തമിഴ് ചിത്രം വിസാരണൈ ഓസ്‌കാറിന്
Daily News
തമിഴ് ചിത്രം വിസാരണൈ ഓസ്‌കാറിന്
ന്യൂസ് ഡെസ്‌ക്
Thursday, 22nd September 2016, 5:48 pm

വിദേശഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിലാണ് വിസാരണൈ തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. വെട്രിമാരന്‍ സംവിധാനം ചെയ്ത ചിത്രം നേരത്തേ മൂന്ന് ദേശീയ പുരസ്‌കാരങ്ങളും നേടിയിരുന്നു.


ന്യൂദല്‍ഹി: 2017ലെ ഓസ്‌കാര്‍ പുരസ്‌കാരത്തിന് ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക എന്‍ട്രിയായി തമിഴ് ചിത്രം വിസൈരണൈ തെരെഞ്ഞെടുത്തു.

വിദേശഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിലാണ് വിസാരണൈ തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. വെട്രിമാരന്‍ സംവിധാനം ചെയ്ത ചിത്രം നേരത്തേ മൂന്ന് ദേശീയ പുരസ്‌കാരങ്ങളും നേടിയിരുന്നു.

കേതന്‍ മേത്ത അധ്യക്ഷനായ ജൂറിയാണ് ഓസ്‌കാറിലെ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി തെരെഞ്ഞെടുത്തത്. ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത മലയാള ചിത്രം കാടു പൂക്കുന്ന നേരവും മത്സരത്തിനുണ്ടായിരുന്നു.

വെനീസ് ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിലേക്കും ചിത്രം നേരത്തേ തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. എം. ചന്ദ്രകുമാറിന്റെ ലോക്ക് അപ്പ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായിരുന്നു ചിത്രം.

ആടുകളം എന്ന ഒറ്റചിത്രത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച് ദേശീയ അവാര്‍ഡ് വരെ നേടിയ വെട്രിമാരനും നടന്‍ ധനുഷും ചേര്‍ന്നാണ് വിസാരണൈ നിര്‍മ്മിച്ചത്.

ആസ്വാദകര്‍ക്ക് കാഴ്ചയുടെ വേറിട്ട അനുഭവം സമ്മാനിച്ച ചിത്രം ജയിലിലെ അരക്ഷിതാവസ്ഥ പച്ചയായി തുറന്നുകാട്ടുന്നതായിരുന്നു. നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്ന അവസ്ഥ, ജയിലിലെ മൂന്നാം മുറ, ദളിതര്‍ക്കെതിരായ പീഡനം, അഴിമതി, നീതിന്യായ വ്യവസ്ഥയുടെ നിസ്സഹായവസ്ഥ എന്നിവയും ചിത്രം മറയില്ലാതെ തുറന്നുകാട്ടുന്നു.

ചിത്രം ഓസ്‌കാറിന് തെരെഞ്ഞെടുത്ത വിവരം സംവിധായകനായ വെട്രിമാരനും സ്ഥിരീകരിച്ചിട്ടുണ്ട്. ജീന്‍സ്, ഇന്ത്യന്‍, കുരുതിപൂനാല്‍, തേവര്‍ മകന്‍, അഞ്ജലി, നായകന്‍, ദൈവ മകന്‍ എന്നീ തമിഴ് ചിത്രങ്ങള്‍ മുമ്പ് ഓസ്‌കാറിന് പരിഗണിക്കപ്പെട്ടിരുന്നു. 2017 ഫെബ്രുവരിയില്‍ ലോസ് ആഞ്ജല്‍സില്‍ വെച്ചാണ് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക.