മകളുടെ വിവാഹക്കാര്യമറിഞ്ഞ് വലിയ തുക നല്‍കി അദ്ദേഹത്തെ സഹായിച്ചു; ഒരു ക്രെഡിറ്റുമെടുക്കുന്ന ആളല്ല ലോറന്‍സ്: വിഷ്ണു ഗോവിന്ദന്‍
Entertainment news
മകളുടെ വിവാഹക്കാര്യമറിഞ്ഞ് വലിയ തുക നല്‍കി അദ്ദേഹത്തെ സഹായിച്ചു; ഒരു ക്രെഡിറ്റുമെടുക്കുന്ന ആളല്ല ലോറന്‍സ്: വിഷ്ണു ഗോവിന്ദന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 21st November 2023, 6:24 pm

സിനിമയില്‍ ഒരു ബാക്ഗ്രൗണ്ട് ഡാന്‍സറായിട്ട് വന്ന നടനാണ് രാഘവ ലോറന്‍സ്. ഡാന്‍സറില്‍ നിന്ന് സിനിമയിലേക്ക് വന്ന അദ്ദേഹത്തിന് കേരളത്തില്‍ പോലും ഒരുപാട് ആരാധകരുണ്ട്.

ലോറന്‍സ് ഈയടുത്ത് തന്റെ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ ഒരു അഭിമുഖത്തില്‍ ബാക്ഗ്രൗണ്ട് ഡാന്‍സറായിരുന്ന കാലത്ത് തന്നെ നിറത്തിന്റെ പേരില്‍ പിന്നിലേക്ക് മാറ്റി നിര്‍ത്തിയതിനെ പറ്റി സംസാരിച്ചിരുന്നു.

ലോറന്‍സിന്റെ ഏറ്റവും പുതുതായി ഇറങ്ങിയ സിനിമയായിരുന്നു കാര്‍ത്തിക് സുബ്ബരാജ് ചിത്രം ജിഗര്‍തണ്ട ഡബിള്‍ എക്സ്. തിയേറ്ററില്‍ ഈ സിനിമ വലിയ വിജയമാണ് നേടിയത്.

2014ല്‍ തമിഴില്‍ വന്‍ വിജയമായ ജിഗര്‍തണ്ടയുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ആദ്യ ഭാഗത്തില്‍ സിദ്ധാര്‍ഥ്, വിജയ് സേതുപതി, ബോബി സിന്‍ഹ, ലക്ഷ്മി മേനോന്‍ എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍. രണ്ടാം ഭാഗത്തില്‍ ലോറന്‍സിനൊപ്പം എസ്.ജെ. സൂര്യയാണ് മുഖ്യ കഥാപാത്രമാകുന്നത്.

ഈ സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ ചെയ്ത മലയാളി നടനാണ് വിഷ്ണു ഗോവിന്ദന്‍. ഇപ്പോള്‍ താരം ഫിലിംബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ലോറന്‍സിനെ കുറിച്ച് സംസാരിക്കുകയാണ്.

‘ലോറന്‍സ് സാറിനെ ഒരു കാലത്ത് കറുത്ത പട്ടിയെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹം വളരെ വലിയ ഒരാളാണ്. സാറിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളൊക്കെ എല്ലാവര്‍ക്കും അറിയുന്നതാണ്.

ആള്‍ക്ക് കിട്ടുന്ന റെമ്യുണറേഷനില്‍ നിന്നും പകുതിയില്‍ അധികവും ചാരിറ്റിക്ക് വേണ്ടിയാണ് മാറ്റി വെക്കുന്നത്. ഒരുപാട് കുട്ടികള്‍ക്ക് വിദ്യാഭ്യാസം കൊടുക്കുന്നുണ്ട്, അല്ലാതെയുള്ള സഹായങ്ങളുമുണ്ട്.

ജിഗര്‍തണ്ടയുടെ സെറ്റിലുള്ള ഒരാളുടെ മകളുടെ കല്യാണം ഷൂട്ടിങ് സമയത്ത് ഉണ്ടായിരുന്നു. അയാള്‍ പോകുമ്പോള്‍ ലോറന്‍സ് സാറിനോട് ചെന്ന് ഇങ്ങനെ മകളുടെ കല്യാണമുണ്ടെന്നും കല്യാണത്തിന് പോവുകയാണെന്നും പറഞ്ഞു.

അങ്ങനെ സാറിനോട് പറഞ്ഞിട്ട് അയാള്‍ നാട്ടിലേക്ക് പോയി. ആള്‍ ആരാണെന്ന് ഞാന്‍ പറയുന്നില്ല. അയാള്‍ നാട്ടില്‍ ചെന്നിട്ട് കല്യാണത്തിന്റെ ഒരുക്കങ്ങളൊക്കെ തുടങ്ങി. പെട്ടെന്ന് ഒരു ദിവസം ഒരു കോള്‍ വന്നു.

ലോറന്‍സിന്റെ ഓഫീസില്‍ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞു. ബാങ്ക് അക്കൗണ്ട് നമ്പര്‍ ഒന്ന് അയച്ചു തരാമോ എന്ന് ചോദിച്ചു. നാട്ടിലേക്ക് വരുമ്പോള്‍ അയാള്‍ സാറിനോട് മകളുടെ കല്യാണത്തിനു പോകുവാണെന്ന് മാത്രമേ പറഞ്ഞിട്ടുള്ളു.

എന്നാല്‍ സാര്‍ അയാളെ പറ്റി സെറ്റില്‍ അന്വേഷിച്ചിട്ട് നമ്പര്‍ വാങ്ങി മാനേജറിനോട് കാര്യം പറഞ്ഞ് വിളിപ്പിച്ച് മകളുടെ കല്യാണത്തിന് ആവശ്യമുള്ള പൈസ ഇട്ടു കൊടുത്തു. നല്ല ഒരു തുകയാണ് കൊടുത്തത്.

അയാള്‍ എന്നോട് ഈ കാര്യം പിന്നീട് സെറ്റില്‍ വന്നപ്പോള്‍ പറഞ്ഞതാണ്. അയാള്‍ തിരിച്ച് സെറ്റില്‍ വന്ന് സാറിനടുത്ത് ചെന്നപ്പോള്‍ സാര്‍ കല്യാണം നന്നായി നടന്നില്ലേ എന്ന് മാത്രമേ ചോദിച്ചിട്ടുള്ളു.

പൈസ കിട്ടിയോ എന്ന് പോലും ചോദിച്ചില്ല. അതിന്റെ ക്രെഡിറ്റ് എടുക്കാന്‍ പോലും അദ്ദേഹം നിന്നില്ല. ഒരുപക്ഷേ ഞാന്‍ ഈ പറയുമ്പോളാകും പലരും ഈ കാര്യം അറിയുന്നത്.

ലോറന്‍സ് സാറിനും അയാള്‍ക്കും മാത്രം അറിയുന്ന കാര്യമാണ് ഇത്. അയാള്‍ വളരെ പേര്‍സണലായിട്ട് എന്നോട് പറഞ്ഞ കാര്യമാണ്. അങ്ങനെയുള്ള ആളാണ് ലോറന്‍സ് സാര്‍,’ വിഷ്ണു ഗോവിന്ദന്‍ പറഞ്ഞു.


Content Highlight: Vishnu Govindan Talks About Raghava Lawrence