മാനവരാശിയെ ഒന്നടങ്കം മുക്കിക്കൊന്നുകൊണ്ടിരിക്കുന്ന വലിയൊരു പ്രളയമുണ്ടല്ലോ? ക്രോണി കാപിറ്റലിസം” അഥവാ “ശിങ്കിടി മുതലാളിത്തം.” അതിന്റെ ഏറ്റവും ക്രൂരമായ മുഖങ്ങളില്‍ ഒന്ന് ഈ കഴിഞ്ഞ ദിസം കണ്ടു. ഈ പ്രളയകാലത്തെ എണ്ണിയാലൊടുങ്ങാത്ത ദുരന്തകാഴ്ചകളിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു അത്. നിത അംബാനിയെന്ന രാജ്യത്തെ ഏറ്റവും വലിയ “ശിങ്കിടി മുതലാളിച്ചി” കുട്ടനാട്ടിലെ പാവം കുട്ടികളെ ആശ്വസിപ്പിക്കാന്‍ എത്തിയത്.
ലോകത്തിലെ ഏറ്റവും ചെലവേറിയ, ഒരു കൊട്ടാരത്തില്‍ നിന്നിറങ്ങിവരുന്ന ഒരു കൊച്ചമ്മ എല്ലാം നഷ്ടപ്പെട്ട കുട്ടനാട്ടുകാരുടെ പാവംപിടിച്ച കുട്ടികളെ തന്റെ പട്ടുപോലുള്ള വിരലുകള്‍ കൊണ്ട് തൊട്ടുതലോടുമ്പോള്‍ ഉയരുന്ന സാമാന്യ നീതിയുടെ ഒരു ചോദ്യമുണ്ട്. ആ ചോദ്യത്തില്‍ സീറോ മാര്‍ക്കാണ് അവര്‍ക്ക് നല്‍കാനാവുക.
മുംബൈ നഗരത്തില്‍ കെട്ടിപ്പൊക്കിയ 27 നിലകളുള്ള ഒരു മണിമേടയെ കുറിച്ച് നമ്മുടെ മാധ്യമങ്ങള്‍ക്ക് എത്ര എഴുതിയിട്ടും പറഞ്ഞിട്ടും കൊതി തീരാത്ത ഒരു കാലമുണ്ടായിരുന്നു. മൂന്ന് പേര്‍ക്ക് മാത്രം താമസിക്കാനുള്ള ഒരു വീട്ടില്‍ പരിചാരകരുടെ എണ്ണം അറുനൂറ്! ഒരേ സമയത്ത് നാല് ഹെലികോപ്ടര്‍ വരെ ഇറങ്ങാനുള്ള സൗകര്യം! എന്നിങ്ങനെ നീളുന്ന എണ്ണിയാലൊടുങ്ങാത മാഹാത്മ്യങ്ങള്‍.
ALSO READ: ഭീമ കൊറെഗാവും മാവോയിസ്റ്റ് ഭീതിയും
ആ കൊട്ടാരത്തിന്റെ പണി നടക്കുമ്പോള്‍ അതിന്റെ പരിസരങ്ങളില്‍ രണ്ടു ലക്ഷത്തോളം പേരാണ് ജീവിതത്തോട് മല്ലിട്ട് കഴിഞ്ഞുകൂടിയിരുന്നത്. ഈ രാജ്യത്തിലെ ഏറ്റവും ദരിദ്രര്‍. ഉടുതുണിക്ക് മറു തുണിയില്ലാത്തവര്‍. ആ മണിമേടക്കു വേണ്ടി കൂട്ടിയിട്ട കൂറ്റന്‍ പൈപ്പുകള്‍ ആയിരുന്നു അന്ന് അവരുടെ വീട്. അത് നിര്മാണത്തിനെടുത്തപ്പോള് കുഞ്ഞുകുട്ടി പരാധീനതകളുമായി ആകാശം മേല്‍ക്കൂരയും ഭൂമി തറയുമാക്കി അവര്‍ ഇറങ്ങി നടന്നു.
ഇങ്ങനെ കുറേയധികം മനുഷ്യന് തന്റെ ആഡംഭര ഭവനത്തിന്റെ മതില്‍കെട്ടിനപ്പുറത്ത് കഴിഞ്ഞു കൂടുന്നത് നിത അംബാനി എന്നെങ്കിലും അറിഞ്ഞിട്ടുേണ്ടാ? ആ ജീവിതങ്ങളിലേക്ക് കണ്ണെറിഞ്ഞിട്ടുണ്ടോ? ഒരു “സെലിബ്രിറ്റി ലേഡി”യോട് ഇത്തരം ചോദ്യങ്ങള്‍ തന്നെ ഉന്നയിക്കുന്നതിലെ അനൗചിത്യമോര്‍ത്ത് പലര്‍ക്കും ചിരിവരുന്നുണ്ടാവും. പക്ഷെ, ഇപ്പോള്‍ അല്ലെങ്കില്‍ പിന്നെയൊരിക്കലും ചോദിക്കാന്‍ കഴിഞ്ഞെന്നു വരില്ല.
നിത അംബാനി മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. അണിഞ്ഞൊരുങ്ങി വന്ന് വീടിന്റെ മട്ടുപ്പാവില്‍ നിന്ന് കോപ്ടറില്‍ കയറി ആഗ്രഹിക്കുന്നിടത്തേക്ക് പറക്കുമ്പോള്‍, കുത്തിയൊഴുകുന്ന പ്രളയജലത്തിലേക്ക് ജീവഭയത്താല്‍ കണ്ണെറിഞ്ഞ് ആകാശത്തില്‍ ഒരു ഹെലികോപ്ടറിന്റെ തലവട്ടം കണ്ടെങ്കില്‍ എന്ന് രാവും പകലും ആര്‍ത്തു കരഞ്ഞവരില്‍ നിങ്ങള്‍ “ആശ്വസ” വചനങ്ങള്‍ ചൊരിയാന്‍ എത്തിയ കുട്ടനാട്ടുകാരുമുണ്ടായിരുന്നു.
ALSO READ: കേരളത്തിന്റെ പുനര്‍നിര്‍മ്മാണവും, മുതലാളിത്ത വ്യവസ്ഥയും
ലക്ഷക്കണക്കിന് യു.എസ് ഡോളര്‍ ചെലവിട്ട് നിര്‍മിച്ച ഒരു വീട്ടില്‍ പരിചാരക വൃന്ദങ്ങളാല്‍ പൊതിയപ്പെട്ട് കഴിയുന്ന ഒരാള്‍ക്ക് ഒരിക്കലും പ്രാണനുവേണ്ടിയും അവര്‍ക്ക് നഷ്ടമായ ജീവിതത്തിനും വേണ്ടിയുള്ള ആ കരച്ചിലിന്റെ ആഴം മനസ്സിലാവില്ലെന്നറിയാം. എന്നാലും ചില കാര്യങ്ങള്‍ പറയേണ്ടിവരികയാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനെ സംബന്ധിച്ചിടത്തോളം 70 കോടിയെന്ന നക്കാപ്പിച്ച പ്രളയബാധിതര്‍ക്ക് “എറിഞ്ഞു കൊടുത്താല്‍” അത് വാര്ത്താമധ്യമങ്ങള്ക്ക് കിട്ടുന്ന നല്ലൊരു എല്ലിന് കഷ്ണമാണെന്നത് “ശിങ്കിടി മുതലാളി”യുടെ കച്ചവട തന്ത്രങ്ങളില്‍ ഒന്നു മാത്രമാണ്. എന്നാല്‍, ഇത് തിരിച്ചറിയുന്നിടത്ത് നമുക്ക് വലിയ പാകപ്പിഴവുകള്‍ സംഭവിച്ചുകൊണ്ടേയിരിക്കുന്നു.
സകലതിനെയും ചൂഴ്ന്നുനില്ക്കുന്ന ഒരു അധീശ വ്യവസ്ഥ തന്നെ ദുരന്തങ്ങള്‍ സൃഷ്ടിക്കുകയും അതിന്റെ ഇരകളെ തൊട്ടുതലോടുകയും ചെയ്യുമെന്ന വലിയ പാഠമാണ് യഥാര്‍ഥത്തില്‍ നമുക്ക് ഇതില്‍ നിന്ന് ലഭിക്കേണ്ടത്. അഥവാ ജീവകാരുണ്യത്തെ പോലും വിലക്കെടുക്കാന്‍ ക്രോണി കാപിറ്റലിസ്റ്റുകള്ക്കാവും. അതുകൊണ്ടാണ് യു.എ.ഇ എന്ന ഒരു പക്കാ “മുതലാളിത്ത” ഭരണകൂടം, വെച്ചുനീട്ടുന്ന 700 കോടിയിലൂടെ ഒരു ഇടതു സര്‍ക്കാറിന്റെയും അവിടുത്തെ ജനതയുടെയും പ്രിയങ്കര രാജ്യമാവുന്നത്.
ALSO READ: കാലവര്‍ഷത്തില്‍ ഡാമുകള്‍ നിറയുന്നത് വരെ കാത്തിരുന്നത് ഗുരുതരമായ പിഴവെന്ന് മാധവ് ഗാഡ്ഗിൽ
അവിടുത്തെ സുല്‍ത്താന്‍ പലര്‍ക്കും വാഴ്ത്തപ്പെടേണ്ടവനാവുന്നത്. നാളെ മറ്റൊരു സാഹചര്യത്തില്‍ മറ്റൊരു ദേശത്ത് ഇസ്രാഈലിനും ഇങ്ങനെയൊരു സഹായത്തിലൂടെ പ്രിയം സമ്പാദിക്കാനാവും. മോദി സര്‍ക്കാറിനു പോലും “വേണ്ടി വന്നാല്‍” ഇതേ രീതിയില്‍ അവരുടെ ഭൂതകാലത്തെ കാരുണ്യപ്പണത്തിന്റെ മേല്മണ്ണില് കുഴിച്ചുമൂടാന്‍ കഴിയും. അതുകൊണ്ട് അതിനെ പ്രതിരോധിക്കാത്ത ഒരു അതിജീവന സ്ട്രാറ്റജിയും എവിടെയുമെത്തില്ല. അത് വലതിന്റേതെന്നല്ല, ഇടതിന്റേതായാലും.
ഇങ്ങനെ ഉറപ്പിച്ചു പറയാന്‍ കാരണമുണ്ട്, സകലമാന ഭരണകൂടങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളും ഒരര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ അറിഞ്ഞും അറിയാതെയും ഈ ശിങ്കിടി മുതലാളിത്തത്തിന്റെ പ്രായോജകരും വക്താക്കളുമാണെന്നതുകൊണ്ടാണ്. ലോക ബാങ്കും എ.ഡി.ബിയും ഇരുകരങ്ങളും നീട്ടി സഹായിക്കാന്‍ വരുമ്പോള്‍ പോലും അതിന്റെ അനന്തരഫലത്തില്‍ നമുക്ക് യാതൊരു ആശങ്കയുമുണ്ടാവുന്നില്ല. ഇതുണ്ടാക്കാന്‍ പോവുന്ന ഭീകരത തിരിച്ചറിയാന്‍ നമുക്കാവുന്നില്ല എന്നിടത്താണ് പ്രശ്നത്തിന്റെ മര്‍മം.
ഒരേസമയം ഇരകളെ സൃഷ്ടിക്കാനും സഹായം വെച്ചു നീട്ടാനും അവര്‍ക്കാവും. വ്യാജ പ്രതിപക്ഷങ്ങളെ സൃഷ്ടിയ്ക്കും. ജനങ്ങള്‍ക്കു മുന്നില്‍ ഭിന്ന കക്ഷികളാവുന്നവര് പിന്നില്‍ കൈകോര്‍ക്കും. സഹായം വെച്ചു നീട്ടുന്ന യു.എ.ഇയും അത് നിഷേധിക്കുന്ന മോദി സര്‍ക്കാറും തന്നെ ഉദാഹരണം. അപ്പോഴും നമ്മള് അണക്കെട്ടുകള്‍ വേണോ വേണ്ടയോ എന്ന ചര്‍ച്ച തുടര്ന്നുകൊണ്ടേയിരിക്കുകയാവും.
ഈ “കാരുണ്യപ്പണം” എവിടെ നിന്നുണ്ടായി എന്ന ഏറ്റവും അടിസ്ഥാനപരമായ ചോദ്യമുണ്ട്. ആ ചോദ്യത്തെ പിന്തുടര്ന്നു ചെന്നാല്‍ ഒരു ശൃംഖല തെളിഞ്ഞു വരും. ഭൂമിയിലെ ഏറ്റവും നിസ്സഹായന്റെ വിയര്‍പ്പു തുളളിയായിരിക്കും അതിന്റെ അവസാനം. ഏറ്റവും ദുര്‍ബലനായ മനുഷ്യന്റെ ചോരയും നീരും ഊറ്റിക്കൊണ്ടും പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിച്ചും കൊണ്ടാണ് നമ്മെ മുച്ചൂടും ചൂഴ്ന്ന് നില്ക്കുന്ന “ക്രോണി കാപിറ്റലിസം” അസ്ഥിവാരമിട്ടിരിക്കുന്നത്.
ALSO READ: പ്രളയത്തില്‍ നിന്നും ഇനിയും കരകയറാത്ത കുട്ടനാട്
അത് ജാതി-മത ഭേദമന്യേ ഭൂഖണ്ഡങ്ങള്‍ പിന്നിട്ട് അധികാര വ്യവസ്ഥയിലൂടെ അധിനിവേശം നടത്തുന്നു, അധീശത്വം സ്ഥാപിക്കുന്നു. ഭൂകമ്പങ്ങള്‍ക്കും പ്രളയങ്ങള്‍ക്കും കൊടുങ്കാറ്റുകള്‍ക്കും അത് വഴിയൊരുക്കും. അപ്പോഴാണ് മുമ്പുണ്ടായ പ്രകൃതി ദുരന്തങ്ങളിലേക്കുള്ള സമീകരണ യുക്തി ഏറ്റവും വലിയ വിഡ്ഢിത്തമായി ഭവിക്കുക. പ്രകൃതിദുരന്തങ്ങള്‍ക്കും ഇരകള്‍ക്കും ഇടയില്‍ ഇടനിലക്കാര്‍ കയറി വരുന്ന പുതിയൊരു കച്ചവട സമവാക്യം ഈ കാലത്തിന്റെ ഏറ്റവും ഭീകരമായ യാഥാര്‍ഥ്യമാണ്.
ഭരണകൂടവും മുതലാളിമാരും കൈകോര്‍ത്തുള്ള കളി. അങ്ങനെയാണ് നിത അംബാനി കുട്ടനാട്ടില്‍ എത്തുന്നത്. ഇതേ കച്ചവട തന്ത്രം പ്രയോഗിക്കുന്ന ചെറുകിടക്കാരെയും നമുക്ക് കാണാം. ഇതിനെ എങ്ങനെയാണ് അതിജീവിക്കാനാവുക?
സത്യത്തില്‍ വലിയൊരു കെണിക്കകത്താണ് നമ്മളെല്ലാവരും അകപ്പെട്ടിരിക്കുന്നത്. അതുകൊണ്ടാണ് നവ കേരളത്തിന്റെ നിര്‍മാണത്തെക്കുറിച്ച് പറയുമ്പോള്‍ പരിസ്ഥിതിവാദികള്‍ക്ക് അടക്കം സമഗ്രമായ ഒരു പദ്ധതി മുന്നോട്ടുവെക്കാന്‍ കഴിയാതെ പോവുന്നത്. ഒരു പരിഹാരത്തിന്റെ മറുപുറത്ത് അതിന്റെ ഇരകളെയും പടച്ചുണ്ടാക്കുന്ന വിധമുള്ള ഒരു ചങ്ങല സമൂഹത്തെ കുരുക്കിലാക്കിയിരിക്കുകയാണ്. കുടഞ്ഞെറിയാന്‍ കഴിയാത്തവിധം ഇന്നീ കാണുന്ന പല സൗകര്യങ്ങളും മുതലാളിത്തത്തിന്റെ ചൂഷണോപാധിയെന്ന നിലയിലുള്ള സൃഷ്ടിയാണെന്ന തിരിച്ചറിവിലേക്ക് ആദ്യം എത്തേണ്ടതുണ്ട്.
ബന്ധങ്ങള്‍, തൊഴില്‍, ഉപജീവനം, സുരക്ഷ, സ്വാതന്ത്ര്യം എന്നിങ്ങനെ എല്ലാം ഒരു അഴിയാക്കുരുക്കില്‍ എന്ന വണ്ണം ഈ സൗകര്യങ്ങളിലൂടെ ബന്ധിക്കപ്പെട്ടിരിക്കുന്നു. മനുഷ്യനെ ജൈവിക ആവാസവ്യവസ്ഥയില്‍നിന്ന് അന്യവത്കരിക്കാന്‍ മുതലാളിത്തം എത്ര സമര്‍ഥമായാണ് കരുക്കള്‍ നീക്കുന്നതെന്ന് ഇതിനൊപ്പം ചേര്‍ത്തുവായിക്കുമ്പോഴേ ഈ കെണിയുടെ ബാഹുല്യം മനസ്സിലാവൂ.
നിങ്ങള്‍ക്ക് കാറും ബൈക്കും ഉണ്ട്; എന്നാല്‍ റോഡ് വികസനത്തിന് നിങ്ങള്‍ എതിരു നില്ക്കുന്നു. മൂന്നുനേരം ഭക്ഷണം പാകം ചെയ്യാന്‍ ഗ്യാസ് വേണം; എന്നാല്‍ പ്രകൃതിവാതക പൈപ്പ് ലൈനിന് നിങ്ങള്‍ തടസ്സം നില്ക്കുന്നു. വൈദ്യുതി വേണം; എന്നാല്‍, അണക്കെട്ടുകള്‍ക്കെതിരെ സമരം ചെയ്യുന്നു. നിങ്ങള്‍ വയലുകളും ചതുപ്പുകളും നികത്തി വീടു വെക്കുന്നു; എന്നിട്ട് കുന്നിടിക്കുന്നതിനെതിരെ വലിയ വായില്‍ പറയുന്നു. തീര്‍ച്ചയായും ഈ ചോദ്യങ്ങളെ നേരിടാതെ അതില്‍ നിന്ന് ഒളിച്ചോടിയതുകൊണ്ട് കാര്യമില്ല.
ഇതിന് ഉത്തരം കണ്ടെത്തല്‍ “പരിസ്ഥിതിവാദി”കളായ ചിലരുടെ മാത്രം ചുമതലയുമല്ല. പ്രശ്നങ്ങള്‍ തിരിച്ചറിയേണ്ടത് കൂട്ടമായി തന്നെയാണ്. പരിഹാരം കാണേണ്ടതും അങ്ങനെ തന്നെ. ഓരോരുത്തരും ഒറ്റക്കോ തെറ്റക്കോ ശ്രമിച്ചാലും ഈ വന്‍ കെണിയില്‍ നിന്ന് രക്ഷെപ്പടാന്‍ സാധിക്കില്ല എന്ന് ചുരുക്കം.
എങ്ങനെയാണ് ഈ കുരുക്കിലേക്ക് നമ്മള് ഓരോരുത്തരും ചെന്നുപതിച്ചത് എന്ന് സാമാന്യമായി നോക്കുക. നാം കാലൂന്നി നില്ക്കുന്ന വര്ത്തമാനത്തെക്കുറിച്ചല്ല, ഭാവിയെക്കുറിച്ചുള്ള അനാവശ്യ ഉല്‍കണ്ഠ ഉണ്ടാക്കുക എന്നതാണ് ഈ വ്യവസ്ഥാനിര്മിതിയുടെ അടിത്തറ. സുരക്ഷിതമായി കഴിയാനുള്ള വീട് ഒരു അനിവാര്യതയാണെന്ന ബോധത്തിലേക്ക് ആ ഉത്കണ്ഠ നമ്മെ കൊണ്ടെത്തിക്കുന്നു.
അപ്പോള്‍ കിട്ടുന്ന ഏതു സ്ഥലവും അത് കുന്നാവെട്ട, ചതുപ്പാവെട്ട, നെല്പാടമാവെട്ട അതിനുവേണ്ടി ഉപയോഗിക്കുന്നു. വീടിന് വേണ്ട മണ്ണ്, കല്ല്, സിമന്റ് എല്ലാം കിട്ടാവുന്ന വഴികളിലുടെ സംഘടിപ്പിക്കുന്നു. ഏത് കുന്നിടിച്ചതാണെന്നോ ഏത് പാറ പൊട്ടിച്ചതാണന്നോ ഉള്ള ആശങ്കകളെ ആവശ്യം അസ്ഥാനത്താക്കുന്നു. നിര്‍മാണത്തിന് കാശില്ലാത്തവര്‍ അത് എളുപ്പം കിട്ടാന്‍ ബാങ്കുകളെ ആശ്രയിക്കുന്നു. മാസാമാസം നല്ലൊരു തുക ബാങ്കുകാര്‍ക്ക് കൊടുക്കാനുള്ളത് കൊണ്ട് സ്ഥിര ജോലി എന്നത് അനിവാര്യമാവുന്നു. ചിലര്‍ സ്വന്തമായി ചെയ്യുന്ന തൊഴിലിലൂടെ കൊള്ള ലാഭം ഉണ്ടാക്കുന്നു. ഇതിന്റെ പ്രതിഫലനം താഴേതട്ടിലേക്ക് പടരുന്നു.
ചിലര്‍ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും തൊഴില്‍ ചൂഷണം ഉണ്ടായാല്‍ പോലും അതെല്ലാം സഹിച്ച് അവിടെ പിടിച്ചുനില്ക്കുന്നു. പിന്നെ ഈ ജോലി നിലനിര്‍ത്തുക എന്നതായി ജീവിതത്തിന്റെ ലക്ഷ്യം. ജോലി സ്ഥലത്തെത്താന്‍ വാഹനം വേണം. കാശില്ലാത്ത ഭൂരിഭാഗവും അതിനും ലോണിനെ ആശ്രയിക്കുന്നു. പലിശാധിഷ്ഠിത വായ്പാ ഘടനയില്‍ ബാങ്കുകളുടെ തടവുകാരായി മാറുന്നു. ജോലിയുടെ സ്വഭാവമനുസരിച്ച് വണ്ടിക്ക് വേണ്ട ഇന്ധനത്തിന്റെ ഉപഭോഗം കൂടുന്നു. കൂടുതല്‍ പണം കണ്ടെത്തേണ്ടിവരുന്നു.
കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നതിന്റെ പിന്നില്‍ അവരിലൂടെ ഭാവി “ഭദ്ര”മാക്കുക എന്ന ലക്ഷ്യം കൂടി കടന്നുവരുന്നു. അകാരണമായ ഭയം, ടെന്‍ഷന്‍ എന്നിവ പൊതിയുന്നു. ആരോഗ്യം തകരാറിലാവുന്നു. അസുഖങ്ങള്‍ ഭേദമാക്കാന്‍ ശരീരത്തിന് വിശ്രമം നല്കാന് കയ്യില്‍ സമയമില്ലാത്തതിനാല്‍ ഉടന്‍ ആശ്വാസം ലഭിക്കുന്ന ചികില്‍സയില്‍ അഭയം തേടുന്നു. ഒരു വ്യക്തി നമ്പറുകളിലേക്കും അനേകം കാര്‍ഡുകളിലേക്കും പരിവര്‍ത്തനം ചെയ്യപ്പെടുന്നു.
മൊബൈല്‍ ഫോണ്‍, എ.ടി.എം കാര്‍ഡ്, പാന്‍ കാര്‍ഡ് തുടങ്ങിയവ ഒഴിവാക്കാന്‍ പറ്റാത്തതാവുന്നു. ഇ- മെയ്ല്, വാട്സാപ്, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ നവീന വാര്‍ത്താവിനിമയ ആശയവിനിമയ സംവിധാനങ്ങള്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാവുന്നു. ഈ ശൃംഖലയെ പരിപാലിച്ചുപോരുന്നതിനായി മുതലാളിമാര്‍ ജനങ്ങള്‍ക്കിടയിലേക്ക് സേവനങ്ങളും സൗകര്യങ്ങളും പമ്പ് ചെയ്യുന്നു. അതിന് പല സ്ഥാപനങ്ങളെയും ഉപയോഗിക്കുന്നു.
ALSO READ: വിവരക്കേടുകള്‍ അവതരിപ്പിക്കുന്ന ഇടതു എം.എല്‍.എമാരില്‍ നിന്ന് ഇടതുപക്ഷം മോചനം നേടണം: സുനില്‍ ഇളയിടം
ഭരണകൂടങ്ങള്‍, അവരുടെ പോളിസികള്‍, ധനകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോര്‍പറേറ്റ് ശൃംഖലകള്‍, മാധ്യമ നീതിന്യായ സ്ഥാപനങ്ങള്‍ തുടങ്ങി സകലമാന സംവിധാനങ്ങളെയും ഇടനിലക്കാരായി മാറ്റപ്പെടുന്നു. പ്രകൃതി വിഭവങ്ങളുടെ മേലുളള പെരുംകൊള്ളകള്ക്ക് ഭരണകൂടങ്ങള്‍ ഒത്താശ ചെയ്തുകൊടുക്കുന്നു. ഈ കുരുക്കിനകത്ത് കിടക്കുന്ന പൗരന്റെ സ്വാതന്ത്ര്യം, സ്വകാര്യത, അവന്റെ ശരീരത്തിനും സമ്പത്തിനും സ്വത്തിനും മേലുളള അവകാശം തുടങ്ങിയവയെയെല്ലാം ഒറ്റയടിക്ക് റദ്ദു ചെയ്യാനുള്ള ആയുധങ്ങള്‍ വരെ ശിങ്കിടി മുതലാളിമാര്‍ക്കുവേണ്ടി ഭരണകൂടങ്ങള്‍ പ്രയോഗിച്ചു തുടങ്ങിയിരിക്കുന്നു.
പ്രതിേലാമകരമായ ആശയങ്ങളും ചിന്തകളും ഉല്പാദിപ്പിച്ച് മനുഷ്യമനസ്സുകളില്‍ അതിരുകള്‍ കെട്ടിപ്പടുക്കുമ്പോഴും ആഗോള മൂലധന ശക്തികള്‍ക്ക് എല്ലാ അതിരുകളും അപ്രസക്തമാവുന്നു. അവര്‍ക്ക് യഥേഷ്ടം വിഹരിക്കാനായി വിപണികള്‍ എല്ലാം തുറന്നു കിടക്കുന്നു.
ഇത്രയും പറഞ്ഞത് പരിഹാരമെന്ന നിലക്കല്ല. പരിഹാരത്തിനു മുന്നോടിയായുള്ള സ്വയം തിരിച്ചറിവെന്ന നിലയ്ക്കാണ്. ആഗോള ധന ശക്തിയാല്‍ സമ്പൂര്‍ണമായി നിയന്ത്രിക്കപ്പെടുന്ന ഏക ലോക ക്രമത്തെ പ്രതിരോധിക്കാന്‍ കേവലം ഒച്ചപ്പാടുകള്ക്കപ്പുറം കരുത്തുറ്റതും ഈടുറ്റതുമായ വഴികള്‍ക്കായുള്ള കൂട്ടായ അന്വേഷണങ്ങളും പ്രയത്നങ്ങളും കൊണ്ടല്ലാതെ ഈ വന്‍ പ്രളയത്തില്‍ നിന്ന് നമുക്ക് കരകയറാനാവില്ല.
WATCH THIS VIDEO: