ദര്‍ശനം / സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി
വിഷാദ(depression)ത്തെ ഒരു രോഗമായാണ് ആധുനിക മന:ശാസ്ത്രം കാണുന്നത്. അതുകൊണ്ടു തന്നെ വിഷാദരോഗത്തെ ചികിത്സിക്കുന്നതിനെ പ്രതി ധാരാളം വരുമാനവും സൈക്കാട്രിസ്റ്റുകളും സൈക്കോളജിസ്റ്റുകളും നേടുന്നുമുണ്ട്. അതുകൊണ്ട് തന്നെ വിഷാദരോഗികളുടെ എണ്ണം കുറയുന്ന സമൂഹം മന:ശാസ്ത്രമേഖലയിലുള്ളവരുടെ വരുമാനം കുറയ്ക്കുകയും അതുവഴി മന:ശാസ്ത്രജ്ഞരെ വിഷാദഭരിതരാക്കുകയും ചെയ്‌തേക്കാം.
മന:ശാസ്ത്രജ്ഞര്‍ ആഹ്ലാദഭരിതരായിരിക്കുവാന്‍ ഭൂരിപക്ഷം ആളുകളും വിഷാദരോഗികള്‍ ആകേണ്ടതുണ്ട്. വിഷാദം വളര്‍ത്തുന്ന ഒരു വ്യവസ്ഥിതിയാണ് “വികസന”മെന്ന പേരില്‍ ഇവിടെ വളര്‍ന്നുകൊണ്ടിരിക്കുന്നത് എന്നതിനാല്‍ അടുത്തക്കാലത്തൊന്നും മന:ശാസ്ത്രജ്ഞര്‍ക്ക് നിരാശപ്പെടേണ്ടി വരില്ല. വിളിയ്ക്കുന്ന ഒരാള്‍ പരിധിക്കുപുറത്താണെന്ന സന്ദേശം കേള്‍ക്കുമ്പോള്‍ പോലും “ശ്ലെ” എന്നു പറഞ്ഞ് നിരാശാഭരിതരാകുവാന്‍ കഴിയുന്ന ഒരു അവസ്ഥയാണ് “മൊബൈല്‍ഫോണു”കള്‍ മനുഷ്യനിവിടെ ഉണ്ടാക്കികൊടുത്തിരിക്കുന്നത്.
അതിനാല്‍ വിഷാദരോഗികളുടെ എണ്ണം കുറയില്ല; മന:ശാസ്ത്രജ്ഞരുടെ വരുമാനവും കുറയില്ല. ഒരു രാഷ്ട്രം എത്ര വികസിതമാണോ അത്രയും വിഷാദരോഗികള്‍ കൂടുതലായിരിക്കും. അമേരിക്ക ഉള്‍പ്പെടെയുള്ള വികസിതരാഷ്ട്രങ്ങള്‍ ഇക്കാര്യം തെളിയിച്ചിട്ടുണ്ട്. വിവാഹമോചനത്തിനു വക്കാലത്തു പറയാനുള്ള വക്കീലും വിഷാദം ഉള്‍പ്പെടെയുള്ള മനോരോഗങ്ങള്‍ക്ക് ചികിത്സ നടത്താനുള്ള മന:ശാസ്ത്രജ്ഞനും എല്ലാവര്‍ക്കും കാറുള്ള അമേരിക്കയില്‍ ഓരോരുത്തര്‍ക്കും ഉണ്ടെന്നാണ് പറയപ്പെടുന്നത്-അതിനാല്‍ ഇന്ത്യ അമേരിക്കയെപ്പോലെ ആയാല്‍ മന:ശാസ്ത്രജ്ഞന്മാര്‍ക്ക് കീശവീര്‍പ്പിക്കാം.
എന്നാല്‍, ഭഗവദ്ഗീതയുടെ ഭാരതത്തിന് അമേരിക്കയെ പോലെയാകുവാന്‍ കഴിയുമോ എന്നു ചിന്തിക്കേണ്ടതുണ്ട്-തീര്‍ത്തും അമേരിക്കയാവാന്‍ ഭാരതത്തിന് ആകില്ല. എന്തെന്നാല്‍ ഭഗവദ്ഗീത വിഷാദത്തെ രോഗമായല്ല; യോഗമായാണ് കാണുന്നത്-ഗീതയുടെ ഒന്നാം അദ്ധ്യായത്തിനു വിശാലബുദ്ധിയായ വ്യാസമാമുനി നല്‍കിയ പേര് അര്‍ജ്ജുനവിഷാദരോഗം എന്നല്ല; അര്‍ജ്ജുനവിഷാദയോഗം എന്നാണ്.
ആധുനിക മന:ശാസ്ത്രജ്ഞരോളം വിവരം ഇല്ലാത്തതുകൊണ്ടാണോ വ്യാസന്‍ അര്‍ജ്ജുനവിഷാദത്തെ യോഗം എന്നു വിശേഷിപ്പിച്ചത്? ആണെന്നുറപ്പുണ്ടെങ്കില്‍ അതെ എന്നു പറയാനുള്ള ധൈര്യം മന:ശാസ്ത്രജ്ഞര്‍ കാണിക്കണം. അല്ലെങ്കിലോ വ്യാസന്‍ എന്തുകൊണ്ട് വിഷാദത്തെ യോഗമെന്നു വിളിച്ചെന്നു പരിശോധിക്കുവാന്‍ അവര്‍ മുന്നോട്ടുവരണം.
രോഗത്തിന്റെ പൊതു ലക്ഷണം അതു മനുഷ്യനെ കഴിവതും എല്ലാറ്റില്‍നിന്നും അകന്നിരിക്കുവാന്‍ പ്രേരിപ്പിക്കുകയോ നിര്‍ബന്ധിതനാകുകയോ ചെയ്യും എന്നതാണ്. ഒരു ചെറിയ തലവേദന വന്നാല്‍ ഹണിമൂണ്‍ കാലത്താണെങ്കില്‍ പോലും സ്ത്രീ പുരുഷനില്‍ നിന്നും പുരുഷന്‍ സ്ത്രീയില്‍ നിന്നും “ശല്യപ്പെടുത്തരുതേ എന്ന അഭ്യര്‍ത്ഥനയോടെ അകന്നിരിക്കും-കുഷ്ഠമോ ക്ഷയമോ എയ്ഡ്‌സോ ബാധിച്ചവരെ ആളുകളോട് ചേര്‍ന്നിരിക്കുവാന്‍ അനുവദിക്കുക പതിവില്ല. അത്തരം രോഗികളോട് ഇടപഴകി കഴിയുവാന്‍ ഫാദര്‍ ഡാമിയന്റേയോ മദര്‍തെരേസയുടേയോ വീണാധരിയുടേയോ ആത്മബാധയുള്ള അപൂര്‍വ്വം വ്യക്തികള്‍ക്കേ ആര്‍ജ്ജവം ഉണ്ടാകൂ-അത്തരക്കാരല്ലല്ലോ ഭൂരിപക്ഷവും!അതിനാലാണ് രോഗത്തിന്റെ പൊതുലക്ഷണം അകല്‍ച്ചയുണ്ടാക്കലാണ് എന്നു പറഞ്ഞത്.
ഈ അര്‍ത്ഥത്തില്‍ ജാതീയത ഒരു രോഗമാണ്. എന്തെന്നാല്‍ അതു മനുഷ്യനെ പരസ്പരം അകറ്റുന്നു-വെള്ളാപ്പള്ളിയേയും സുകുമാരന്‍നായരേയും പരസ്പരം അകറ്റുന്നത് ഈഴവ-നായര്‍ ജാതീയതയാണ്. പ്രണയത്താല്‍ പരസ്പരം അടുത്തവരെ കൊന്നുകൊണ്ട് ആ ചേര്‍ച്ചയെ ഇല്ലാതാക്കുന്ന ഉത്തരേന്ത്യയിലെ അഭിമാനഹത്യകള്‍ക്കു പിന്നിലുള്ളതും ജാതീയതയാണ്. മനുഷ്യരെ ചേര്‍ച്ചയില്‍നിന്നു വിലക്കുന്ന ജാതീയത ഒരു രോഗമാണ്. മതവും മറ്റൊരു രോഗമാണ്. എന്തെന്നാല്‍ അതും ചേര്‍ച്ചയെ തടയുന്നു.
ചേര്‍ച്ചയെ തടയുന്ന, അകറ്റിനിറുത്തല്‍ സ്വഭാവമായ, ഏതൊന്നും രോഗമാണ്. യോഗം എന്ന വാക്കിനര്‍ത്ഥം തന്നെ ചേര്‍ച്ച എന്നാണ്. അത് അകറ്റുന്നില്ല അടുപ്പിക്കുന്നേയുള്ളൂ-വിഷാദം യോഗമാണെന്നു വ്യാസമാമുനി എന്തുകൊണ്ടു ഭഗവദ്ഗീതയിലൂടെ പ്രഖ്യാപിച്ചു എന്നറിയണമെങ്കില്‍ കുരുക്ഷേത്രയുദ്ധഭൂമിയില്‍വെച്ച് അര്‍ജ്ജുനനുണ്ടായ വിഷാദം അര്‍ജ്ജുനനെ എന്തിനോടാണ് ചേര്‍ത്തത് എന്നറിയണം. ആ വഴിയെ ചിലതു ചിന്തിച്ചുനോക്കാം.
നരനെ നാരായണനോടു ചേര്‍ക്കുന്ന വിഷാദമായിരുന്നു അര്‍ജ്ജുനന്റേത്. വ്യക്തിപ്രതിഭയെ വിശ്വശക്തിയുമായി ചേര്‍ക്കുന്ന ഒരു ചൂടുപിടിച്ച അവസ്ഥയായിരുന്നു അത്. അത്തരം വിഷാദം ആരേയും ബാധിച്ചില്ലായിരുന്നെങ്കില്‍ ഒരു വാല്മീകിയോ ഒരു ബുദ്ധനോ യേശുക്രിസ്തുവോ മുഹമ്മദ്‌നബിയോ കാറല്‍മാര്‍ക്‌സോ മനുഷ്യര്‍ക്കിടയില്‍ സംഭവിക്കില്ലായിരുന്നു-തനിയ്‌ക്കെന്ത് സംഭവിക്കും എന്ന ആധിയല്ല അര്‍ജ്ജുനനെ വിഷാദഭരിതനാക്കിയത്-കൗരവര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ബന്ധുക്കള്‍ക്കും യുദ്ധം ഉണ്ടാക്കിയേക്കാവുന്ന വിഷമതകളാണ് അര്‍ജ്ജുനനെ വിഷാദഭരിതനാക്കിയത്.
അന്യനുവേണ്ടി ഉരുകുന്ന ഉള്ളമുള്ളവര്‍ക്കേ ഈ വിഷാദം ഉണ്ടാകൂ. അതിലൂടെ ഉരുകിത്തെളിയുന്ന മനസ്സിലേ എല്ലാവര്‍ക്കും വേണ്ടി എല്ലാറ്റിലൂടേയും പ്രവര്‍ത്തിക്കുന്ന വിശ്വശക്തിയുടെ കര്‍മ്മയോഗജ്ഞാനസാരം തെളിയൂ- ഭഗവദ്ഗീത വിഷാദത്തിലൂടെ ഉരുകിത്തെളിഞ്ഞ അര്‍ജ്ജുന മനസ്‌കരെയാണ് വിശ്വശക്ത്യാവബോധത്തോടു ചേര്‍ന്നുനില്‍ക്കുവാന്‍ ക്ഷണിക്കുന്നത്.
ശക്തിബോധി പരിചയക്കുറിപ്പ്:
1970ല്‍ തൃശ്ശൂര്‍ജില്ലയിലെ താലോരില്‍ ജനിച്ചു. അച്ഛന്‍ വടക്കേക്കര വീട്ടില്‍ രാമന്‍നായര്‍ അമ്മ ചെറാട്ടുവീട്ടില്‍ സരോജനിയമ്മ. തലോര്‍ ദീപ്തി ഹൈസ്‌കൂള്‍, അയ്യന്തോള്‍ ഗവ: ഹൈസ്‌കൂള്‍, ഇന്ത്യന്‍ ആര്‍ട്‌സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മധുരൈ കാമരാജ് യൂനിവേഴ്‌സിറ്റിയില്‍നിന്നു ഫിലോസഫി & റിലീജ്യന്‍ എന്ന വിഷയത്തില്‍ മാസ്റ്റര്‍ ബിരുദം. മഹര്‍ഷി മഹാകവി കൃഷ്ണകുമാറിന്റെ കീഴില്‍ ഗുരുകുലമുറയില്‍ വേദോപനിഷത്തുകളിലും തന്ത്രമന്ത്രശാസ്ത്രങ്ങളിലും പഠനം നടത്തി. 1999ല്‍ മുംബൈയിലെ അന്തേരിയിലുള്ള അഢ്മാര്‍മഠത്തിലെ വൈദികക്രീയകള്‍ക്കുശേഷം സി.രാമചന്ദ്രന്‍ സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി എന്ന പേരില്‍ സന്ന്യാസം സ്വീകരിച്ചു.
2008ല്‍ ബ്രഹ്മാനന്ദസ്വാമി ശിവയോഗി സിദ്ധാശ്രമത്തില്‍ യോഗപട്ടദാനം നേടി അന്തേവാസിയായി. സാരാഗ്രഹി മാസികയുടെ പത്രാധിപരായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ എതിര്‍ദിശ മാസികയുടെ പ്രവര്‍ത്തനസമിതിയില്‍ ചീഫ് കോഓര്‍ഡിനേറ്റര്‍. ഇടതുപക്ഷഹിന്ദുത്വം ഒരു ആമുഖം, അമൃതാനന്ദമയിയും മയിലമ്മയും തുടങ്ങിയ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും നൂറിലേറെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അറിയപ്പെടുന്ന പ്രഭാഷകനാണ്. രാജയോഗത്തെ അടിസ്ഥാനമാക്കി മാനസീകപ്രശ്‌നങ്ങള്‍ക്ക് കൗണ്‍സിലിങ്ങ് നടത്താറുണ്ട്.
E-mail: shakthibodhiviswa@gmail.com
Mob: +91- 8714465149, 9495320311

