കസ്റ്റംസ് നോട്ടീസ് കിട്ടിയിട്ടില്ല, സന്തോഷ് ഈപ്പന്‍ ഐഫോണ്‍ തന്നിട്ടുമില്ല; വാദങ്ങള്‍ തള്ളി വിനോദിനി ബാലകൃഷ്ണന്‍
Kerala News
കസ്റ്റംസ് നോട്ടീസ് കിട്ടിയിട്ടില്ല, സന്തോഷ് ഈപ്പന്‍ ഐഫോണ്‍ തന്നിട്ടുമില്ല; വാദങ്ങള്‍ തള്ളി വിനോദിനി ബാലകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th March 2021, 2:13 pm

തിരുവനന്തപുരം: യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ അറിയില്ലെന്ന് സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍. സന്തോഷ് ഈപ്പന്‍ തനിക്ക് ഐഫോണ്‍ തന്നിട്ടില്ലെന്നും വിനോദിനി പറഞ്ഞു.

കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചുവെന്ന വാദവും വിനോദിനി തള്ളി. തനിക്ക് അങ്ങനെയൊരു നോട്ടീസ് ലഭിച്ചില്ലെന്നാണ് വിനോദിനി പറഞ്ഞത്.

യൂണിടാക്ക് എം.ഡി സന്തോഷ് ഈപ്പന്‍ സ്വപ്ന സുരേഷിന് വാങ്ങി നല്‍കിയ ഐഫോണുകളിലൊന്ന് ഉപയോഗിച്ചത് വിനോദിനി ബാലകൃഷ്ണനാണെന്നാണ് കസ്റ്റംസ് പറയുന്നത്. അടുത്ത ആഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ വിനോദിനിയോട് കസ്റ്റംസ് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ വിനോദിനി ബാലകൃഷ്ണനെതിരായ കസ്റ്റംസ് നീക്കത്തില്‍ പ്രതികരണവുമായി സി.പി.ഐ.എം രംഗത്തെത്തി. രാഷ്ട്രീയ പ്രേരിതമാണ് നടപടിയെന്നാണ് സി.പി.ഐ.എം നേതാവ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞത്.

വിനോദിനിക്കെതിരെ ഉയര്‍ന്നിരിക്കുന്നത് ഗുരുതര ആരോപണമാണെന്നും അതില്‍ വസ്തുതാപരമായ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം 1.13 ലക്ഷം രൂപ വില വരുന്ന ഐഫോണാണ് വിനോദിനി ഉപയോഗിച്ചതെന്ന് കസ്റ്റംസ് പറയുന്നത്.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ആറ് ഐ ഫോണുകളാണ് സന്തോഷ് ഈപ്പന്‍ വാങ്ങിയതെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. ലൈഫ് മിഷന്‍ കേസ് ആയതോടെ ഈ ഫോണുകള്‍ ആരെല്ലാം ഉപയോഗിച്ചു എന്നതില്‍ അന്വേഷണം തുടങ്ങി.

പിന്നീട് ഡോളര്‍ കടത്തിലും സന്തോഷ് ഈപ്പന് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നു. എന്നാല്‍ സംഭവം വിവാദമായതോടെ വിനോദിനി ഉപയോഗിച്ച ഫോണ്‍ സ്വിച്ച് ഓഫ് ആക്കുകയായിരുന്നെന്നാണ് കസ്റ്റംസ് പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Vinodini Balakrishnan responds iPhone controversy