എന്നാലുമെന്റെ മെസിയേ, ഹക്കീമിയോടിത് ചെയ്യേണ്ടായിരുന്നു; സൂപ്പര്‍ താരത്തെ വെള്ളം കുടിപ്പിച്ച് മെസിയും സംഘവും; വൈറല്‍ വീഡിയോ
football news
എന്നാലുമെന്റെ മെസിയേ, ഹക്കീമിയോടിത് ചെയ്യേണ്ടായിരുന്നു; സൂപ്പര്‍ താരത്തെ വെള്ളം കുടിപ്പിച്ച് മെസിയും സംഘവും; വൈറല്‍ വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 2nd February 2023, 6:27 pm

ലോകത്ത് തന്നെ മികച്ച താരങ്ങളുള്ള ക്ലബ്ബാണ് പാരീസ് സെന്റ് ഷെര്‍മാങ്. അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയും ഫ്രഞ്ച് യുവ താരം കിലിയന്‍ എംബാപ്പെയും ബ്രസീല്‍ സൂപ്പര്‍താരം നെയ്മറും ഉള്‍പ്പെടുന്ന പി.എസ്.ജിയുടെ മുന്നേറ്റനിര ലോകത്തിലെ തന്നെ മികച്ച താരങ്ങളുടെ ലിസ്റ്റാണ്.

കഴിഞ്ഞ ഖത്തര്‍ ലോകകപ്പില്‍ മികച്ച പ്രകടം കാഴ്ചവെച്ച ടീമാണ് മൊറോക്കൊ. ഈ ആഫ്രിക്കന്‍ രാജ്യത്തിന്റെ സൂപ്പര്‍താരം അഷ്‌റഫ് ഹക്കീമിയും ക്ലബ്ബ് ഫുട്‌ബോളില്‍ പി.എസ്.ജിക്കായിട്ടാണ് പന്ത് തട്ടുന്നത്.

പി.എസ്.ജി ക്യാമ്പില്‍ നിന്നുള്ള ഒരു വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മെസി, എംബാപ്പെ, നെയ്മര്‍, മുന്‍ സ്പാനിഷ് ഡിഫെന്‍ഡര്‍ സെര്‍ജിയോ റാമോസ് എന്നിവര്‍ പരിശീലനത്തിനിടെ അഷ്‌റഫ് ഹക്കീമിയെ ‘വെള്ളം കുടിപ്പി’ക്കുന്നതാണ് വീഡിയോയിലുള്ളത്.

മെസി, റാമോസ്, നെയ്മര്‍, എംബാപ്പെ എന്നിവരില്‍ നിന്ന് പന്ത് കൈവശം നേടാനാണ് ഹക്കീമി കഷ്ടപ്പെടുന്നത്. പന്ത് കൈവശപ്പെടുത്താന്‍ ഹക്കീമി പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാല്‍ മറ്റ് നാല് കളിക്കാരും മൊറോക്കന്‍ താരത്തെ കളിപ്പാട്ടം പോലെ വട്ടം കറക്കുയാണ്.

24കാരനായ ഹക്കീമിക്ക് ഒടുവില്‍ റാമോസിന്റെ കാലില്‍ നിന്ന് പന്ത് കിട്ടുമെന്ന് തോന്നിച്ചെങ്കിലും അവനെ റമോസ് കൈകൊണ്ട് തള്ളിയിടുകയാണ്. ഇതിന് പിന്നാലെ മെസിയും നെയ്മറും എംബാപ്പെയും ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

നിരവധി ട്വിറ്റര്‍ ഹാന്‍ഡിലുകളാണ് ഈ വീഡിയോ ഷെയര്‍ ചെയ്യുന്നത്. ‘എന്നാലും ഹക്കീമിയോടിത് ചെയ്യേണ്ടായിരുന്നു’ എന്നാണ് പലരും തമാശ രൂപേണ പറയുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം ലീഗ് വണ്ണില്‍ നടന്ന മത്സരത്തില്‍ മോണ്ട്പെല്ലിയറിനെ പി.എസ്.ജി കീഴ്പ്പെടുത്തിയിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു പി.എസ്.ജിയുടെ ജയം.

പി.എസ്.ജിക്കായി ലയണല്‍ മെസി ഒരു ഗോള്‍ നേടിയപ്പോള്‍ ഫാബിയാന്‍ റൂയിസ്, വാറന്‍ സെറെ എമരി എന്നിവരാണ് മറ്റുഗോളുകള്‍ സ്വന്തമാക്കിയത്. മോണ്ട്‌പെല്ലിയറിന്റെ ഗോള്‍ അര്‍നോഡ് നോര്‍ഡിന്റെ വകയായിരുന്നു.