അവരോടുള്ള ഇഷ്ടം കാരണമാണ് എനിക്കും ധ്യാനിനും അച്ഛന്‍ ആ പേരുകളിട്ടത്: വിനീത് ശ്രീനിവാസന്‍
Entertainment
അവരോടുള്ള ഇഷ്ടം കാരണമാണ് എനിക്കും ധ്യാനിനും അച്ഛന്‍ ആ പേരുകളിട്ടത്: വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 2nd April 2024, 4:57 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശ്രീനിവാസന്‍. അദ്ദേഹത്തിന്റെ മക്കളായ വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. തങ്ങളുടെ അച്ഛന് ഹോക്കി ഒരുപാട് ഇഷ്ടമാണെന്ന് പറയുകയാണ് വിനീത്.

വിനീത് കുമാര്‍, ധ്യാന്‍ ചന്ദ് എന്നീ ഹോക്കി പ്ലെയേര്‍സിനോടുള്ള ഇഷ്ടം കാരണമാണ് തങ്ങള്‍ക്ക് ആ പേരുകള്‍ ഇട്ടതെന്നും വിനീത് പറഞ്ഞു. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഫിലിമി ബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘വിനീത് കുമാര്‍ എന്ന ഒരു ഹോക്കി പ്ലെയര്‍ ഉണ്ടായിരുന്നു. ഒപ്പം ധ്യാന്‍ ചന്ദും. എന്നാല്‍ ധ്യാന്‍ ചന്ദാണ് കൂടുതല്‍ പോപുലര്‍ ആയ കളിക്കാരന്‍.

അച്ഛന് ഹോക്കി ഒരുപാട് ഇഷ്ടമായിരുന്നു. അങ്ങനെ ഹോക്കിയോടും ഈ കളിക്കാരോടുമുള്ള ഇഷ്ടത്തിന് പുറത്താണ് അച്ഛന്‍ ഞങ്ങള്‍ക്ക് വിനീത് എന്നും ധ്യാന്‍ എന്നുമുള്ള പേരുകളിടുന്നത്,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. പ്രണവ് മോഹന്‍ലാല്‍ – ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ നായകന്മാരായി എത്തുന്ന ചിത്രത്തില്‍ ഷാന്‍ റഹ്‌മാനും ഒരു പ്രധാനവേഷത്തില്‍ എത്തുന്നു. ചിത്രത്തിന്റെ ടീസറില്‍ ഷാന്‍ റഹ്‌മാനെ റീ ബ്രാന്‍ഡിങ് എന്ന ടാഗോടെ കാണിച്ചതിനെ കുറിച്ചും വിനീത് അഭിമുഖത്തില്‍ പറഞ്ഞു.

‘ഞങ്ങള്‍ സത്യത്തില്‍ റീ ഇന്‍ട്രഡ്യൂസിങ് ഷാന്‍ റഹ്‌മാന്‍ എന്ന് കൊടുക്കാനായിരുന്നു കരുതിയത്. അപ്പോഴാണ് ആവേശത്തിന്റെ ടീസര്‍ വരുന്നത്. അതില്‍ റീ ഇന്‍ട്രഡ്യൂസിങ് ഫഫാ എന്നായിരുന്നു അവര്‍ കൊടുത്തത്.

അപ്പോള്‍ പിന്നെ അത് നമ്മള്‍ ആവര്‍ത്തിക്കുന്നത് മോശമല്ലേ. പകരം എന്ത് ചെയ്യാമെന്ന ഡിസ്‌കഷന്‍ വന്നു. ഷാനിനെ പൊതുവെ മ്യൂസിക് ഡയറക്ടര്‍ എന്ന ബ്രാന്‍ഡിലാണല്ലോ ആളുകള്‍ക്ക് അറിയുന്നത്. അതുകൊണ്ട് റീ ബ്രാന്‍ഡിങ് ഇട്ടാലോ എന്ന് ചിന്തിക്കുകയായിരുന്നു,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.


Content Highlight: Vineeth Sreenivasan Talks About Sreenivasan