അതൊക്കെ നടന്നാൽ നല്ലതാണ്, ഞാൻ എല്ലാത്തിനും റെഡിയാണ്; പ്രിയദർശൻ ചിത്രത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ
Entertainment
അതൊക്കെ നടന്നാൽ നല്ലതാണ്, ഞാൻ എല്ലാത്തിനും റെഡിയാണ്; പ്രിയദർശൻ ചിത്രത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 3rd April 2024, 6:44 pm

മലയാളികളുടെ പ്രിയ താര പുത്രനാണ് വിനീത് ശ്രീനിവാസൻ. ഗായകനായി തന്റെ കരിയർ തുടങ്ങിയ വിനീത് പിന്നീട് നടൻ, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചിട്ടുണ്ട്.

സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം വലിയ രീതിയിൽ പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്തിരുന്നു. ഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാലും വിനീതും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, കല്ല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗിസ്, ഷാന്‍ റഹ്‌മാന്‍, നിവിന്‍ പോളി എന്നിവര്‍ ഉള്‍പ്പെടെയുള്ള വന്‍ താരനിര തന്നെ ഒന്നിക്കുന്നുണ്ട്.

ഈയിടെ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് വിനീത് തിരക്കഥയൊരുക്കുന്ന ഒരു സിനിമ വരുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ആ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് വിനീത്.

അങ്ങനെ ഒരു പ്രൊജക്റ്റ് ഇല്ലെന്നാണ് താരം പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഇല്ല. അങ്ങനെയൊരു പ്രൊജക്റ്റ് ഇല്ല. എന്റെയടുത്ത് ആരും പറഞ്ഞിട്ടില്ല. ഇതൊക്കെ നടക്കുകയാണെങ്കില്‍ നല്ലതാണ്. ഞാന്‍ ഒന്നിനും എതിരില്ല. എല്ലാത്തിനും റെഡിയാണ് ഞാന്‍,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

ദുല്‍ഖര്‍ സല്‍മാന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ നായകന്മാരാക്കി എന്നാണ് സിനിമയുണ്ടാകുക എന്ന ചോദ്യത്തിനും വിനീത് മറുപടി പറഞ്ഞു.
നല്ല സ്‌ക്രിപ്റ്റ് വരുമ്പോള്‍ താന്‍ ഇവരുടെ അടുത്തൊക്കെ പോകുമെന്നും അവരോടൊപ്പം ഒരു സിനിമ ചെയ്യാന്‍ സാധിച്ചാല്‍ അതില്‍ തനിക്ക് സന്തോഷമുണ്ടാകുമെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.

‘ഇങ്ങനെയൊക്കെ ചോദിച്ചാല്‍ ഞാന്‍ എന്താണ് പറയേണ്ടത്. പറ്റിയ സ്‌ക്രിപ്റ്റ് വരുമ്പോള്‍ ഞാന്‍ ഇവരുടെ അടുത്തൊക്കെ പോകും. അവര്‍ക്ക് ഒക്കെ ആയാല്‍ എനിക്ക് സന്തോഷം. അവരോടൊപ്പമുള്ള സിനിമയൊക്കെ വലിയ ആഗ്രഹങ്ങളാണ്. നമുക്ക് ഇഷ്ടമുള്ള ആളുകളാണ് ഇവര്‍ മൂന്നുപേരും. എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

Content Highlight: Vineeth Sreenivasan Talk About Film With Priyadharshan