വിഴിഞ്ഞം സമരം; റോഡ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികള്‍, ചാക്ക ബൈപ്പാസില്‍ ഗതാഗതം സ്തംഭിച്ചു
Kerala News
വിഴിഞ്ഞം സമരം; റോഡ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികള്‍, ചാക്ക ബൈപ്പാസില്‍ ഗതാഗതം സ്തംഭിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th October 2022, 9:51 am

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരായ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികള്‍. ഉപരോധത്തത്തുടര്‍ന്ന് ചാക്ക ബൈപ്പാസില്‍ ഗതാതഗതം സ്തംഭിച്ചിരിക്കുകയാണ്.

അതിരൂപതക്ക് കീഴിലെ ആറ് ഫൊറോനകളുടെ നേതൃത്വത്തിലാണ് സമരം. ആറ്റിങ്ങല്‍, പൂവാര്‍, ഉച്ചക്കട, ചാക്ക, തിരുവല്ലം, സ്റ്റേഷന്‍ കടവ് എന്നിങ്ങനെ ആറ് സ്ഥലങ്ങളിലാണ് റോഡ് ഉപരോധിക്കുന്നത്.

വള്ളങ്ങളും വലകളും ഉള്‍പ്പെടെയാണ് മത്സ്യത്തൊഴിലാളികള്‍ സമരത്തിനെത്തിയിരിക്കുന്നത്. പ്രധാനപ്പെട്ട ഏഴ് ആവശ്യങ്ങളാണ് മത്സ്യത്തൊഴിലാളികള്‍ സര്‍ക്കാരിന് മുന്നില്‍ വെച്ചിരിക്കുന്നത്. ഇതില്‍ ഒരെണ്ണം പോലും പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നാണ് സമരക്കാര്‍ ആരോപിക്കുന്നത്.

ക്രമസമാധാന സ്ഥിതി കണക്കിലെടുത്ത് വിഴിഞ്ഞത്തും മുല്ലൂരിലുമുള്ള ഉപരോധ സമരത്തിന് ജില്ലാ കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് മുദ്രാവാക്യം വിളിയും നിരോധിച്ചിട്ടുണ്ട്. അതിരൂപതയുടെ സമരവും ഇതിനെതിരായ ജനകീയ കൂട്ടായ്മയുടെ പ്രതിഷേധവും സ്ഥലത്ത് ക്രമസമാധാനപ്രശ്നങ്ങള്‍ക്ക് കാരണമാകും എന്നത് കണക്കിലെടുത്താണ് നിരോധനമെന്നും ഉത്തരവില്‍ പറയുന്നു.

നീതി കിട്ടുന്നതുവരെ സമരം തുടരുമെന്നും മത്സ്യത്തൊഴിലാളികള്‍ മുന്നോട്ട് വച്ച ഏഴ് ആവശ്യങ്ങളില്‍ ഒന്ന് പോലും സര്‍ക്കാര്‍ പാലിച്ചില്ലെന്നും സര്‍ക്കാരിന് തികഞ്ഞ ദാര്‍ഷ്ട്യ മനോഭാവമാണെന്നും കഴിഞ്ഞ ദിവസം പള്ളികളില്‍ വായിച്ച സര്‍ക്കുലറില്‍ പറയുന്നു.

തുറമുഖ നിര്‍മാണം മൂലമുള്ള പാരിസ്ഥിതിക സാമൂഹിക ആഘാതങ്ങള്‍ പഠിക്കുന്നതിനായി ലത്തീന്‍ സമരസമിതിയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന ജനകീയ കമ്മീഷനുമായി സഹകരിക്കണമെന്നും സര്‍ക്കുലറില്‍ ആര്‍ച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു.

വിഴിഞ്ഞം തുറമുഖ കവാടത്തിലെ സമരം തുടങ്ങിയതിന് ശേഷം ഇത് അഞ്ചാം തവണയാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപതക്ക് കീഴിലെ പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കുന്നത്.

സമരം 62ാം ദിനത്തിലേക്ക് കടക്കുമ്പോഴാണ് പ്രക്ഷോഭ പരിപാടികള്‍ ശക്തിപ്പെടുത്താനുള്ള ഈ തീരുമാനം ലത്തീന്‍ അതിരൂപത എടുത്തിരിക്കുന്നത്. ബുധനാഴ്ച ജില്ലാ കേന്ദ്രങ്ങളിലും ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ നടത്തും. തുടര്‍ന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സാസ്‌കാരിക സംഗമം നടത്തി പ്രതിഷേധം ശക്തമാക്കാനാണ് സമരസമിതി തീരുമാനം.

Content Highlight: Vizhinjam Strike; Road Bloackade in Thiruvananthapuram