യൂണിവേഴ്‌സിറ്റി കോളേജില്‍ മര്‍ദ്ദനത്തിനു മുന്‍പ് കെ.എസ്.യു പ്രവര്‍ത്തകനെ എസ്.എഫ്.ഐ നേതാവ് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്
Kerala News
യൂണിവേഴ്‌സിറ്റി കോളേജില്‍ മര്‍ദ്ദനത്തിനു മുന്‍പ് കെ.എസ്.യു പ്രവര്‍ത്തകനെ എസ്.എഫ്.ഐ നേതാവ് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th November 2019, 7:43 am

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ കെ.എസ്.യു പ്രവര്‍ത്തകനെ മര്‍ദ്ദിക്കുന്നതിനു മുന്‍പ് എസ്.എഫ്.ഐ നേതാവ് ഹോസ്റ്റല്‍ മുറിയില്‍ച്ചെന്നു ഭീഷണിപ്പെടുത്തിയിരുന്നെന്നു തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മഹേഷ് എന്നയാളാണ് ഹോസ്റ്റല്‍ മുറിക്കുള്ളില്‍ക്കടന്ന് കെ.എസ്.യു പ്രവര്‍ത്തകനായ നിതിന്‍ രാജിനെ ഭീഷണിപ്പെടുത്തിയത്. ഏഷ്യാനെറ്റ് ന്യൂസാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

രണ്ടാം വര്‍ഷ എം.എ ചരിത്രവിദ്യാര്‍ഥിയും കെ.എസ്.യു യൂണിറ്റ് അംഗവുമായ നിതിനു നേര്‍ക്കാണ് ബുധനാഴ്ച രാത്രി ഹോസ്റ്റല്‍ മുറിയില്‍വെച്ച് ആക്രമണമുണ്ടായത്. സാരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആക്രമണം നടക്കുന്നതിനു തൊട്ടുമുന്‍പായിരുന്നു ഭീഷണി.

എസ്.എഫ്.ഐയാണ് ആക്രമണത്തിനു പിന്നിലെന്ന് കെ.എസ്.യു ആരോപിച്ചു. നിതിനൊപ്പം മുറിയിലുണ്ടായിരുന്ന സുദേവ് എന്ന വിദ്യാര്‍ഥിക്കും മര്‍ദ്ദനമേറ്റു. മഹേഷിന്റെ നേതൃത്വത്തിലെത്തിയ എസ്.എഫ്.ഐക്കാരാണു തന്നെ മര്‍ദ്ദിച്ചതെന്നു നിതിന്‍ പൊലീസിനോടു പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിതിന്റെ ഇടതുകൈയിലും മുഖത്തുമാണു പരിക്കേറ്റിരിക്കുന്നത്. നിതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം ഹോസ്റ്റലില്‍ നിന്നു വസ്ത്രമെടുക്കാന്‍ വന്നപ്പോഴായിരുന്നു സുദേവിന് ആക്രമണമുണ്ടായതെന്നു മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണത്തില്‍ കൂടുതല്‍പ്പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായും വിശദമായ അന്വേഷണം വേണമെന്നും കെ.എസ്.യു യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. നിതിനെ ആശുപത്രിയിലെത്തി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് സംഭവത്തിനു ശേഷം കെ.എസ്.യു, എ.ഐ.എസ്.എഫ് തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ കാമ്പസില്‍ യൂണിറ്റ് ആരംഭിച്ചിരുന്നു. ഇതാണ് എസ്.എഫ്.ഐയെ പ്രകോപിപ്പിച്ചതെന്നാണ് കെ.എസ്.യു ആരോപിക്കുന്നത്.

ചിത്രം: നിതിന്‍ രാജ്