ദുല്‍ഖറിന്റെ മടിയിലായിരുന്നു അന്ന് പ്രണവ് ഇരുന്നത്, അവരെ കാണുമ്പോള്‍ അത് ഓര്‍മ വരും: വിനീത് ശ്രീനിവാസന്‍
Entertainment news
ദുല്‍ഖറിന്റെ മടിയിലായിരുന്നു അന്ന് പ്രണവ് ഇരുന്നത്, അവരെ കാണുമ്പോള്‍ അത് ഓര്‍മ വരും: വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 12th February 2023, 4:40 pm

പ്രണവിന്റെയും ദുല്‍ഖറിന്റെയും സൗഹൃദത്തെക്കുറിച്ച് പറയുകയാണ് നടന്‍ വിനീത് ശ്രീനിവാസന്‍. എ.എം.എം.എയുടെ ആദ്യ ഫങ്ഷനില്‍ വെച്ചാണ് താന്‍ പ്രണവിനെ ആദ്യമായി കണ്ടതെന്നും അന്ന് ദുല്‍ഖറിന്റെ മടിയില്‍ ഇരിക്കുകയായിരുന്നു പ്രണവെന്നും വിനീത് പറഞ്ഞു.

ഷോക്ക് വേണ്ടി ദുല്‍ഖറിന്റെ മടിയില്‍ ഇരുന്ന് മോഹന്‍ലാല്‍ ഡാന്‍സ് ചെയ്യുന്നത് നോക്കിയിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രണവിനെയും ദുല്‍ഖറിനെയും ഒരുമിച്ച് കാണുമ്പോള്‍ താന്‍ ഇപ്പോഴും അതൊക്കെ ഓര്‍ക്കാറുണ്ടെന്നും വിനീത് പറഞ്ഞു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഞാന്‍ ആദ്യമായിട്ട് പ്രണവിനെ കണ്ടത് 1995ലാണ്. അമ്മയുടെ ഫങ്ഷനില്‍ ഞാനിരിക്കുന്നതിന് കുറച്ച് മാറിയിട്ടാണ് പ്രണവ് ഇരുന്നത്. ദുല്‍ഖറിന്റെ മടിയിലാണ് പ്രണവ് ഇരുന്നിരുന്നത്. സോഫ്റ്റ് ഡ്രിങ്ക് ഒക്കെ പിടിച്ച് ഒരു ചെറിയ കുട്ടിയായിരുന്നു അവന്‍. ദുല്‍ഖറും വളരെ ചെറുതാണ്.

അവിടെ വെച്ചാണ് പ്രണവിനെ ഞാന്‍ ഫസ്റ്റ് കാണുന്നത്. അമ്മയുടെ ഫസ്റ്റ് ഷോയ്ക്ക് ലാല്‍ അങ്കിള്‍ ‘മാനം തെളിഞ്ഞെ നിന്നാല്‍’ എന്ന പാട്ടിന് ഡാന്‍സ് ചെയ്യുകയായിരുന്നു. പരിപാടിക്ക് ഗസ്റ്റായിട്ട് എത്തിയത് കമല്‍ ഹാസനായിരുന്നു. അപ്പോള്‍ അവിടെ നല്ല ഡാന്‍സൊക്കെ ലാല്‍ അങ്കിള്‍ ചെയ്തിരുന്നു.

തേന്മാവിന്‍ കൊമ്പത്ത് സിനിമയുടെ കോസ്റ്റിയൂമാക്കെ ഇട്ട് അദ്ദേഹം ഡാന്‍സ് ചെയ്യുന്നത് എനിക്ക് ഇന്നും ഓര്‍മയുണ്ട്. ചെറിയ കുട്ടിയായ പ്രണവ് ഫാന്റയുടെ ടിന്നൊക്കെ കുടിച്ച് അവന്റെ അച്ഛന്‍ ഡാന്‍സ് ചെയ്യുന്നത് നോക്കി നില്‍ക്കുകയായിരുന്നു. ഞാന്‍ ഇടക്ക് രണ്ടുപേരെയും കാണുമ്പോള്‍ അതൊക്കെ ഓര്‍ക്കാറുണ്ട്,” വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

പ്രണവിനെ പ്രധാന കഥാപാത്രമാക്കി വിനീത് സംവിധാനം ചെയ്ത ഹൃദയം ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേക്ക് വീണ്ടും തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. 2022 ജനുവരി 21നായിരുന്നു ചിത്രം ആദ്യമായി തിയറ്ററില്‍ റിലീസ് ചെയ്തത്.

content highlight: vineeth sreenivasan about pranv and dulquer