Administrator
Administrator
‘ഞാന്‍ ഡിംപിള്‍ കപാഡിയയുടെ ആരാധകനാണ്’
Administrator
Wednesday 17th November 2010 12:58pm

മലയാള സിനിമയ്ക്ക് ലോഹിതദാസിലൂടെ കിട്ടിയ താരമാണ് വിനുമോഹന്‍. വിനുവിന് ‘നിവേദ്യം’ എന്ന ആദ്യ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടാന്‍ കഴിഞ്ഞു.
അഭിനയം വിനുവിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നത് തന്നെയാണ്. മഹാപ്രതിഭയായിരുന്ന കൊട്ടാരക്കര ശ്രീധരന്‍ നായരുടെ കൊച്ചുമകനാണ് വിനു.
വിനു അഭിനയിച്ച മൂന്ന് സിനിമകള്‍ പുറത്തിറങ്ങാനിരിക്കുകയാണ്. ‘ബോംബെ മിഠായി’, ‘കൂട്ടുകാര്’‍, ‘ഹോളീഡെ’എന്നിവ.
വിനുവിന്റെ സിനിമാവിശേഷങ്ങളിലൂടെ

മൂന്ന് ചിത്രങ്ങള്‍ ഒരുമിച്ച് റിലിസാകാന്‍ പോകുകയല്ലേ! അതിലെ കഥാപാത്രങ്ങളെ കുറിച്ച്

എന്റെ മൂന്ന് ചിത്രങ്ങള്‍ ഒരുമിച്ച് റിലീസാവുന്നതില്‍ വളരെ സന്തോഷമുണ്ട്.മൂന്നും മൂന്ന് വ്യത്യസ്ഥ വിഭാഗങ്ങളില്‍ പെടുത്താവുന്ന ചിത്രങ്ങളാണ്.
‘ഹോളീഡെ’, സൗഹൃദത്തിന്റെ കഥ പറയുന്ന ത്രില്ലറാണ്.
‘ബോംബെ മിഠായി’ ഒരു മുഴുനീള കോമഡി ചിത്രമാണ്. അമര്‍സിങും ഡിംപിള്‍ കപാഡിയയും ഈ ചിത്രത്തിലുണ്ട്. ശ്രീലങ്കന്‍ രാഷ്ട്രീയ നേതാവായ വരദരാജ പെരുമാളിന്റെ മകളായ നീലാംബരി പെരുമാളാണ് നായിക. സുരേഷിന്റെ സുലൈമാന്റെയും ജീവിതത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഞാന്‍ സുരേഷും ഹരിശ്രീ അശോകന്‍ സുലൈമാനും ആയാണെത്തുന്നത്. ജീവിതത്തില്‍ എങ്ങിനെയെങ്കിലും പണമുണ്ടാക്കുക എന്നൊരു ലക്ഷ്യം മാത്രമേ ഇവര്‍ക്കൂള്ളൂ.

എന്റെ ആദ്യ ചിത്രമായ ‘നിവേദ്യ’ത്തില്‍ നായികയായെത്തിയ ഭാമയാണ് കൂട്ടുകാരില്‍ എന്റെ ജോഡി. എന്നാല്‍ പലരും കരുതുന്നത് പോലെ ഇതൊരു പ്രണയ കഥയല്ല. മറിച്ച് പ്രതികാര കഥയാണ്. അതുകൊണ്ട് ആക്ഷന് വലിയ പ്രാധാന്യമുണ്ട്. അല്‍പം നെഗറ്റീവായ ഒരു റോളാണിതില്‍.

വിനുവിന്റെ മിക്ക സിനിമകളിലും നായകര്‍ ഒന്നിലധികമുണ്ടല്ലോ

ഞാന്‍ കരുതുന്നത് ഒരു നായകനുള്ള ചിത്രത്തെക്കാള്‍ ഒന്നിലധികം നായകനുള്ള ചിത്രമാണ് വെല്ലുവിളിയെന്നാണ്. ‘സൈക്കിള്‍’, ‘സുല്‍ത്താന്’‍, ‘കളേഴ്‌സ്’, ‘കേരളോത്സവം’, ‘ചട്ടമ്പിനാട്’, ‘ദലമര്‍മ്മരങ്ങള്’‍, ‘ഇങ്ങനേയും ഒരാള്‍’ തുടങ്ങിയ എന്റെ ചിത്രങ്ങളില്‍ എനിക്ക് പെര്‍ഫോം ചെയ്യാന്‍ ഒരുപാടുണ്ടായിരുന്നു.
70കളിലെയും 80കളിലെയും താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും തുടക്കത്തില്‍ തന്നെ ശക്തമായ കഥാപാത്രങ്ങള്‍ കിട്ടിയിട്ടുണ്ട്. അത് വലിയ ഭാഗ്യമാണ്. എന്നാല്‍ ഞാനുള്‍പ്പെടുന്ന പുത്തന്‍ തലമുറയ്ക്ക് ആഭാഗ്യം ലഭിച്ചില്ല.

നടനെന്ന നിലയില്‍ വിനുനേരിടുന്ന വെല്ലുവിളികള്‍

മഹാനടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ കൊച്ചുമകനാണ് ഞാന്‍, സായികുമാറിന്റെ മരുമകനും. എന്റെ അച്ഛന്‍ മോഹനും അമ്മ ശോഭയും അഭിനേതാക്കളാണ്. ഇത് വലിയൊരു ഉത്തരവാദിത്തമാണ്. അഭിനയം നിന്റെ രക്തത്തിലുള്ളതല്ലേ, പിന്നെന്താ നിനക്ക് പ്രശ്‌നം എന്നാണ് എല്ലാവരും എന്നോട് ചോദിക്കുന്നത്. പക്ഷേ അതാണ് എനിക്ക് ടെന്‍ഷനുണ്ടാക്കുന്നത്.

വിനുവിനെ നായകനാക്കിയ ഡയറക്ടര്‍ ലോഹിതദാസിനെ മിസ് ചെയ്യുന്നുണ്ടോ

തീര്‍ച്ചയായും, വളരെയധികം മിസ് ചെയ്യുന്നുണ്ട്. പലപ്പോഴും അദ്ദേഹം കൂടെ ഉള്ളതുപോലെ തോന്നാറുണ്ട്. എന്റെ ആദ്യം ചിത്രം ഒരു ആക്ടിങ് സ്‌ക്കൂളിലേക്കുള്ള പോകുന്നത് പോലെയായിരുന്നു. എനിക്കിപ്പോഴും ഓര്‍മ്മയുണ്ട് ഷൂട്ടിങിന്റെ ആദ്യദിവസം. നല്ല ടെന്‍ഷനായിരുന്നു. പക്ഷേ എന്നില്‍ നിന്നും ശരിയായ ഔട്ട്പുട്ടെടുക്കാനുള്ള ക്ഷമ അദ്ദേഹത്തിനുണ്ടായിരുന്നു. അതുപോലെ ഇപ്പോഴും എനിക്ക് ആശയക്കുഴപ്പം ഉണ്ടാകുമ്പോള്‍ ലോഹിയങ്കിളിനെ വിളിക്കാന്‍ തോന്നും. അദ്ദേഹം ഉണ്ടാക്കിയ വിടവ് ഒരിക്കലും നികത്താനാവാത്തതാണ്.

ബോംബെ മിഠായിയില്‍ അമര്‍സിങുമായുള്ള അനുഭവങ്ങള്‍

‘ബോംബെ മിഠായി’യുടെ ക്ലൈമാക്‌സ് സീനില്‍ ഞങ്ങളൊരുമിച്ചുള്ള സീനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ ഷോട്ട് എന്നോടൊപ്പം ആയതില്‍ വലിയ സന്തോഷമുണ്ട്. ബോംബെ മിഠായിയില്‍ അദ്ദേഹം ചെയ്തത് പ്രശസ്തനായ ഒരു സംഗീതജ്ഞന്റെ റോളാണ്. മാധ്യമങ്ങളോടും സംസാരിക്കുന്നതും സ്‌റ്റേജില്‍ പെര്‍ഫോം ചെയ്യുന്നതുമായ സീനുകള്‍ അദ്ദേഹം വളരെ സ്വാഭാവികമായി ചെയ്തു.
അദ്ദേഹത്തിന്റെ സ്വാഭാവികമായ അഭിനയരീതിയെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, ഒരു രാഷ്ട്രീയ നേതാവായതിനാല്‍ ഞാന്‍ സ്ഥിരമായി മാധ്യമങ്ങളോടും ജനങ്ങളോടും സംവദിക്കാറുണ്ടെന്നാണ്. അദ്ദേഹത്തിന്റെ കഥാപാത്രത്തില്‍ മാത്രമല്ല, എല്ലാവരുടേയും കഥാപാത്രങ്ങളെക്കുറിച്ചും അദ്ദേഹം താല്‍പര്യത്തോടെ ചോദിച്ചറിഞ്ഞു.
നിങ്ങള്‍ സെറ്റില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തിയിരുന്നോ
അമര്‍ജി അറിവിന്റെയും അനുഭവങ്ങളുടേയും പുസത്കം പോലെയാണ്. സൂര്യനുതാഴെയുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും ഞങ്ങള്‍ സംസാരിച്ചെങ്കിലും അതെല്ലാം എത്തിച്ചേര്‍ന്നത് രാഷ്ട്രീയത്തിലേക്കാണ്. അദ്ദേഹം എപ്പോഴും സംഭാഷണങ്ങളെ രാഷ്ട്രീയവുമായി ബന്ധിപ്പിച്ചിരുന്നു. എനിക്ക് രാഷ്ട്രീയത്തില്‍ താല്‍പര്യമില്ല. പക്ഷേ അദ്ദേഹം പങ്കുവച്ച രാഷ്ട്രീയാനുഭവങ്ങള്‍ ശ്രദ്ധയോടെ കേട്ടിരുന്നു. ആദ്യമൊക്കെ അദ്ദേഹത്തോട് സംസാരിക്കുവാന്‍ ചമ്മലായിരുന്നു. എന്നാല്‍ അദ്ദേഹം വളരെ സോഷ്യലായിരുന്നു. അദ്ദേഹത്തെപോലെ വലയൊരു നേതാവിനോട് ഇടപെടാന്‍ കഴിയുക എന്നതുതന്നെ ഭാഗ്യമാണ്.

ഡിംപിള്‍ കപാഡിയയെക്കുറിച്ച്

ഞാനവരുടെ വലിയൊരു ആരാധകനാണ്. വലിയ നടിയുടെ അഹങ്കാരമൊന്നും അവര്‍ക്കില്ല. വളരെ സോഷ്യലാണ്. അമര്‍സിങിന്റെ ഭാര്യയുടെ റോളാണ് ഡിംപിളിന്. അന്‍പതിന്റെ പകുതിയിലും അവര്‍ വളരെ സുന്ദരിയാണ്.

അവരുടെ ഏതെങ്കിലും ചിത്രം കണ്ടിട്ടുണ്ടോ

അവരുടെ പ്രശസ്ത ചിത്രം ‘ബോബി’ എനിക്ക് കാണാന്‍ സാധിച്ചില്ല. ഞാന്‍ ജനിക്കുന്നതിന്റെ എത്രയോ മുന്‍പാണ് ആ ചിത്രം വന്നത്. പക്ഷേ ‘ബോബി’യിലേയും ‘സാഗറി’ലേയും ഗാനങ്ങള്‍ എനിക്ക് ഇഷ്ടമാണ്. അത് ഞാനവരോട് പറഞ്ഞിട്ടുമുണ്ട്. ബോംബെ മിഠായിയില്‍ അവരുടെ പ്രകടനം കണ്ടപ്പോള്‍ എനിക്ക് തോന്നിയത് ബോളിവുഡിന്റെയും നമ്മുടേയും അഭിനയ രീതിയില്‍ വ്യത്യാസമുണ്ടെന്നാണ്. മലയാള സിനിമയില്‍ അഭിനയിക്കാന്‍ നല്ലതാല്‍പര്യമുണ്ടെന്നും മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും കൂടെ അഭിനയിക്കാനിഷ്ടമാണെന്നും അവര്‍ പറഞ്ഞു.

റെഡിഫ് ഡോട്ട്‌കോമിനുവേണ്ടി രശ്മി പത്മ തയ്യാറാക്കിയ അഭിമുഖത്തിന്റെ പരിഭാഷ

Advertisement