വി.കെ പ്രശാന്തിനെ മേയര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ സി.പി.ഐ.എം തീരുമാനിച്ചിരുന്നു, പിന്നീട് വേണ്ടെന്നുവെച്ചു; അന്ന് മാറ്റിയിരുന്നുവെങ്കില്‍?
Kerala News
വി.കെ പ്രശാന്തിനെ മേയര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ സി.പി.ഐ.എം തീരുമാനിച്ചിരുന്നു, പിന്നീട് വേണ്ടെന്നുവെച്ചു; അന്ന് മാറ്റിയിരുന്നുവെങ്കില്‍?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th October 2019, 8:19 am

മേയര്‍ ബ്രോ എന്നറിയപ്പെടുന്ന വി.കെ പ്രശാന്ത് തിരുവനന്തപുരം മേയറായിരിക്കേ നടത്തിയ പ്രവര്‍ത്തനങ്ങളാണ് വട്ടിയൂര്‍ക്കാവെന്ന യു.ഡി.എഫ് കോട്ട പിടിച്ചെടുക്കാന്‍ സഹായിച്ചത്. വി.കെ പ്രശാന്തിനെ മേയര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ ഒരിക്കല്‍ സി.പി.ഐ.എം ആലോചിച്ചിരുന്നു. പിന്നീട് വേണ്ടെന്ന് വെച്ചതാണ്. സംഭവം ഇങ്ങനെ.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരം നഗരസഭയില്‍ ഇടതുമുന്നണി അധികാരത്തിലെത്തിയപ്പോള്‍ വി.കെ പ്രശാന്തിനെയാണ് മേയറായി തെരഞ്ഞെടുത്തത്. എന്നാല്‍ അപ്പോള്‍ തന്നെ മറ്റൊരു തീരുമാനം കൂടി പാര്‍ട്ടി എടുത്തിരുന്നു. മറ്റൊരു കൗണ്‍സിലറായ കെ. ശ്രീകുമാറിന് രണ്ടരവര്‍ഷത്തിന് ശേഷം മേയര്‍ സ്ഥാനം നല്‍കാമെന്ന് ധാരണയുണ്ടായിരുന്നു.

എന്നാല്‍ പ്രശാന്തിന്റെ ഭരണമികവിനെ കുറിച്ച് ജില്ലയില്‍ മികച്ച അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്ന് മേയര്‍ സ്ഥാനത്ത് തന്നെ തുടരാന്‍ സി.പി.ഐ.എം നിര്‍ദേശിക്കുകയായിരുന്നു. പ്രശാന്ത് എം.എല്‍.എയായ അവസ്ഥയില്‍ നിലവില്‍ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷനും കോര്‍പ്പറേഷനിലെ എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയുമായ കെ. ശ്രീകുമാാര്‍ മേയറായേക്കും.

സി.ഐ.ടി.യു ജില്ലാ കമ്മറ്റി അംഗവും സി.പി.ഐ.എം വഞ്ചിയൂര്‍ ഏരിയ സെന്റര്‍ അംഗവുമാണ് കെ. ശ്രീകുമാര്‍. കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പി. ബാബുവാണ് മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മറ്റൊരു വ്യക്തി. സി.പി.ഐ.എം പാളയം ഏരിയാ   കമ്മിറ്റി അംഗമാണ് പി.ബാബു.

സി.പി.ഐ.എം ജില്ലാകമ്മിറ്റി അംഗവും മരാമത്ത് സ്ഥിരം സമിതി അധ്യക്ഷയുമായ എസ്. പുഷ്പലതയാണ് പരിഗണനയിലുള്ള മറ്റൊരു പേര്.

ഇനി ഒരു വര്‍ഷം മാത്രം ഭരണകാലാവധി ഉള്ള സാഹചര്യത്തില്‍ സ്മാര്‍ട്ട് സിറ്റി, കിള്ളിയാര്‍ ശുചീകരണം തുടങ്ങിയ പല പദ്ധതികളും പൂര്‍ത്തിയാക്കാനുണ്ട്.

14251 വോട്ടിനാണ് പ്രശാന്തിന്റെ ജയം. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എല്‍.ഡി.എഫ്,  ഉപതെരഞ്ഞെടുപ്പില്‍ അതിശയിപ്പിക്കുന്ന ജയത്തിലേക്കാണ് എത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ