ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
National Politics
ബി.ജെ.പിയോടുള്ള ജനങ്ങളുടെ രോഷമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്; യു.പിയില്‍ എന്തുവിലകൊടുത്തും പാര്‍ട്ടിയെ പുനര്‍നിര്‍മിക്കുമെന്നും രാഹുല്‍
ന്യൂസ് ഡെസ്‌ക്
Wednesday 14th March 2018 5:11pm

ന്യൂദല്‍ഹി: ബി.ജെ.പിക്കാരോടുള്ള രോഷമാണ് ബി.ജെ.പിക്കാരല്ലാത്തവര്‍ക്ക് വോട്ട് ചെയ്ത് അവരെ വിജയിപ്പിക്കാനുള്ള ജനങ്ങളുടെ വികാരത്തിന് പിറകിലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. അതുകൊണ്ട് തന്നെയാണ് ബി.ജെ.പിക്കെതിരെ മത്സരിച്ച മിക്ക സ്ഥാനാര്‍ത്ഥികളും വിജയിച്ചത്.

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം, യു.പിയില്‍ പാര്‍ട്ടിയെ പുനര്‍നിര്‍മ്മിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. എന്നാല്‍ അത് ഒറ്റരാത്രികൊണ്ട് സംഭവിക്കുന്നതല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

യു.പിയില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കുന്നതായിരുന്നു ജനവധി. ഫുല്‍പൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയേക്കാള്‍ 47,351 വോട്ടിന്റെ ലീഡ് നേടി പ്രതാപ് സിങ് പട്ടേല്‍ വിജയത്തിലേക്ക് കടക്കുകയും ചെയ്തു.

ഇതിനിടെ യു.പി ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പി പരാജയത്തെ പരിഹസിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവ് രംഗത്തെത്തി. യു.പി.യിലെ ജനത സര്‍ക്കാരിനോടുള്ള അവിശ്വാസം ഏറ്റവും സ്പഷ്ടമായ രീതിയില്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണെന്നും അതാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നും രാം ഗോപാല്‍ യാദവ് പറഞ്ഞു.


Also Read ഏതു രേഖയുടെ അടിസ്ഥാനത്തിലാണ് മുസ്‌ലിം ലീഗ് 44 കൊലപാതകങ്ങള്‍ നടത്തിയെന്ന് പറഞ്ഞത്; കെ.ടി ജലീലിനെതിരെ അബ്ദുല്‍ റഹ്മാന്‍ രണ്ടത്താണി


രാജ്യത്തെ മുഴുവന്‍ ജനങ്ങളേയും എന്തിന് എന്തിന് ദൈവത്തേ പോലും കേന്ദ്രസര്‍ക്കാര്‍ പറ്റിച്ചുകൊണ്ടിരിക്കുകയാണെന്ന് അവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞെന്നും രാം ഗോപാല്‍ യാദവ് പറഞ്ഞു.

യു.പി ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ തിരിച്ചടിയില്‍ ഞെട്ടല്‍ രേഖപ്പെടുത്തി ഉപമുഖ്യമന്ത്രി കെ.പി മൗര്യ രംഗത്തെത്തിയിരുന്നു. ഇത്രയും വലിയ രീതിയില്‍ ബി.എസ്.പി വോട്ടുകള്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ എത്തുമെന്ന് കരുതിയില്ലെന്നായിരുന്നു മൗര്യയുടെ പ്രതികരണം.

അന്തിമ ഫലം വന്ന ശേഷം അത് പരിശോധിക്കുമെന്നും ഭാവിയില്‍ ബി.എസ്.പിയും എസ്.പി.യും കോണ്‍ഗ്രസും സഖ്യത്തിലേര്‍പ്പെട്ടാല്‍ അതിനെ എങ്ങനെ നേരിടണമെന്ന് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Advertisement