എടാ എന്ന് വിളിച്ചത് മമ്മൂക്കക്ക് ഇഷ്ടപ്പെട്ടില്ല, അദ്ദേഹം പിണങ്ങി മാറി നിന്നു, ഷൂട്ട് നിന്നു: വിനോദ് കോവൂര്‍
Film News
എടാ എന്ന് വിളിച്ചത് മമ്മൂക്കക്ക് ഇഷ്ടപ്പെട്ടില്ല, അദ്ദേഹം പിണങ്ങി മാറി നിന്നു, ഷൂട്ട് നിന്നു: വിനോദ് കോവൂര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 26th May 2023, 11:46 am

ഒപ്പമുള്ള ആളുകള്‍ക്ക് രസകരമായ അനുഭവങ്ങള്‍ നല്‍കിയ മമ്മൂട്ടിയുടെ അനുഭവങ്ങള്‍ പലപ്പോഴും താരങ്ങള്‍ പങ്കുവെക്കാറുണ്ട്. ആദ്യം എന്തെങ്കിലുമൊക്കെ പറഞ്ഞ് പേടിപ്പിക്കുമെന്നും എന്നാല്‍ അദ്ദേഹം ‘പ്രാങ്ക്’ ചെയ്യുന്നതാണെന്നും പലരും പറഞ്ഞിട്ടുണ്ട്.

അത്തരത്തില്‍ മമ്മൂട്ടിയില്‍ നിന്നും പ്രാങ്ക് കിട്ടിയ അനുഭവം നടന്‍ വിനോദ് കോവൂര്‍ പങ്കുവെച്ച വീഡിയോ ശ്രദ്ധ നേടുകയാണ്. വര്‍ഷം സിനിമ ഷൂട്ട് ചെയ്യുന്ന സമയം എടാ എന്ന് വിളിച്ചതിന് മമ്മൂട്ടി തന്നോട് മിണ്ടിയില്ലെന്നും താനുള്‍പ്പെടെ എല്ലാവരും പരിഭ്രാന്തരായി എന്നും വിനോദ് പറഞ്ഞു. എന്നാല്‍ അത് സംവിധായകനും മമ്മൂട്ടിയും കൂടി ഒപ്പിച്ച തമാശ ആയിരുന്നുവെന്നും വിനോദ് കൂട്ടിച്ചേര്‍ത്തു. മാസ്റ്റര്‍ ബിന്‍ ചാനലിന് അദ്ദേഹം നല്‍കിയ അഭിമുഖത്തിലെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.

‘വര്‍ഷത്തില്‍ ഞാന്‍ മമ്മൂക്കയെ എടാ എന്ന് വിളിക്കുന്ന രംഗമുണ്ട്. പക്ഷേ എനിക്ക് എടാ എന്ന് വിളിക്കാന്‍ തോന്നുന്നില്ല. ഇത്രയും ബഹുമാനിക്കുന്ന ഒരു നടനെ കേറി എങ്ങനെ എടാ എന്ന് വിളിക്കും. ഞാന്‍ സംവിധായകനോട് ഇതിനെ പറ്റി സംസാരിച്ചു. കഥാപാത്രമല്ലേ വിനോദേ, വിളിക്കാതിരിക്കാന്‍ പറ്റുമോ എന്ന് സംവിധായകന്‍ ചോദിച്ചു.

എന്നാല്‍ അത് വിളിച്ചതിന്റെ പേരില്‍ ഒരുപാട് പൊല്ലാപ്പുണ്ടായി. മമ്മൂക്ക പിണങ്ങി. കുറച്ച് നേരത്തേക്ക് ഷൂട്ടിങ് ഒക്കെ നിര്‍ത്തിവെച്ചു. മമ്മൂക്കയുടെ കയ്യില്‍ പിടിക്കുന്ന സീന്‍ എടുക്കണം. പക്ഷേ മമ്മൂക്ക കൈ തരാതെ മാറി നില്‍ക്കുകയാണ്. അപ്പോള്‍ സംവിധായകന്‍ കട്ട് പറഞ്ഞു. എന്താ കൈ പിടിക്കാഞ്ഞത് എന്ന് സംവിധായകന്‍ ചോദിച്ചു. മമ്മൂക്ക കൈ തന്നില്ല എന്ന് ഞാന്‍ പറഞ്ഞു.

മമ്മൂക്കാ, കൈ കൊടുക്കണം എന്ന് സംവിധായകന്‍ പറഞ്ഞു. ഞാന്‍ അവന് കൈ കൊടുക്കില്ല, അവന്‍ എന്നെ എടാ പോടാന്ന് വിളിച്ചത് കേട്ടില്ലേ എന്ന് പറഞ്ഞ് മമ്മൂക്ക ആകെ സീരിയസായി. ഞാനും ഡയറക്ടറുമൊക്കെ സോറി പറഞ്ഞു. ക്യാമറമാനൊക്കെ ഇറങ്ങി വന്നു. ആകെ പ്രശ്‌നമായി. മമ്മൂക്ക ആരും പറയുന്നത് കേള്‍ക്കുന്നില്ല.

മമ്മൂക്കാ, എന്റെ കഥാപാത്രമാണ് പറഞ്ഞത് ഞാനല്ല എന്ന് ഞാന്‍ പറഞ്ഞു. ഓ, അതാണ് കാര്യമല്ലേ, എന്നാല്‍ പിന്നെ കൈ പിടിച്ചോ എന്ന് പറഞ്ഞ് മമ്മൂക്ക കൈ തന്നു. അദ്ദേഹം ഒരു നമ്പര്‍ കാണിച്ചതാ. ഒരു അഞ്ച് മിനിട്ടത്തേക്ക് ഞാന്‍ മാത്രമല്ല, എല്ലാവരും പേടിച്ചു പോയി. ഡയറക്ടറോട് നേരത്തെ പറഞ്ഞിട്ടുണ്ടാവും. അദ്ദേഹവും അഭിനയിച്ചു. പക്ഷേ ബാക്കി എല്ലാവരും പേടിച്ചു പോയി,’ വിനോദ് പറഞ്ഞു.

Content Highlight: vinod kovoor talks about an experience with mammootty