Administrator
Administrator
മമതയുടെ മൂന്നു മുഖങ്ങള്‍ അഥവാ ഉത്കണ്ഠ, വിദ്വേഷം, വിഷാദം
Administrator
Tuesday 3rd May 2011 12:51am

ദര്‍ശനം / സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി

ഭഗവദ്ഗീതയുടെ ഒന്നാം അദ്ധ്യായത്തിന് മനഃശാസ്ത്രപരമായ പ്രാധാന്യം വളരെയുണ്ട്. ഉത്കണ്ഠാ, വിദ്വേഷം, വിഷാദം എന്നീ മൂന്നു മനോഭാവങ്ങളുടെ ഉറവിടം മമതയാണെന്നാണ് ഒന്നാം അദ്ധ്യായം തെളിയിക്കുന്നത്. അക്കാര്യം ധൃതരാഷ്ട്രര്‍= ഉത്കണ്ഠ, ദുര്യോധനന്‍=വിദ്വേഷം, അര്‍ജ്ജുനന്‍=വിഷാദം എന്നിങ്ങനെ രേഖപ്പെടുത്താം. ഇക്കാര്യത്തെക്കുറിച്ച് അല്പം വിശദമായി തന്നെ പറയുവാനാണ് ഇവിടെ ശ്രമിക്കുന്നത്.

പല്ലി ഉത്തരം താങ്ങുന്നു എന്നു ധരിക്കുന്നതുപോലെ ‘രാഷ്ട്രത്തെ ഞാന്‍ ധരിക്കുന്നു’ എന്നു കരുതുന്ന ആളാണ് ധൃതരാഷ്ട്രര്‍. ധൃതരാഷ്ട്രര്‍ എന്ന വാക്കിനര്‍ത്ഥവും അതുതന്നെ. മിക്കവാറും എല്ലാ രാഷ്ട്രീയക്കാരുടേയും ധാരണ ഇക്കാലത്തും അവരാണ് രാഷ്ട്രത്തെ ധരിക്കുന്നത് എന്നാണ്. ഇത്തരം മനോഭാവത്തെയാണ് അഹങ്കാരം എന്നു പറയുന്നത്.

ചിലരുടെ അഹങ്കാരം വിനയത്തില്‍ പൊതിഞ്ഞതായിരിക്കും. ‘ജനങ്ങളുടെ സമരം വിജയിച്ചു’ എന്നവര്‍ പറയുന്നത് ‘അങ്ങുന്ന് നയിച്ചതിനാലാണ് ഞങ്ങള്‍ക്ക് ജയിക്കാനായത്’ എന്നു ജനം തിരിച്ചു പറയുന്നതിനുവേണ്ടിയായിരിക്കും. ഇത്തരക്കാര്‍ക്കാണ് ജനാധിപത്യത്തില്‍ കൂടുതല്‍ വിജയമുണ്ടാവുക. പക്ഷേ, ഇത്തരക്കാരിലും ‘ഞാനാണ് രാജ്യം ഭരിയ്ക്കുന്നത്- എനിയ്‌ക്കേ ഭരിക്കാനാകൂ. എനിയ്ക്കു ഭരിക്കാനാണ് രാജ്യം’ തുടങ്ങിയ അഹങ്കാരമനോഭാവങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ടാകും. ധൃതരാഷ്ട്രര്‍ക്കിത് വളരെ കൂടുതല്‍ ഉണ്ടായിരുന്നു.

ധൃതരാഷ്ട്രരുടെ അഹങ്കാരം കുരുക്ഷേത്രയുദ്ധകാലത്ത് തിരഞ്ഞെടുപ്പുകാലത്തെ രാഷ്ട്രീയനേതാക്കളുടേതുപോലെ ഉത്കണ്ഠാഭരിതമാണ്. സ്വന്തം അഹങ്കാരത്തിനു പോറലേല്‍ക്കുമോ എന്നതാണ് ധൃതരാഷ്ട്രരെ ഉത്കണ്ഠാഭരിതനാക്കുന്നത്. അയാളുടെ ദുര്യോധനന്‍ ഉള്‍പ്പെടെയുള്ള മക്കള്‍ പോര്‍ക്കളത്തിലാണ്. എന്തു സംഭവിക്കും എന്നറിയാന്‍ അയാള്‍ ഉത്കണ്ഠാകുലനാണ്. ദുര്യോധനാദികള്‍ ജയം നേടുമെന്നയാള്‍ക്ക് ഉറപ്പില്ല. ഉറപ്പുള്ളിടത്ത് ഉത്കണ്ഠ ഉണ്ടായിരിക്കില്ല. വലിയ സൈന്യമൊക്കെ ദുര്യോധനനോടൊപ്പമുണ്ട്. പാണ്ഡവരുടേതിനേക്കാള്‍ ഇരട്ടിവലുപ്പം തന്നെ ദുര്യോധനസേനയ്ക്കുണ്ട്. എന്നാല്‍ ഈ എണ്ണക്കൂടുതല്‍കൊണ്ട് വിജയം ഉറപ്പിയ്ക്കാന്‍ ധൃതരാഷ്ട്രര്‍ക്ക് കഴിയുന്നില്ല.

നൂറു പന്നികള്‍ക്ക് ഒരു സിംഹത്തിനു മുന്നില്‍ എന്തു ചെയ്യാനാകും? അതിനാല്‍ അന്ധനായ ധൃതരാഷ്ട്രര്‍ യുദ്ധരംഗത്തു നടക്കുന്നതെല്ലാം നേരിട്ടറിഞ്ഞ് കടുകിട ചോരാതെ തന്നെ പറഞ്ഞുകേള്‍പ്പിക്കുവാന്‍ ഏര്‍പ്പെടുത്തുന്നു. ഈ നിലയില്‍ സഞ്ജയന്‍ ആദ്യത്തെ യുദ്ധകാര്യ ലേഖകനാണെന്നു പറയാം. ആ റിപ്പോര്‍ട്ടിങിനിടയിലാണ് കൃഷ്ണാര്‍ജ്ജുനസംവാദമായ ഭഗവത്ഗീതയും രേഖപ്പെടുത്തുന്നത്.

‘മാമക: പാണ്ഡവാശ്ചൈവ
കിമകൂര്‍വ്വത സഞ്ജയ..?’ (ഗീത: അദ്ധ്യായം I ശ്ലോകം I)
എന്നാണു ധൃതരാഷ്ട്രരുടെ അന്വേഷണം. ‘മാമകഃ’ എന്ന പ്രയോഗം ‘എന്റെ ആളുകള്‍’ എന്ന അര്‍ത്ഥത്തിലുള്ളതാണ്. ധൃതരാഷ്ട്രരുടെ ‘എന്റെ’ എന്നതില്‍ സഹോദരപുത്രന്മാരായ പാണ്ഡവര്‍ ഇല്ല; അവിടെ ദുര്യോധനാദിയായ സ്വന്തം മക്കള്‍ മാത്രമേയുള്ളു. ഇതു തീര്‍ത്തും മക്കള്‍മമതയുടെ ഭാഷയാണ്. തനിയ്ക്കുശേഷം തന്റെ മകനായ ദുര്യോധനനേ നാടു വാഴാവൂ എന്നതിലൂന്നിയ മമതയാണ് ധൃതരാഷ്ട്രരുടേത്.

ഈ നിലയില്‍ ഇന്ദിരാഗാന്ധി, കെ.കരുണാകരന്‍, കരുണാനിധി എന്നിങ്ങനെയുള്ള ആധുനിക രാഷ്ട്രീയനേതാക്കളില്‍ നമ്മള്‍ ഒരു കുറ്റമായി കാണുന്ന ‘മക്കള്‍ രാഷ്ട്രീയ’ത്തിന്റെ പൂര്‍വ്വപിതാമഹനാണ് മഹാഭാരതേതിഹാസത്തിലെ ധൃതരാഷ്ട്രര്‍ എന്നു പറയാം. ‘തനിയ്ക്കുശേഷം മക്കളേ നാടു ഭരിയ്ക്കാവൂ’ എന്നതാണ് അയാളുടെ നിലപാട്. ഇതല്ലേ മക്കള്‍ രാഷ്ട്രീയം..? കുരു-പാണ്ഡവയുദ്ധം അടുത്ത ഭരണാധികാരി ആരെന്നുറപ്പിക്കാനുള്ള അക്കാലത്തെ സങ്കേതമാണ്. യുദ്ധം ജയിച്ചവര്‍ക്ക് രാജ്യം തോറ്റവര്‍ക്ക് വീരസ്വര്‍ഗ്ഗം. ഇതാണ് ആ രീതിയുടെ അടിസ്ഥാനസ്വഭാവം.

ഇവിടെയാണു ധൃതരാഷ്ട്രര്‍ ഉത്കണ്ഠാഭരിതനാകുന്നത്. യുദ്ധം ജയിച്ച് സ്വന്തം മക്കള്‍ ഭൂമി വാഴുമോ..? ഇതാണ് അയാളെ ഭരിയ്ക്കുന്ന ഉത്കണ്ഠ. ഓരോ തിരഞ്ഞെടുപ്പുകാലത്തും കരുണാകരന്മാരും കരുണാനിധിമാരും മുരളി, പത്മജ, സ്റ്റാലിന്‍, കനിമൊഴി എന്നിങ്ങനെയുള്ള മക്കള്‍ക്കുവേണ്ടി പ്രകടിപ്പിക്കുക പതിവുള്ള ഉത്കണ്ഠയ്ക്കു സമാനമാണിത്. മക്കള്‍ രാഷ്ട്രീയക്കാര്‍ക്ക് സഹജമായ ഉത്കണ്ഠയാണിത്. മക്കള്‍ മമതയില്‍നിന്ന് ഉത്ഭൂതമായ ധൃതരാഷ്ട്രരുടെ ഉത്കണ്ഠ അവതരിപ്പിച്ചുകൊണ്ടാണ് ഭഗവത്ഗീതയിലെ ഒന്നാം അദ്ധ്യായം ആരംഭിക്കുന്നത്.

അച്ഛനുശേഷം മകന്‍ എന്ന മട്ടില്‍ ഗീതയുടെ ഒന്നാം അദ്ധ്യായത്തില്‍ ധൃരാഷ്ട്രര്‍ക്കുശേഷം സംസാരിച്ചുകാണുന്നത് ദുര്യോധനനാണ്. കുരുക്ഷേത്രയുദ്ധം ജയിച്ചാല്‍ നാടുവാഴേണ്ട ധൃതരാഷ്ട്രരുടെ മൂത്ത പുത്രനാണ് അയാള്‍. താനാണ് മഹാരാജാവ് എന്ന ഭാവം ഇപ്പോഴേ അയാള്‍ക്കുണ്ട്. അതിനാല്‍ അയാള്‍ സംസാരിക്കുന്നത് കടുത്ത അഹങ്കാരത്തിന്റെ ഭാഷയാണ്. ‘എനിയ്ക്കുവേണ്ടി ചാകാന്‍ തയ്യാറായവര്‍’ എന്നര്‍ത്ഥം വരുന്ന ‘മദര്‍ത്ഥേത്യക്തജീവിത:’ എന്ന പ്രയോഗത്തോടെയാണ് ദുര്യോധനന്‍ ഇരുപക്ഷത്തേയും യുദ്ധവീരന്മാരെപ്പറ്റിയുള്ള സ്വന്തം നിരീക്ഷണങ്ങള്‍ ഉപസംഹരിക്കുന്നത്.

എന്നുവെച്ചാല്‍, ഭീഷ്മരും, ഗുരുവായ ദ്രോണരും, കര്‍ണ്ണനും കൃപരും, അശ്വത്ഥാമാവും, വികര്‍ണ്ണനും സൗമദത്തിയും, ജയദ്രഥനും ഒക്കെ തനിയ്ക്കുവേണ്ടി തല്ലി ചാവാന്‍ തയ്യാറുള്ള ‘ഗുണ്ട’കളാണെന്നാണ് ദുര്യോധനന്‍ പറയാതെ പറയുന്നത്. അതിലപ്പുറം അവരുടെ വ്യക്തി മാഹാത്മ്യമൊന്നും ദുര്യോധനന്‍ പരിഗണിക്കുന്നേയില്ല. ഇതിലപ്പുറം അഹങ്കാരം മുറ്റിയ മനോനില വേറെയുണ്ടോ?

യുദ്ധംകൊണ്ട് ഉണ്ടായേക്കാവുന്ന കെടുതികളെക്കുറിച്ചോ അതിന്റെ വരുംവരായ്കകളെക്കുറിച്ചോ തെല്ലിട ചിന്തിക്കാന്‍പോലും സ്വന്തം അധികാരമോഹം ദുര്യോധനനെ പ്രാപ്തനാക്കുന്നില്ല. ദുര്യോധനന്‍ ഉള്‍പ്പടെയുള്ള നൂറു ആങ്ങളമാര്‍ക്ക് ഒരു പെങ്ങളേയുള്ളൂ; ദുശള. ദുശളയുടെ ഭര്‍ത്താവാണ് ജയദ്രഥന്‍. ജയദ്രഥന്‍ യുദ്ധത്തില്‍ മരിച്ച് സ്വസഹോദരി വിധവയാകുമോ എന്ന ആശങ്കപോലും ദുര്യോധനനെ അലട്ടുന്നില്ല. സ്വന്തം അധികാരം എന്നതിനപ്പുറം മറ്റൊന്നിനും ഇടമില്ലാത്ത ഒരു തികഞ്ഞ അധികാരമോഹിയാണു ദുര്യോധനന്‍ എന്നു ഇതുതന്നെ തെളിയിക്കുന്നു.

സ്വന്തം അധികാരത്തെ അലട്ടുന്നവരോടെല്ലാം ദുര്യോധനനു വിദ്വേഷമാണ്, പകയാണ്. പാണ്ഡവര്‍ തനിയ്ക്കു ഭീഷണിയാണെന്നതിനാല്‍ അവരൊടുങ്ങണം. അതിനുവേണ്ടി സ്വന്തം സഹോദരിഭര്‍ത്താവുള്‍പ്പടെ ആരു പൊരുതിച്ചത്താലും അയാള്‍ക്ക് പ്രശ്‌നമല്ല. അധികാരമമതയുടെ സേനയുടെയും ബന്ധുക്കളുടെയും ഇടയില്‍ നില്‍ക്കുമ്പോഴും ദുര്യോധനനെ വിദ്വേഷഭരിതനാക്കുന്നേയുള്ളൂ അധികാരനഷ്ടമല്ലാതെ മറ്റൊന്നും അയാളെ അലട്ടുന്നില്ല.

എന്നാല്‍ സേനയുടെയും ബന്ധുക്കളുടെയും ഇടയില്‍വെച്ച് അര്‍ജ്ജുനന്‍ ഉണ്ടാക്കുന്നത് ശരീരം തളര്‍ത്തുന്ന, നാക്കുവരട്ടുന്ന, വിഷാദമാണ്. ‘എന്നോടു പൊരുതുവാന്‍ ഉറച്ചുവന്നെത്തിയിരിക്കുന്നവര്‍ ആരാണെന്നു ഞാനൊന്നു കാണട്ടെ- അതിനാല്‍ രഥം യുദ്ധക്കളത്തിന്റെ നടുവില്‍ നിര്‍ത്തുക എന്നൊക്കെ പറഞ്ഞാണ് അര്‍ജ്ജുനന്‍ ആരംഭിക്കുന്നത്. ഈ ഭാഷയില്‍ ഞാന്‍ ലോകൈകധനുര്‍ദ്ധരനാണ്. എന്നെ ജയിക്കാന്‍ ഇന്ദ്രനും സാദ്ധ്യമല്ല; പരമശിവനും സാദ്ധ്യമല്ല; തുടങ്ങിയ അഹങ്കാരമൊക്കെയുണ്ട്. സ്വന്തം കഴിവിനെ പ്രതിയുള്ള അഹങ്കാരമാണിത്. പക്ഷേ, കൗരവ-പാണ്ഡവ പക്ഷത്ത് പൊരുതുവാന്‍ തയ്യാറെടുത്തു നില്‍ക്കുന്നവരെ കണ്ടപ്പോള്‍ അര്‍ജ്ജുനന്റെ മനസ്സ് ഉലഞ്ഞു.

ഇത്തിരി മണ്ണിനുവേണ്ടി സഹോദരങ്ങളേയും, ഗുരുക്കന്മാരേയും, കാരണവരേയും എല്ലാം കൊല്ലുന്ന യുദ്ധം നീചമാണെന്ന് അയാള്‍ക്ക് തോന്നി. രക്തബന്ധുക്കളുടെ രക്തത്തില്‍ കുതിര്‍ന്ന രാജഭോഗം മരിച്ചാലും ആശാസ്യമല്ലെന്നയാള്‍ പ്രഖ്യാപിച്ചു. അതിന്റെ വിഷാദത്തില്‍ അര്‍ജ്ജുനന്‍ വില്ലു താങ്ങാനാവാതെ തളര്‍ന്നിരുന്നു. ഇവിടെ ശ്രദ്ധിക്കേണ്ടൊരു കാര്യം അര്‍ജ്ജുനന്റെ ‘എന്റെ ജനങ്ങള്‍’ എന്നതില്‍ കൗരവരും ഉണ്ടായിരുന്നു എന്നതാണ്. ധൃതരാഷ്ട്രരിലും ദുര്യോധനനിലും ‘എന്റെ’ എന്ന ഭാവം ഉണ്ടായിരുന്നു; പക്ഷേ, അതില്‍ പാണ്ഡവര്‍ ഉണ്ടായിരുന്നില്ല. ഇവിടെയാണ് അര്‍ജ്ജുനവിഷാദം ധൃതരാഷ്ട്രരുടെ ഉത്കണ്ഠയേക്കാളും ദുര്യോധനന്റെ വിദ്വേഷത്തേക്കാളും സര്‍ഗ്ഗാത്മകമാകുന്നത്. ഗീത കേള്‍ക്കാനുള്ള അര്‍ഹത അയാള്‍ക്കുണ്ടായതും അതുകൊണ്ടാണ്.

ശക്തിബോധി പരിചയക്കുറിപ്പ്:

1970ല്‍ തൃശ്ശൂര്‍ജില്ലയിലെ താലോരില്‍ ജനിച്ചു. അച്ഛന്‍ വടക്കേക്കര വീട്ടില്‍ രാമന്‍നായര്‍ അമ്മ ചെറാട്ടുവീട്ടില്‍ സരോജനിയമ്മ. തലോര്‍ ദീപ്തി ഹൈസ്‌കൂള്‍, അയ്യന്തോള്‍ ഗവ: ഹൈസ്‌കൂള്‍, ഇന്ത്യന്‍ ആര്‍ട്‌സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മധുരൈ കാമരാജ് യൂനിവേഴ്‌സിറ്റിയില്‍നിന്നു ഫിലോസഫി & റിലീജ്യന്‍ എന്ന വിഷയത്തില്‍ മാസ്റ്റര്‍ ബിരുദം. മഹര്‍ഷി മഹാകവി കൃഷ്ണകുമാറിന്റെ കീഴില്‍ ഗുരുകുലമുറയില്‍ വേദോപനിഷത്തുകളിലും തന്ത്രമന്ത്രശാസ്ത്രങ്ങളിലും പഠനം നടത്തി. 1999ല്‍ മുംബൈയിലെ അന്തേരിയിലുള്ള അഢ്മാര്‍മഠത്തിലെ വൈദികക്രീയകള്‍ക്കുശേഷം സി.രാമചന്ദ്രന്‍ സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി എന്ന പേരില്‍ സന്ന്യാസം സ്വീകരിച്ചു.

2008ല്‍ ബ്രഹ്മാനന്ദസ്വാമി ശിവയോഗി സിദ്ധാശ്രമത്തില്‍ യോഗപട്ടദാനം നേടി അന്തേവാസിയായി. സാരാഗ്രഹി മാസികയുടെ പത്രാധിപരായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ എതിര്‍ദിശ മാസികയുടെ പ്രവര്‍ത്തനസമിതിയില്‍ ചീഫ് കോഓര്‍ഡിനേറ്റര്‍. ഇടതുപക്ഷഹിന്ദുത്വം ഒരു ആമുഖം, അമൃതാനന്ദമയിയും മയിലമ്മയും തുടങ്ങിയ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും നൂറിലേറെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അറിയപ്പെടുന്ന പ്രഭാഷകനാണ്. രാജയോഗത്തെ അടിസ്ഥാനമാക്കി മാനസീകപ്രശ്‌നങ്ങള്‍ക്ക് കൗണ്‍സിലിങ്ങ് നടത്താറുണ്ട്.

E-mail: shakthibodhiviswa@gmail.com
Mob: 9495320311

Advertisement