എഡിറ്റര്‍
എഡിറ്റര്‍
ഗെയില്‍ അധികൃതര്‍ പെരുമാറുന്നത് ധിക്കാരത്തോടെ; പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരും ഗെയില്‍ അധികൃതരും തയ്യാറാകണമെന്നും വി.എം സുധീരന്‍
എഡിറ്റര്‍
Saturday 4th November 2017 8:21pm

തിരുവനന്തപുരം: മുക്കത്ത് ഗെയില്‍ വാതകപൈപ്പ് ലൈന്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ധിക്കാരത്തോടെയാണ് ഗെയില്‍ അധികൃതര്‍ പെരുമാറുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍

നടപടി ക്രമങ്ങള്‍ ശരിയായ രീതിയില്‍ പാലിക്കാതെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കാനാണ് ഗെയില്‍ അധികൃതര്‍ ശ്രമിക്കുന്നത് സമരസമിതിയെ അവര്‍ ഇത് വരെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചാണ് ചര്‍ച്ച നടത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരും ഗെയില്‍ അധികൃതരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിക്കായി സ്ഥലം വിട്ടുകൊടുക്കുന്നവര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം കുറവാണെന്നും നഷ്ടപരിഹാര തുക ഉയര്‍ത്തുമെന്നും ഗെയില്‍ അധികൃതര്‍ പറഞ്ഞിരുന്നു.

നിലവില്‍ നല്‍കുന്ന നഷ്ടപരിഹാരം കുറവാണെന്നും നിലവിലെ ന്യായവിലയുടെ അമ്പത് ശതമാനത്തിന് മുകളില്‍ നഷ്ടപരിഹാരം കൊടുക്കാന്‍ തയ്യാറാണെന്നും ഗെയില്‍ ജനറല്‍ മാനേജര്‍ എം.ഐ വിജു വ്യക്തമാക്കിയിരുന്നു. ജോര്‍ജ് എം.തോമസ് എം.എല്‍.എ ഗെയ്ല്‍ പ്രതിനിധികളുമായും പ്രാദേശികകക്ഷി നേതാക്കളുമായും നടത്തിയ ചര്‍ച്ചയിലായിരുന്നു ഇത് ധാരണയായത്.


Also Read ‘ചവറ് വായിച്ച് ഐ.എ.എസ് എടുത്ത സമയത്ത് തെങ്ങിനു തടമെടുത്തിരുന്നേല്‍ നാല് തേങ്ങാ കിട്ടിയേനെ’; വായന അതിരുകടന്ന ശീലമാണെന്ന ശ്രീറാം വെങ്കിട്ടരാമന്റെ പ്രസ്താവനക്കെതിരെ സോഷ്യല്‍ മീഡിയ


ഗെയില്‍ പൈപ്പ് ലൈനെതിരെ സമരം ചെയ്തവര്‍ക്കെതിരെ വലിയ ആക്രമണമായിരുന്നു പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. മണിക്കൂറുകളോളമാണ് പൊലീസും സമരക്കാരും എരഞ്ഞിമാവില്‍ കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയത്.

സംഘര്‍ഷങ്ങളുടെ പേരില്‍ വീടിനുള്ളില്‍ അതിക്രമിച്ചു കടന്ന് നിരപരാധികളെ കസ്റ്റഡിയിലെടുത്തതായി ആക്ഷേപമുയര്‍ന്നിരുന്നു. മുക്കത്തെ പൊലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. ജനകീയ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് ഇടതുപക്ഷ സര്‍ക്കാരിന് ചേര്‍ന്ന നയമല്ലെന്ന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Advertisement