എഡിറ്റര്‍
എഡിറ്റര്‍
ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് ഒരു പദ്ധതിയും നടപ്പിലാക്കരുത്; വിഴിഞ്ഞത്ത് പുനരധിവാസ-നഷ്ടപരിഹാര പാക്കേജ് നടപ്പാക്കുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും വി.എസ്
എഡിറ്റര്‍
Thursday 26th October 2017 1:22pm

തിരുവനന്തപുരം: വിഴിഞ്ഞം വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍.

വിഴിഞ്ഞത്ത് സമരരംഗത്തുള്ള മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പാക്കേജും അവര്‍ക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാര പാക്കേജും നടപ്പാക്കുന്നു എന്നുറപ്പാക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണം തങ്ങളുടെ കിടപ്പാടവും ഉപജീവന മാര്‍ഗവും ഇല്ലാതാക്കുന്നു എന്ന മത്സ്യത്തൊഴിലാളികളുടെ പരാതി ന്യായമായും പരിഗണിക്കപ്പെടേണ്ടതുണ്ട്.

ഒരു പ്രദേശത്തെ ജനങ്ങളെയാകെ ബുദ്ധിമുട്ടിച്ചുകൊണ്ടല്ല, ഇത്തരം പദ്ധതികള്‍ നടപ്പിലാക്കേണ്ടത്. ഈ പദ്ധതിയിലൂടെ സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടമാണുണ്ടാവുക എന്നതാണ് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലും ഹൈക്കോടതിയും ചൂണ്ടിക്കാട്ടിയത്.


Dont Miss കാലാവസ്ഥയല്ല, മാറുന്നത് നമ്മളും നമ്മുടെ ശീലങ്ങളുമാണെന്ന് മോദി; തള്ള് പ്രസംഗം കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ


എന്നാല്‍, അതിനപ്പുറം അത് പ്രദേശവാസികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും വിനയായിത്തീരുന്ന സ്ഥിതികൂടി സംജാതമാവുകയാണ്. ഈ സാഹചര്യത്തില്‍, പുനരധിവാസ വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നു എന്നുറപ്പുവരുത്താന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണം.

വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട് സിഎജിയും കോടതിയുമെല്ലാം ചൂണ്ടിക്കാട്ടിയ കുഴപ്പങ്ങള്‍ നിസ്സാരമായി കണ്ടുകൂടെന്നും വിഎസ് പറഞ്ഞു.

വിഴിഞ്ഞം സമരസ്ഥലം സന്ദര്‍ശിക്കാനെത്തിയ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദനെ കഴിഞ്ഞ ദിവസം പൊലീസ് തടഞ്ഞിരുന്നു. സംഘര്‍ഷ സാധ്യതയുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു വി.എസിനെ തടഞ്ഞത്. പൊലീസ് മുന്നറിയിപ്പിനെത്തുടര്‍ന്ന് വി.എസ് സമരപന്തല്‍ സന്ദര്‍ശിക്കാതെ മടങ്ങി.

നേരത്തെ പൊലീസിനെ സമരസ്ഥലത്തേക്ക് കടത്തില്ലെന്ന് സമരക്കാര്‍ നിലപാടെടുത്തിരുന്നു. പഴയ ബോട്ടുകള്‍ റോഡുകളില്‍ നിരത്തി സത്രീകളും കുട്ടികളുമടങ്ങുന്ന നൂറോളം പേര്‍ നേരത്തെ റോഡ് ഉപരോധിച്ചിരുന്നു. വിഴിഞ്ഞ തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പുനരധിവാസ പാക്കേജില്‍ അടിയന്തിര നടപടി വേണമെന്നാവശ്യപ്പെട്ടാണ് സമരം.

തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പൈലിംഗിനിടെ മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നു. പുനരധിവാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനമാകുന്നതു വരെ പൈലിംഗ് നിര്‍ത്തിവെക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. അതേസമയം സമരക്കാരെ അഭിവാദ്യം ചെയ്യണമെന്നുണ്ടായിരുന്നെന്ന് വി.എസ് മടങ്ങിപ്പോകവെ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ സംഘര്‍ഷമുണ്ടെന്ന റിപ്പോര്‍ട്ടുള്ളതിനാല്‍ മടങ്ങിപ്പോകുകയാണെന്നും വി.എസ് പറഞ്ഞിരുന്നു.

Advertisement