കെ. സുരേന്ദ്രന് വേണ്ടിയുള്ള ' ആ സംയുക്ത പ്രസ്താവനയില്‍ ഞാന്‍ ഒപ്പിട്ടിട്ടില്ല' ; വി.ആര്‍ സുധീഷ്
kERALA NEWS
കെ. സുരേന്ദ്രന് വേണ്ടിയുള്ള ' ആ സംയുക്ത പ്രസ്താവനയില്‍ ഞാന്‍ ഒപ്പിട്ടിട്ടില്ല' ; വി.ആര്‍ സുധീഷ്
ന്യൂസ് ഡെസ്‌ക്
Friday, 7th December 2018, 3:30 pm

 

കോഴിക്കോട്: ശബരിമല നിയന്ത്രണങ്ങള്‍ക്കെതിരെ സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും എന്ന പേരില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയതിനെതിരെ എഴുത്തുകാരന്‍ വി.ആര്‍ സുധീഷ്. “ഞാന്‍ ആ പ്രസ്താവനയില്‍ ഒപ്പിട്ടിട്ടില്ല. അത് എന്റെ നിലപാടല്ല. ഇത് ദുരുദ്ദേശപരമാണ്” എന്നാണ് സുധീഷ് പ്രസ്താവന പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ശബരിമലയിലെ നിയന്ത്രണങ്ങളിലും അയ്യപ്പഭക്തര്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളിലും പ്രതിഷേധിക്കുന്നു എന്നാണ് സാംസ്‌കാരിക പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും കലാകാരന്മാരുടെയും പേരിലിറങ്ങിയ പ്രസ്താവനയില്‍ പറയുന്നത്.

ജയിലിലുള്ള ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ വിട്ടയക്കണമെന്നും ഈ പ്രസ്താവനയില്‍ ആവശ്യപ്പെടുന്നുണ്ട്.

എം.ജി.എസ് നാരായണന്‍, ഡോ.കെ.എസ് രാധാകൃഷ്ണന്‍, പി. പരമേശ്വരന്‍, സുരേഷ് ഗോപി എം.പി, എസ് രമേശന്‍ നായര്‍, മാടമ്പ് കുഞ്ഞുകുട്ടന്‍, വി.ആര്‍ സുധീഷ്, ഷാജി കൈലാസ്, ശത്രുഘ്‌നന്‍, ആര്‍.കെ ദാമോദരന്‍, സജി നാരായണന്‍ തുടങ്ങിയവര്‍ ഒപ്പിട്ട പ്രസ്താവനയെന്ന നിലയിലാണ് ഇത് പ്രചരിപ്പിക്കപ്പെട്ടത്. താന്‍ ഒപ്പിട്ടിട്ടില്ലാത്ത പ്രസ്താവനയില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയതിനെതിരെയാണ് വി.ആര്‍ സുധീഷ് രംഗത്തുവന്നിരിക്കുന്നത്.