എഡിറ്റര്‍
എഡിറ്റര്‍
19 വര്‍ഷങ്ങള്‍ക്ക് ശേഷം ബോളിവുഡ് സംവിധായകന്‍ വിശാല്‍ ഭരദ്വാജ് മലയാളത്തിലേക്ക്; രണ്ടാം വരവ് ഫഹദ് ഫാസില്‍ ചിത്രത്തിലൂടെ
എഡിറ്റര്‍
Monday 3rd April 2017 2:38pm

ബോളിവുഡിന്റെ പ്രിയ സംവിധായകന്‍ വിശാല്‍ ഭരദ്വാജ് മലയാളത്തിലേക്ക് വരുന്നു. യുവതാരം ഫഹദ് ഫാസിലിന്റെ ചിത്രത്തിലൂടെയാണ് വിശാല്‍ മലയാളത്തിലേക്കുള്ള രണ്ടാം വരവ് നടത്തുന്നത്. പക്ഷെ സംവിധായകന്റെ കുപ്പായമല്ല സംഗീത സംവിധായകന്റെ കുപ്പായമണിഞ്ഞാണ് വിശാല്‍ മലയാളത്തിലേക്ക് വീണ്ടും വരുന്നത്.

ദേശീയ അവാര്‍ഡ് ജേതാവായ വിശാല്‍ നേരത്തെ മഞ്ജു വാര്യര്‍ നായികയായ ദയ എന്ന മലയാള ചിത്രത്തിന്റേയും സംഗീതം നിര്‍വ്വഹിച്ചിട്ടുണ്ട്. 1998 ലായിരുന്നു ആ ചിത്രം പുറത്തിറങ്ങിയത്. സംവിധാനത്തിലും സംഗീതത്തിലും ഒരുപോലെ മികവു തെളിയിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. അവസാനമായി പുറത്തിറങ്ങിയ രങ്കൂണിന്റെ സംഗീതവും വിശാല്‍ തന്നെയായിരുന്നു.

വേണു സംവിധാനം ചെയ്യുന്ന ഫഹദ് നായകനായ കാര്‍ബണിലൂടെയായാരിക്കും വിശാലിന്റെ രണ്ടാം വരവ്. റെയ്‌സ് ഉള്‍പ്പടെയുള്ള ബോളിവുഡ് ചിത്രങ്ങളുടെ ക്യാമറാമാനായ കെ.യു മോഹനന്‍ ആയിരിക്കും കാര്‍ബണിന്റേയും ഛായാഗ്രഹണം.

മമത മോഹന്‍ദാസായിരിക്കും ചിത്രത്തില്‍ ഫഹദിന്റെ നായിക. ടേക്ക് ഓഫിന്റെ വിജയത്തിന്റെ നിറവിലുള്ള ഫഹദിന് കാര്‍ബണും ഏറെ പ്രതീക്ഷയുള്ള ചിത്രമായിരിക്കും. അതേസമയം താരം തമിഴ് അരങ്ങേറ്റത്തിനും തയ്യാറെടുക്കുകയാണ്. ശിവകാര്‍ത്തികേയനും നയന്‍താരയും ഒരുമിക്കുന്ന വെള്ളൈക്കാരനാണ് ഫഹദിന്റെ തമിഴ് അരങ്ങേറ്റ ചിത്രം.


Also Read: ‘ലോര്‍ഡ്‌സില്‍ നിന്നൊരു യുവരാജ് സിംഗ്’; ക്യാന്‍സറിനെ പൊരുതി തോല്‍പ്പിച്ച് സെഞ്ച്വറിയടിച്ച് ഇംഗ്ലണ്ട് താരത്തിന്റെ തിരിച്ചു വരവ്


മലയാളത്തില്‍ പാവടയുടെ സംവിധായകന്‍ മാര്‍ത്താണ്ഡന്റെ അടുത്ത ചിത്രത്തിലും ഫഹദ് നായകനാകും. ജോജി തോമസിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാണം വീക്കെന്‍ഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സാണ്.

Advertisement