ഭാര്യയെ കൊണ്ട് ആദ്യ ഗാനം പാടിച്ച് സംഗീത സംവിധായകനായി വിനീത് ശ്രീനിവാസന്‍
Malayalam Cinema
ഭാര്യയെ കൊണ്ട് ആദ്യ ഗാനം പാടിച്ച് സംഗീത സംവിധായകനായി വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 16th September 2020, 10:49 am

ആദ്യമായി സംഗീത സംവിധാന രംഗത്തേക്ക് ചുവടുവെക്കുന്ന വിവരം ആരാധകരുമായി പങ്കുവെച്ച് നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍. ആദ്യമായി താന്‍ സംഗീതം നല്‍കുന്ന ഗാനം ആലപിക്കുന്നത് ഭാര്യ ദിവ്യയാണെന്നും വിനീത് പറയുന്നു.

‘ദിവ്യയ്‌ക്കൊപ്പം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ പാട്ടുമായി ബന്ധപ്പെട്ടുള്ള തിരക്കിലായിരുന്നു. ഇത് സിംഗിള്‍ ആണ്. ഒരു ഗായിക എന്ന നിലയിലേക്കുള്ള ദിവ്യയുടെ കാല്‍വയ്പ്പാണിത്. സംഗീത സംവിധായകന്‍ എന്ന നിലയില്‍ എന്റെയും’ വിനീത് ശ്രീനിവാസന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

‘ഉയര്‍ന്ന് പറന്ന്’ എന്ന പേരിലാണ് ഗാനം പുറത്തിറക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ പാട്ട് ആസ്വാദകരിലേയ്‌ക്കെത്തുമെന്ന് വിനീത് അറിയിച്ചു. ഇതോടെ വിനീതിനും ദിവ്യയ്ക്കും ആശംസകള്‍ അറിയിച്ച് നിരവധി പേര്‍ രംഗത്തെത്തി. വിനീതിന്റെ സംഗീതത്തിലൊരുങ്ങുന്ന ഗാനത്തിനായി കാത്തിരിക്കുകയാണെന്നും ദിവ്യയുടെ ആദ്യ ഗാനത്തിന് എല്ലാ പിന്തുണയും നല്‍കുന്നെന്നുമാണ് ആരാധകര്‍ കുറിച്ചത്.

അടുത്തിടെ ദിവ്യ പാട്ടുപാടുന്നതിന്റെ ഒരു വീഡിയോ വിനീത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ദിവ്യയ്‌ക്കൊപ്പം പതിനാറ് വര്‍ഷങ്ങളായെങ്കിലും ആദ്യമായാണ് ദിവ്യ പാടുന്ന ഒരു പാട്ട് റെക്കോര്‍ഡ് ചെയ്യാന്‍ അനുവദിച്ചതെന്നും അത് തന്നെ സംബന്ധിച്ച് വലിയ കാര്യമാണെന്നും കുറിച്ചു കൊണ്ടായിരുന്നു വിനീതിന്റെ പോസ്റ്റ്.

അവതാരം എന്ന തമിഴ് ചിത്രത്തിലെ തെന്‍ട്രല്‍ വന്ത് തീണ്ടും പോത് എന്ന ഗാനമായിരുന്നു അന്ന് ദിവ്യ പാടിയത്. വീഡിയോ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

CONTENT HIGHLIGHT; vineeth sreenivasan composing song for the first time wife divya singing