ഇനി എല്ലാം അടുത്ത സീസണില്‍; പോസ്റ്റുമായി വിരാട് കോഹ്‌ലി
IPL
ഇനി എല്ലാം അടുത്ത സീസണില്‍; പോസ്റ്റുമായി വിരാട് കോഹ്‌ലി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 28th May 2022, 10:05 pm

ഐ.പി.എല്‍ 2022ല്‍ നിന്നും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു തോറ്റ് പുറത്തായിരിക്കുകയാണ്. 2008 മുതലുള്ള എല്ലാ സീസണിലും ടൂര്‍ണമെന്റിനൊപ്പമുണ്ടായിരുന്ന ആര്‍.സി.ബിക്ക് ഒരിക്കല്‍ പോലും കിരീടത്തില്‍ മുത്തമിടാന്‍ സാധിച്ചിരുന്നില്ല.

പലതവണ ഫൈനലിലും കഴിഞ്ഞ് മൂന്ന് സീസണിലും പ്ലേ ഓഫിലും പ്രവേശിച്ചെങ്കിലും കിരീടം മാത്രം ആര്‍.സി.ബിയില്‍ നിന്നും അകന്നുനിന്നു.

തങ്ങളുടെ ടീം ഒരിക്കല്‍ പോലും കിരീടം നേടാത്തതില്‍ ആര്‍.സി.ബി ആരാധകര്‍ക്കും വിഷമമേറെയാണ്. എല്ലാ സീസണിലും പറയും ഈ സാല കപ്പ് നംദേ എന്ന പറച്ചില്‍ മാത്രം ബാക്കിയാക്കിയാണ് ആര്‍.സി.ബിക്കൊപ്പം ആരാധകരും ഐ.പി.എല്ലിന്റെ പതിനഞ്ചാം എഡിഷനോട് യാത്ര പറയുന്നത്.

പ്ലേ ഓഫിലെ ആദ്യ മത്സരത്തില്‍ ആവേശമുയര്‍ത്തിയ ജയം സ്വന്തമാക്കാനായിട്ടും രാജസ്ഥാനെതിരായ മത്സരത്തില്‍ ചാലഞ്ചേഴ്‌സിന് അത് സാധിക്കാതെ വരികയായിരുന്നു. ഇതോടെയാണ് കോഹ്‌ലിപ്പടയ്ക്ക് കപ്പിനും ചുണ്ടിനും ഇടയില്‍ നിന്നും കിരീടം ഒരിക്കല്‍ക്കൂടി നഷ്ടമായത്.

ടൂര്‍ണമെന്റില്‍ നിന്നും പുറത്തായതിന് പിന്നാലെ ആര്‍.സി.ബിയുടെ മുന്‍ നായകനും സൂപ്പര്‍ താരവുമായി വിരാട് കോഹ്‌ലി പങ്കുവെച്ച ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്.

ഇത്തവണത്തെ സീസണ്‍ അവസാനിച്ചെന്നും ഇനി അടുത്ത സീസണില്‍ കാണാം എന്നുമാണ് താരം തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴി പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്.

 

‘ചിലപ്പോള്‍ നിങ്ങള്‍ക്ക് വിജയം നേടാന്‍ സാധിക്കും, എന്നാല്‍ ചിലപ്പോഴതിന് കഴിയണമെന്നില്ല. എന്നാല്‍ ടീമിലെ പന്ത്രണ്ടാമന്‍മാര്‍ എന്നും ഞങ്ങളെ പിന്തുണച്ചു, ടൂര്‍ണമെന്റിലുടനീളം ഒപ്പം നിന്നു. നിങ്ങളാണ് ക്രിക്കറ്റിനെ സ്‌പെഷ്യലാക്കുന്നത്.

മാനേജ്‌മെന്റിനും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകള്‍ക്കും പിന്നെ ടീമിനൊപ്പമുണ്ടായിരുന്നു എല്ലാവര്‍ക്കും വലിയ നന്ദി. അടുത്ത സീസണില്‍ കാണാം,’ പോസ്റ്റിനൊപ്പം കോഹ്‌ലി കുറിച്ചു.

ടീമിന്റേയും തന്റേയും ചിത്രങ്ങള്‍ക്കൊപ്പമാണ് താരം പോസ്റ്റ് പങ്കുവെച്ചത്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍.സി.ബി യുവതാരം രജത് പാടിദാറിന്റെ അര്‍ധസെഞ്ച്വറിയുടെ ബലത്തില്‍ 157 റണ്ണിന്റെ പൊരുതാവുന്ന ടോട്ടലായിരുന്നു നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ ഓപ്പണര്‍ ജോസ് ബട്‌ലറിന്റെ സെഞ്ച്വറി മികവില്‍ അനായാസം ജയിക്കുകയായിരുന്നു. നാളെ നടക്കുന്ന ഫൈനലില്‍ രാജസ്ഥാന്‍ ഗുജറാത്തിനെ നേരിടും.

 

 

 

Content Highlight: Virat Kohli’s Emotional Message After RCB’s Exit From IPL 2022