വിരാടും രോഹിത്തും ഇങ്ങനെ അന്തംവിട്ട് നില്‍ക്കണമെങ്കില്‍ സംഭവിച്ചത് എന്തായിരിക്കും; വീഡിയോ
Asia Cup
വിരാടും രോഹിത്തും ഇങ്ങനെ അന്തംവിട്ട് നില്‍ക്കണമെങ്കില്‍ സംഭവിച്ചത് എന്തായിരിക്കും; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 12th September 2023, 4:14 pm

 

ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കിയിരുന്നു. 228 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് ഇന്ത്യ നേടിയത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യുവതാരം ശുഭ്മന്‍ ഗില്ലും അടിത്തറയിട്ട ഇന്നിങ്‌സ് പിന്നാലെയെത്തിയ വിരാട് കോഹ്‌ലിയും കെ.എല്‍. രാഹുലും ചേര്‍ന്ന് പടുത്തുയര്‍ത്തുകയായിരുന്നു. ഓപ്പണര്‍മാര്‍ രണ്ട് പേരും അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ വിരാട് കോഹ്‌ലിയും കെ.എല്‍. രാഹുലും സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് തരംഗമായത്.

വിരാട് തന്റെ കരിയരിലെ 47ാം ഏകദിന സെഞ്ച്വറി നേടിയപ്പോള്‍ തന്റെ ആറാം ഏകദിന സെഞ്ച്വറിയാണ് രാഹുല്‍ കൊളംബോയില്‍ കുറിച്ചത്. തന്റെ തിരിച്ചുവരവിലെ ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടാനായത് താരത്തിന്റെയും ആരാധകരുടെയും ആത്മവിശ്വാസം പതിന്‍മടങ്ങ് വര്‍ധിപ്പിച്ചിരിക്കുകയാണ്.

106 പന്തില്‍ നിന്നും 111 റണ്‍സാണ് രാഹുല്‍ നേടിയത്. 12 ബൗണ്ടറിയും രണ്ട് സിക്‌സറുമാണ് രാഹുലിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. ആകെ രണ്ട് സിക്‌സര്‍ മാത്രമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നെങ്കിലും ക്ലാസും മാസും ഒത്തുചേര്‍ന്നതായിരുന്നു അത്.

ഇതിലെ ഒരു സിക്‌സറിന് ശേഷമുള്ള സഹതാരങ്ങളുടെ റിയാക്ഷനാണ് വൈറലാകുന്നത്. ഷദാബ് ഖാനെ രാഹുല്‍ സിക്‌സറിന് പറത്തിയപ്പോല്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന വിരാടും ഡ്രസ്സിങ് റൂമിലുണ്ടായിരുന്ന രോഹിത് ശര്‍മയും അക്ഷരാര്‍ത്ഥത്തില്‍ അന്തം വിട്ടുനിന്നിരുന്നു. ഈ വീഡിയോ വൈറലാവുകയാണ്.


അതേസമയം, ശ്രീലങ്കക്കെതിരായ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തിരിക്കുകയാണ്. നിലവില്‍ 13 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 90 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്.

 

Content highlight: Virat Kohli’s reaction after KL Rahul’s six