അത് സി.പി.ഐ.എമ്മിനോടുള്ള മധുരപ്രതികാരം; സത്യപ്രതിഞ്ജ കഴിഞ്ഞ് നാട്ടിലെത്തിയാല്‍ താടിയെടുക്കുമെന്ന് വി.കെ ശ്രീകണ്ഠന്‍
keralanews
അത് സി.പി.ഐ.എമ്മിനോടുള്ള മധുരപ്രതികാരം; സത്യപ്രതിഞ്ജ കഴിഞ്ഞ് നാട്ടിലെത്തിയാല്‍ താടിയെടുക്കുമെന്ന് വി.കെ ശ്രീകണ്ഠന്‍
ന്യൂസ് ഡെസ്‌ക്
Thursday, 20th June 2019, 11:40 pm

പാലക്കാട്: സത്യപ്രതിഞ്ജ കഴിഞ്ഞ നാട്ടില്‍ എത്തുന്നതോടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ എടുത്ത പ്രതിഞ്ജ നടപ്പിലാക്കുമെന്ന് പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്‍.

”സി.പി.എമ്മിനെ തോല്‍പ്പിച്ചാല്‍ മാത്രമെ താടിയെടുക്കൂ” എന്നായിരുന്നു ശ്രീകണ്ഠന്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ പ്രഖ്യാപനം. ആ വാക്ക് പാലിക്കുമെന്നും ഒറ്റത്തവണ താടിയെടുക്കുമെന്നും ശ്രീകണ്ഠന്‍ ഒരു ചാനല്‍ പരിപാടിയില്‍ പറഞ്ഞു.

സത്യപ്രതിഞ്ജയ്ക്ക് ശേഷം നാട്ടില്‍ എത്തിയാല്‍ ആദ്യം ചെയ്യുക താടിയെടുക്കലായിരിക്കുമെന്നും ശ്രീകണ്ഠന്‍ പറഞ്ഞു. വിദ്യാര്‍ത്ഥിയായിരിക്കുന്ന കാലത്ത് ശ്രീകണ്ഠന്‍ ആക്രമിക്കപ്പെട്ടിരുന്നു.

ഞാന്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലേക്ക് വരുന്നത്. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതലെ എന്നെ വട്ടമിട്ട് ആക്രമിച്ചിരുന്നു. ഒടുവിലെ ആക്രമണത്തില്‍ എന്റെ കാല് വെട്ടി, എന്റെ മുഖത്ത് സോഡാകുപ്പി കൊണ്ട് അടിച്ച് ചില്ല് കുത്തിക്കയറ്റി. അന്ന് മുഖത്ത് വലിയ മുറിവ് വന്നു. ആളുകളോട് മറുപടി പറയുന്നത് ഒഴിവാക്കാന്‍ താടി വളര്‍ത്തി. ആ താടി പിന്നീട് എനിക്കൊരു അനുഗ്രഹമായി. ചിലര്‍ സ്‌റ്റൈലാണെന്ന് പറഞ്ഞു. പിന്നീട് ഈ മുറിവെല്ലാം മാറാനും ഇതുപകരിച്ചു. താടി വളര്‍ത്തുന്നതില്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. അപ്പോഴാണ് ഞാന്‍ പറഞ്ഞത്, ഒരിക്കല്‍ ഞാന്‍ താടിയെടുക്കും, സി.പി.എം പരാജയപ്പെടുമ്പോഴായിരിക്കും അതെന്ന്. ഏതായാലും സത്യപ്രതിജ്ഞ കഴിയുമ്പോള്‍ ഒരിക്കല്‍ താടിയെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നാട്ടില്‍ പോയാല്‍ ആദ്യം ചെയ്യുന്നത് അതാകും” എന്നും ശ്രീകണ്ഠന്‍ പറഞ്ഞു.