായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ ജ്യേഷ്ഠനാണ് ബീരാന്‍.

സ്‌റ്റേറ്റ് അറ്റോര്‍ണി പദവി വഹിച്ചിരുന്ന പി.സി ഐപ്പിന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഏതു കേസിലും ഹാജരാകാന്‍ കഴിയുമായിരുന്നു. എന്നാല്‍ നിയമമന്ത്രിയായിരുന്ന കെ.എം മാണി പ്രത്യേക താല്‍പ്പര്യമെടുത്ത് ഐപ്പിനെ ഐസ്‌ക്രീം കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി പ്രത്യേക ഉത്തരവിലൂടെ ചുമതലപ്പെടുത്തുകയായിരുന്നു. കേസിലെ കള്ളക്കളികള്‍ മനസ്സിലാക്കി അഡ്വക്കേറ്റ് ജനറലിന്റെ നിര്‍ദേശപ്രകാരം മറ്റാരെങ്കിലും പ്രോസിക്യൂട്ടറായി വരുന്നത് തടയുകയായിരുന്നു ഈ നടപടിയുടെ ലക്ഷ്യം. കോടതി മാറ്റണം, രഹസ്യവിചാരണ വേണം എന്നിങ്ങനെ മൊത്തം ആറ് ഹരജികളാണ് അന്ന് ജസ്റ്റിസ് തങ്കപ്പന്‍ പരിഗണിച്ചത്. സി.ബി.ഐ അന്വേഷണം വേണമെന്ന ഹരജി ജസ്റ്റിസ് നാരായണകുറുപ്പിന്റെ ബെഞ്ചിലും എത്തി. കെ.സി പീറ്റര്‍, പി.സി ഐപ്പ്, വി.കെ ബീരാന്‍ എന്നിവരടങ്ങുന്ന മൂവര്‍സംഘം കേസിലെ വസ്തുതകളെല്ലാം തന്ത്രപരമായി ഒതുക്കി പ്രതികള്‍ക്കനുകൂലമായ അന്തരീക്ഷമൊരുക്കിയെന്നാണ് ആരോപണം. ഇതിനെല്ലാം പിന്നില്‍ നിന്നത് താനാണെന്നും അന്നു ചെയ്ത തെറ്റിന് ശിക്ഷ അനുഭവിക്കാന്‍ തയ്യാറാണെന്നും റഊഫ് വെളിപ്പെടുത്തിയിരുന്നു.

Advertisement