Administrator
Administrator
ശ്രീകൃഷ്ണന്‍ എന്ന ന്യൂനപക്ഷസംരക്ഷകന്‍
Administrator
Sunday 29th May 2011 11:15pm

ദര്‍ശനം / സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി

കുരു-പാണ്ഡവന്മാര്‍ തമ്മില്‍ നടന്ന കുരുക്ഷേത്രയുദ്ധത്തിനുചരിത്രപരമായ വസ്തുനിഷ്ഠതയില്ലെന്ന് ഡി.ഡി.കൊസാംബിയെപ്പോലുള്ളവര്‍ തെളിയിച്ചിട്ടുണ്ട്. പക്ഷേ, ചരിത്രത്തെ നിര്‍ണ്ണയിക്കുന്നതും രൂപപ്പെടുത്തുന്നതും ശ്രീബുദ്ധന്‍, മുഹമ്മദ് നബി, ഗുരുനാനാക്ക്, കാറല്‍ മാര്‍ക്‌സ്, മഹാത്മാഗാന്ധി, അഡോള്‍ഫ് ഹിറ്റ്‌ലര്‍ തുടങ്ങി ജീവിച്ചിരുന്ന വ്യക്തികള്‍ മാത്രമല്ല. ഇന്ത്യന്‍ ദര്‍ശനത്തിന്റെ ശൈലിയില്‍ പറഞ്ഞാല്‍ പ്രത്യക്ഷം മാത്രമല്ല ചരിത്രഗതികളെ സ്വാധീനിക്കുന്നത്.

ദൈവം ഉണ്ടെന്ന് അണ്ണാഹസാരെ ഉണ്ടെന്നപോലെയോ സ്വര്‍ഗ്ഗം ഉണ്ടെന്ന് ന്യൂയോര്‍ക്ക് ഉണ്ടെന്നതുപോലെയോ നരകമുണ്ടെന്ന് ഫുക്കുഷിമ ഉണ്ടെന്നതുപോലെയോ ഇന്നോളം ആര്‍ക്കും തെളിയിക്കുവാനായിട്ടില്ല. (തെളിയിക്കാനായിട്ടുണ്ടെന്ന് ആരെങ്കിലും തെളിയിച്ചാല്‍ മേലെഴുതിയതുതിരുത്തും) ഇങ്ങിനെ വസ്തുനിഷ്ഠമായി തെളിയിക്കാനാകാത്തതെങ്കിലും ദൈവവും സ്വര്‍ഗ്ഗ-നരകവിശ്വാസങ്ങളും മനുഷ്യചരിത്രത്തെ എത്രയോ അഗാധമായി സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോഴും മനുഷ്യജീവിതത്തെ അതൊക്കെ സ്വാധീനിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

mother-teresaമദര്‍തെരസയുടെ മനസ്സിലെ ക്രിസ്തുവിനു ജീവിക്കുവാനോ മാധവിക്കുട്ടിയുടെ മനസ്സിലെ കൃഷ്ണുജീവിക്കുവാനോ ക്രിസ്തുവും കൃഷ്ണനും യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്നുവോ ഇല്ലയോ എന്ന ചരിത്രപരമായ തര്‍ക്കവിഷയത്തില്‍ തീര്‍പ്പ് ഉണ്ടാകേണ്ടതില്ല. ഇതു കണക്കിലെടുത്തു ചിന്തിക്കുമ്പോള്‍ ”ജനമനസ്സ് സ്വീകരിച്ചു കഴിഞ്ഞാല്‍ ആശയവും ഒരു ഭൗതികശക്തിയാണ്” എന്ന കാറല്‍മാര്‍ക്‌സിന്റെ നിരീക്ഷണം അനിഷേധ്യമാണെന്നു ബോധ്യപ്പെടും. അതിനാല്‍ ഭഗവദ്ഗീതോപദേശം നടന്നതായി പറയുന്ന കുരുക്ഷേത്രത്തിലെ യുദ്ധവും അതില്‍ പങ്കെടുത്തവരും ശരിക്കും അങ്ങിനെ തന്നെ സംഭവിച്ചിരുന്നോ ഇല്ലയോ എന്നതിനേക്കാള്‍ അതൊക്കെ ജനമനസ്സിനെ സ്വാധീനിക്കുകയും അതുവഴി യുദ്ധം ഉള്‍പ്പെടെയുള്ള ജീവിതയാഥാര്‍ത്ഥ്യങ്ങളോടുള്ള സമീപനത്തെ പരുവപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നതാണ് പ്രധാനം.

ഈ നിലയില്‍ ജനങ്ങളെ ഇന്ത്യയില്‍ മനുസ്മൃതിയേക്കാള്‍ കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളത് കൃഷ്ണും ഭഗവദ്ഗീതയുമാണ്. ഈ മന:ശാസ്ത്രപരമായ വസ്തുതയെ തീര്‍ത്തും അവഗണിച്ചുകൊണ്ടാണ് ഭഗവദ്ഗീതയേക്കാള്‍ മനുസ്മൃതിയെ ഹിന്ദുക്കളുടെ യുദ്ധത്തോടുള്ള സമീപനത്തെ അവതരിപ്പിക്കുവാനായി മൗദൂദി തെരഞ്ഞെടുത്തത് എന്നത് തെറ്റ് എന്നതിനേക്കാള്‍ ഒരു വസ്തുതയാണ്. വസ്തുതകളെ നാം എന്തിനാണു ഭയപ്പെടുന്നത്..?

ഒരു തെറ്റും ഒരു കാര്യത്തിലും സംഭവിക്കാത്ത സമ്പൂര്‍ണ്ണനായ ഒരു മനുഷ്യന്‍ അസംഭവ്യമാണെന്നിരിക്കേ, മൗദൂദിക്ക് ഒരു വിഷയത്തിലൊരു തെറ്റുപ്പറ്റി എന്നു പറയുമ്പോഴേക്കും നാം എന്തിനാണ് ന്യായീകരണത്തിന്റെ വായ്ത്താരികളുമായി ചാടിപ്പുറപ്പെടുന്നത്? മൗദൂദി ഒരു വിഷയത്തിലും യാതൊരു തെറ്റും സംഭവിക്കാത്തവിധം സര്‍വ്വജ്ഞനും പരിപൂര്‍ണ്ണനും ആയിരുന്നോ? എങ്കില്‍ അദ്ദേഹത്തിനു വിദൂരനമസ്‌ക്കാരം! എന്തെന്നാല്‍ ഒരു കാര്യത്തിലും ഒരു തെറ്റും പറ്റാത്ത ഒരു മനുഷ്യനോടു ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെടുവാനുള്ള സമ്പൂര്‍ണ്ണത ഈ ലേഖകനിലെ പാവം മനുഷ്യന് ഇല്ലെന്നു സമ്മതിച്ചുകൊള്ളട്ടെ.

ലോകമെമ്പാടുമുള്ള ബഹുഭൂരിപക്ഷം മനുഷ്യര്‍, അവലംബിച്ചുവരുന്ന വിശ്വാസമതങ്ങളുടെ വീക്ഷണപ്രകാരം, മനസ്സുകൊണ്ട് ചെയ്യുന്നതും വിധിദിനത്തില്‍ കണക്കുപറയേണ്ട കര്‍മ്മങ്ങളാണ്. സഹോദരഭാര്യയെപ്പറ്റി ‘എന്തൊരു ചുണ്ട്’ ‘എന്തൊരു മാറ്’ ‘എന്തൊരു നിതംബം’ എന്നിങ്ങനെ ചിന്തിച്ച് വികാരം കൊള്ളുന്നത് ഒരുതരം മാനസികസംഭോഗവും; അവിഹിതമായതിനാല്‍ വ്യഭിചാരവും ആണ്.

ഈ മാനസിക വ്യഭിചാരത്തിന് മരണാനന്തരജീവിതത്തില്‍ ശിക്ഷയുണ്ടെങ്കില്‍, തീര്‍ച്ചയായും മനസ്സിനകത്തുനടക്കുന്ന യുദ്ധത്തിനും കണക്കു പറയേണ്ടതുണ്ട്. ഈ നിലയില്‍ പരിശോധിച്ചാല്‍ ഭഗവദ്ഗീത അര്‍ജ്ജുനനെ യുദ്ധോദ്ധ്യുക്തനാക്കിയത് അകത്തെ ശത്രുവിനെകൊല്ലാനാണെങ്കിലും പുറത്തു ശത്രുവിനെ കൊല്ലാനാണെങ്കിലും യുദ്ധത്തിനു പ്രേരിപ്പിക്കല്‍ തന്നെയാണ്. ഇത്തരം യുദ്ധപ്രേരണ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന് പകര്‍ന്നേകിയത് എന്തുകൊണ്ടായിരിക്കാം എന്നതാണു പരിശോധിക്കേണ്ട വിഷയം.

gandhiji-and-godseധര്‍മ്മത്തിനാണു ശ്രീകൃഷ്ണന്‍ ഊന്നല്‍ നല്‍കിയത്; സ്‌നേഹത്തിനല്ല. രക്തബന്ധാധിഷ്ഠിതമായ സ്‌നേഹവായ്പാണ് അര്‍ജ്ജുനനെ യുദ്ധത്തില്‍നിന്നു പിന്തിരിപ്പിക്കുന്നത്. രക്തബന്ധാധിഷ്ഠിതമായ സ്‌നേഹവായ്പ് ദുര്യോധനന്‍ അര്‍ഹിക്കുന്നില്ലെന്നും അതിനാല്‍ അനര്‍ഹമായിടത്ത് ചെലവഴിക്കുന്ന സ്‌നേഹം പോത്തിന്‍ ചെവിയില്‍ വേദമോതുന്ന പോലെ വിഫലമായിത്തീരും എന്നും വെട്ടുപോത്തിനെ സ്‌നേഹിക്കാന്‍ തയ്യാറായി അതിനു മുന്നില്‍ നിന്നാല്‍ മുന്നില്‍ നില്‍ക്കുന്നവന്റെ സ്‌നേഹം മനസ്സിലാക്കാനാവാത്ത വെട്ടുപോത്ത് അവനെ കുത്തിക്കൊല്ലുമെന്നും അതിനാല്‍ വെട്ടുപോത്തിനോട് സ്‌നേഹമല്ല ബലമാണ് ദീക്ഷിക്കേണ്ടധര്‍മ്മം എന്നുമാണ് ഭഗവദ്ഗീതയുടെ ഉദ്‌ബോധനം.

അര്‍ജ്ജുനന്‍ ദുര്യോധനാദികളെ യുദ്ധത്തില്‍ വധിക്കാതിരുന്നാല്‍ ദുര്യോധനന്‍ അര്‍ജ്ജുനനെ വധിക്കും. ഗാന്ധിജിയെ ഗോഡ്‌സേ കൊന്നതുപോലെയാകും അപ്പോള്‍ സംഭവിക്കുക. അതിനാല്‍ ആരേയും കൊല്ലാനാകാത്ത ഗാന്ധിജിമാരെ കൊല്ലാന്‍ വരുന്ന ഗോഡ്‌സേമാരില്‍നിന്നു ഗാന്ധിജിമാരെ രക്ഷിക്കാന്‍ ചെയ്യേണ്ടതു ചെയ്‌തേപറ്റൂ; അവിടെ പിന്‍മാറരുത്; ഇതാണു ഗീതാസന്ദേശം. സ്‌നേഹിക്കാന്‍ കഴിവുള്ളവരുടെ അസ്തിത്വത്തെ അപായപ്പെടുത്തുവാന്‍ ഭയാലേശമന്യേ സംഘം ചേര്‍ന്നെത്തുന്ന അധികാരദുര്‍മ്മോഹത്തിന്റെ വന്‍പ്പടയെ പ്രതിരോധിച്ചേ പറ്റൂ- അവിടെ പിന്‍വാങ്ങരുത്. പിന്‍വാങ്ങിയാല്‍ ലോകത്ത് അവശേഷിക്കുന്ന നന്മയും ഇല്ലാതാകും. ഇതാണു ഗീതയുടെ ധാര്‍മ്മികമായ യുദ്ധസന്ദേശം.

സാധുക്കള്‍ക്ക് രക്ഷ; ദുഷ്ടന്മാര്‍ക്ക് ശിക്ഷ; അതിനാണു തന്റെ അവതാരമെന്നു കൃഷ്ണന്‍ ഗീതയില്‍ തന്നെ പറഞ്ഞിട്ടുണ്ട്. ‘പരിത്രാണായ സാധൂനാം/വിനാശായ ചദുഷ്‌കൃതാം’ എന്നതിനര്‍ത്ഥം അതാണല്ലോ. സാധുക്കള്‍ എന്നതിനു ന്യൂനപക്ഷം എന്നൊരര്‍ത്ഥവും എടുക്കാം. എന്നുവെച്ചാല്‍ എണ്ണത്തിലും ആ വഴിയില്‍ ബലത്തിലും കുറഞ്ഞവര്‍. പാണ്ഡവരും അവരുടെ സൈന്യവും എണ്ണത്തില്‍ കൗരവരേക്കാള്‍ കുറവാണ്. കൃഷ്ണന്‍ ആ അര്‍ത്ഥത്തില്‍ അന്നു ന്യൂനപക്ഷസംരക്ഷണവാദിയായിരുന്നെന്നു പറയാം.

ലോകത്ത് നല്ല മനുഷ്യര്‍ എപ്പോഴും കുറവായിരിക്കും. ഗാന്ധിജിമാര്‍ കുറവും ഗോഡ്‌സേമാര്‍ കൂടുതലും ആകുമ്പോഴാണ് ഗുജറാത്തുകള്‍ ഉണ്ടാവുന്നതും. അതിനാല്‍ സാധുസംരക്ഷണം അവതാരലക്ഷ്യമായ കൃഷ്ണനു ഗാന്ധിജിമാര്‍ക്കൊപ്പവും ഗാന്ധിജിമാര്‍ക്കു വേണ്ടിയും അല്ലാതെ നിലനില്‍ക്കാനാവില്ല. ഈ നിലയില്‍ കൃഷ്ണന്‍ സദ്ഗുണന്യൂനപക്ഷ സംരക്ഷണത്തിനുവേണ്ടി ദുര്‍ഗുണഭൂരിപക്ഷത്തെ ചെറുത്തുതോല്പിക്കാന്‍ ശക്തിയും ബോധവും നല്‍കിയ ധര്‍മ്മാത്മാവാണെന്നു പറയാം.

യുദ്ധം ഒഴിവാക്കാന്‍ ചെയ്യുന്നതെല്ലാം ചെയ്തിട്ടും ഫലമില്ലെന്നായപ്പോഴാണ് യുദ്ധം ചെയ്യാന്‍ പാണ്ഡവര്‍ നിശ്ചയിച്ചത്. അര്‍ദ്ധരാജ്യം, അഞ്ചുഗ്രാമങ്ങള്‍, അഞ്ചുവീടുകള്‍, ഏറ്റവും കുറഞ്ഞത് സ്വസ്ഥമായി പാര്‍ക്കാന്‍ ഒരു വീടെങ്കിലും തന്നാല്‍ യുദ്ധം ഒഴിവാക്കാമെന്നു പാണ്ഡവര്‍ക്കുവേണ്ടി ദുര്യോധനനോടു ശ്രീകൃഷ്ണന്‍ നേരിട്ടുചെന്നു യാചിച്ചിരുന്നു. മറുപടി ‘സൂചികുത്താനുള്ള ഇടംപോലും പാണ്ഡവര്‍ക്ക് നല്‍കില്ല’ എന്നായിരുന്നു.

hitler adolfഇതിനര്‍ത്ഥം ദുര്യോധനാദികളുടെ അരിയിട്ടുവാഴ്ചയില്‍ നന്മയുടെ പ്രതീകങ്ങളായി കരുതപ്പെടുന്ന പാണ്ഡവര്‍ക്ക് നിലനില്പിനുള്ള യാതൊരു സാഹചര്യവും ഉണ്ടാവില്ല എന്നതാണ്. ഈ ഏകാധിപത്യത്തെ മറിച്ചിടുവാനാണ് രക്തബന്ധുക്കള്‍ എന്ന നിലയില്‍ കൗരവരോടുള്ള സ്‌നേഹവായ്പ് എന്ന ആത്മഹത്യപരമായ ദൗര്‍ബല്യം വെടിഞ്ഞ് അവരെ ചെറുത്തുതോല്പിക്കുവാനുള്ള ധാര്‍മ്മികമായ കര്‍മ്മവീര്യം കൈക്കൊള്ളുവാന്‍ അര്‍ജ്ജുനനോടു ശ്രീകൃഷ്ണന്‍ ഉപദേശിക്കുന്നത്.

ഹിറ്റ്‌ലറെ തകര്‍ക്കുവാന്‍ ലോകത്ത് ഉണ്ടായ പടയൊരുക്കത്തോളം ധാര്‍മ്മികത തീര്‍ച്ചയായും ശ്രീകൃഷ്‌ണോപദേശത്തിലെ യുദ്ധാഹ്വാനത്തിന് ഉണ്ട്- ഇത് അംഗീകരിക്കുവാനുള്ള മന:പ്രയാസം ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അവരെ സൂക്ഷിക്കുക. അവരുടെ യുദ്ധേതരമായ സ്‌നേഹാപദാനവാദങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് നിഷ്ഠൂരതയുടെ ഭരണകൂടങ്ങളെയായിരിക്കും-ദുര്യോധനവാഴ്ചകളെ ആയിരിക്കും-ദുര്യോധനവാഴ്ചകള്‍ക്ക് കാലദേശങ്ങള്‍ക്കനുസൃതമായി പല രൂപപ്പകര്‍ച്ചകള്‍ ഉണ്ടാവാറുണ്ട്-മുസ്സോളനി, ഹിറ്റ്‌ലര്‍, ആയത്തുള്ള ഖൊമേനി, സദ്ദാംഹുസൈന്‍, താലിബാനിസം, ഹിന്ദുഫാസിസം, അമേരിക്കന്‍ സാമ്രാജത്വം എന്നിങ്ങനെയൊക്കെ ദുര്യോധനവാഴ്ചകള്‍ക്ക് വ്യക്തിഗതമായും അല്ലാതേയും പല രൂപഭാവങ്ങളും ഉണ്ടാകാം-അവിടെയൊക്കെ സ്‌നേഹമല്ല ധര്‍മ്മം എന്ന കൃഷ്‌ണോപദേശത്തിനു സാംഗത്യമുണ്ട്-സാധുരക്ഷയുടെ ധര്‍മ്മകാഹളത്തിനു പ്രാധാന്യമുണ്ട്.

ശക്തിബോധി പരിചയക്കുറിപ്പ്:

1970ല്‍ തൃശ്ശൂര്‍ജില്ലയിലെ താലോരില്‍ ജനിച്ചു. അച്ഛന്‍ വടക്കേക്കര വീട്ടില്‍ രാമന്‍നായര്‍ അമ്മ ചെറാട്ടുവീട്ടില്‍ സരോജനിയമ്മ. തലോര്‍ ദീപ്തി ഹൈസ്‌കൂള്‍, അയ്യന്തോള്‍ ഗവ: ഹൈസ്‌കൂള്‍, ഇന്ത്യന്‍ ആര്‍ട്‌സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മധുരൈ കാമരാജ് യൂനിവേഴ്‌സിറ്റിയില്‍നിന്നു ഫിലോസഫി & റിലീജ്യന്‍ എന്ന വിഷയത്തില്‍ മാസ്റ്റര്‍ ബിരുദം. മഹര്‍ഷി മഹാകവി കൃഷ്ണകുമാറിന്റെ കീഴില്‍ ഗുരുകുലമുറയില്‍ വേദോപനിഷത്തുകളിലും തന്ത്രമന്ത്രശാസ്ത്രങ്ങളിലും പഠനം നടത്തി. 1999ല്‍ മുംബൈയിലെ അന്തേരിയിലുള്ള അഢ്മാര്‍മഠത്തിലെ വൈദികക്രീയകള്‍ക്കുശേഷം സി.രാമചന്ദ്രന്‍ സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി എന്ന പേരില്‍ സന്ന്യാസം സ്വീകരിച്ചു.

2008ല്‍ ബ്രഹ്മാനന്ദസ്വാമി ശിവയോഗി സിദ്ധാശ്രമത്തില്‍ യോഗപട്ടദാനം നേടി അന്തേവാസിയായി. സാരാഗ്രഹി മാസികയുടെ പത്രാധിപരായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ എതിര്‍ദിശ മാസികയുടെ പ്രവര്‍ത്തനസമിതിയില്‍ ചീഫ് കോഓര്‍ഡിനേറ്റര്‍. ഇടതുപക്ഷഹിന്ദുത്വം ഒരു ആമുഖം, അമൃതാനന്ദമയിയും മയിലമ്മയും തുടങ്ങിയ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും നൂറിലേറെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അറിയപ്പെടുന്ന പ്രഭാഷകനാണ്. രാജയോഗത്തെ അടിസ്ഥാനമാക്കി മാനസീകപ്രശ്‌നങ്ങള്‍ക്ക് കൗണ്‍സിലിങ്ങ് നടത്താറുണ്ട്.

E-mail: shakthibodhiviswa@gmail.com
Mob: +91- 8714465149, 9495320311

Advertisement