കിരണിന് ഇനി സര്‍ക്കാര്‍ ജോലി ലഭിക്കില്ല, പെന്‍ഷനുമില്ല; സ്ത്രീധന പീഡനക്കേസുമായി ബന്ധപ്പെട്ട് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പിരിച്ചുവിടുന്നത് സംസ്ഥാനത്ത് ആദ്യം
Kollam Vismaya Case
കിരണിന് ഇനി സര്‍ക്കാര്‍ ജോലി ലഭിക്കില്ല, പെന്‍ഷനുമില്ല; സ്ത്രീധന പീഡനക്കേസുമായി ബന്ധപ്പെട്ട് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പിരിച്ചുവിടുന്നത് സംസ്ഥാനത്ത് ആദ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th August 2021, 4:34 pm

തിരുവനന്തപുരം: വിസ്മയ കേസില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട പ്രതി കിരണ്‍ കുമാറിന് ഇനി സര്‍ക്കാര്‍ ജോലിയോ പെന്‍ഷനോ ലഭിക്കില്ല. സ്ത്രീധന പീഡനക്കേസുമായി ബന്ധപ്പെട്ട് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പിരിച്ചുവിടുന്നത് സംസ്ഥാനത്ത് ആദ്യമാണ്.

വിസ്മയയുടെ മരണത്തുടര്‍ന്ന് ഇയാള്‍ സസ്‌പെന്‍ഷനിലായിരുന്നു. അന്വേഷണ വിധേയമായാണ് നടപടി.

കിരണിനെതിരെ വിസ്മയയുടെ ആത്മഹത്യയെത്തുടര്‍ന്ന് വകുപ്പ് തല അന്വേഷണം നടത്തിയിരുന്നു. കിരണിനോട് നേരിട്ടും മോട്ടോര്‍ വാഹനവകുപ്പ് വിശദീകരണം തേടി. 1960-ലെ സര്‍വീസ് ചട്ടപ്രകാരം സ്ത്രീവിരുദ്ധവും, സാമൂഹ്യനീതിക്ക് നിരക്കാത്തതും, ലിംഗനീതിക്ക് എതിരുമായ പ്രവര്‍ത്തനങ്ങള്‍ നടത്തി സര്‍ക്കാരിനും മോട്ടോര്‍ വാഹനവകുപ്പിനും ദുഷ്‌പേര് വരുത്തി വച്ചെന്ന് തെളിഞ്ഞാല്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാം.

അതനുസരിച്ചാണ് കിരണിനെതിരെയും നടപടിയെടുത്തതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുതെന്നാണ് ചട്ടം. അതിനാല്‍ക്കൂടിയാണ് കിരണിനെതിരെ പിരിച്ചുവിടല്‍ നടപടി വന്നത്.

കിരണിന് ഇനി സര്‍ക്കാര്‍ സര്‍വീസില്‍ തുടര്‍ജോലിയും ലഭിക്കില്ല. പ്രൊബേഷനിലായിരുന്നതിനാല്‍ പെന്‍ഷനും അര്‍ഹതയുണ്ടാവില്ല.

അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറാണ് കിരണ്‍ കുമാര്‍.

ജൂണ്‍ 21-നാണ് വിസ്മയയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നൂറ് പവന്‍ സ്വര്‍ണ്ണവും ഒരു ഏക്കര്‍ 25 സെന്റ് സ്ഥലവും ഇതിന് പുറമേ പത്ത് ലക്ഷം വിലവരുന്ന കാറും വിസ്മയയുടെ വീട്ടുകാരില്‍ നിന്ന് സ്ത്രീധനം എന്ന പേരില്‍ കിരണ്‍ കുമാര്‍ വാങ്ങിയിരുന്നു.

എന്നാല്‍ കാറ് ഇഷ്ടപ്പെടാഞ്ഞതോടെയാണ് വിസ്മയയെ ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ചു തുടങ്ങിയതെന്നാണ് വിസ്മയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്. കാറ് വേണ്ട പകരം പണം മതിയെന്നായിരുന്നു കിരണിന്റെ ആവശ്യമെന്നും എന്നാല്‍ സിസിയിട്ട് വാങ്ങിയ കാറായതുകൊണ്ട് വില്‍ക്കാന്‍ കഴിയില്ലെന്ന് മകളോട് പറയാന്‍ പറഞ്ഞുവെന്നും പിതാവ് പറഞ്ഞിരുന്നു.

മരിക്കുന്നതിന് മുമ്പ് വിസ്മയ ബന്ധുവിന് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംഭവം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ക്രൂരമായ മര്‍ദനമേറ്റെന്നായിരുന്നു വിസ്മയയുടെ സന്ദേശം. ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ ചിത്രങ്ങളും അയച്ചുനല്‍കിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Vismaya Case, Kiran Kumar Updates