പ്രണവിന് ആരുമറിയാത്ത ഒരു പേഴ്സണല്‍ പ്രൊഫൈലുണ്ട്, പുള്ളിയുടെ യാത്രയുടെ പടങ്ങളെല്ലാം അതിലാണ്: വിനീത് ശ്രീനിവാസന്‍
Movie Day
പ്രണവിന് ആരുമറിയാത്ത ഒരു പേഴ്സണല്‍ പ്രൊഫൈലുണ്ട്, പുള്ളിയുടെ യാത്രയുടെ പടങ്ങളെല്ലാം അതിലാണ്: വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 11th November 2022, 5:55 pm

ഹൃദയം എന്ന ചിത്രത്തിലൂടെ പ്രണവ് മോഹന്‍ലാലിന് മലയാളത്തില്‍ വലിയൊരു ഹിറ്റ് നല്‍കിയ സംവിധായകനാണ് വിനീത് ശ്രീനിവാസന്‍. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്കുള്ള പ്രണവിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ഹൃദയം. ബോക്‌സ് ഓഫീസില്‍ വലിയ ഹിറ്റായ ചിത്രത്തിന് ശേഷം പ്രണവ് മറ്റ് സിനിമകള്‍ അഭിനയിച്ചിട്ടില്ല. നിലവില്‍ ഒരു യൂറോപ്യന്‍ യാത്രയിലാണ് പ്രണവ്. പ്രണവിന്റെ ചില വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ വിനീത്.

പ്രണവിനെ കുറിച്ച് വല്ല വിവരവും ഉണ്ടോ എന്ന ചോദ്യത്തിന് ഇടയ്ക്ക് കാണാറുണ്ടെന്നായിരുന്നു വിനീതിന്റെ മറുപടി.

‘പ്രണവിനെ ഇടയ്ക്ക് കാണാറൊക്കെയുണ്ട്. പുള്ളി ഇപ്പോള്‍ തീര്‍ത്ഥയാത്രയിലാണ്. 800 മൈല്‍ ദൂരം കാല്‍നടയായി സഞ്ചരിക്കുകയാണ്. ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് നടക്കുകയാണ്. ഇപ്പോള്‍ എവിടെയാണ് ഉള്ളതെന്ന് അറിയില്ല. നടക്കുകയാണെന്ന് അറിയാം, വിനീത് പറഞ്ഞു.

നടക്കുന്ന ഫോട്ടോയൊക്കെ എടുത്ത് അയച്ചുതരാറുണ്ടോ എന്ന ചോദ്യത്തിന് ഒരു പേഴ്‌സണല്‍ പ്രൊഫൈല്‍ ഉണ്ടെന്നും അതില്‍ കാണാന്‍ പറ്റുമെന്നുമായിരുന്നു വിനീതിന്റെ മറുപടി. ഏതാണ് ആ പ്രൊഫൈല്‍ എന്ന ചോദ്യത്തിന് അത് താന്‍ പറയുന്നത് ശരിയല്ലല്ലോയെന്നായിരുന്നു വിനീതിന്റെ മറുപടി.

മക്കള്‍ക്ക് അച്ഛന്റെ പ്രൊഫഷനെ കുറിച്ച് അറിയുമോ എന്ന ചോദ്യത്തിന് ഹൃദയം തന്റെ പടമാണെന്ന് പോലും മക്കള്‍ക്ക് അറിയുമോയെന്ന് സംശയമാണെന്നായിരുന്നു വിനീതിന്റെ മറുപടി. ‘അവരെ സംബന്ധിച്ച് ഈ സിനിമ അപ്പു അങ്കിളിന്റെ പടമാണ്. അപ്പുവിനെ ഭയങ്കര ഇഷ്ടമാണ് രണ്ടുപേര്‍ക്കും. പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്ന സമയത്ത് നമ്മള്‍ പടം ഇങ്ങനെ വീട്ടില്‍ ഇട്ട് കണ്ടുകൊണ്ടിരിക്കുമല്ലോ, അപ്പോള്‍ ഇവര്‍ ഇങ്ങനെ ഇത് കാണുന്നുണ്ട്. അവര്‍ ഏറ്റവും കൂടുതല്‍ കണ്ടിട്ടുള്ള ആക്ടര്‍ അപ്പുവാണ്. അപ്പു വീട്ടില്‍ വരുകയോ അപ്പുവിനെ വേറെ എവിടെയെങ്കിലും വെച്ച് കാണുകയോ ചെയ്താല്‍ രണ്ട് പേര്‍ക്കും ഭയങ്കര സന്തോഷമാണ്. പ്രത്യേകിച്ച് ഇളയമകള്‍ അപ്പുവിന്റെ ഭയങ്കര ഫാനാണ്,’ വിനീത് പറഞ്ഞു.

ഹൃദയം സിനിമയിലെ ചില രംഗങ്ങള്‍ ഷൂട്ട് ചെയ്യുമ്പോള്‍ മോഹന്‍ലാലിന്റെ ചില പാട്ടുകള്‍ സെറ്റില്‍ ബി.ജി.എം ആയി പ്ലേ ചെയ്തിരുന്നെന്ന് വിനീത് മറ്റൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ദര്‍ശന മതില്‍ ചാടുന്ന സീനില്‍ നമുക്ക് പാര്‍ക്കാര്‍ മുന്തിരിത്തോപ്പുകളിലെ പാട്ടിന്റെ ബി.ജി.എം ആയിരുന്നു ഉപയോഗിച്ചതെന്നും സീന്‍ കഴിഞ്ഞ ശേഷം അപ്പു വന്ന് ഞാന്‍ ഈ പാട്ടിന്റെ റൈറ്റ്‌സ് അച്ഛനോട് ചോദിക്കട്ടേയെന്ന് ചോദിച്ചിരുന്നെന്നും വിനീത് പറഞ്ഞിരുന്നു.

Content Highlight: Vineeth Sreenivasan about Pranav Mohanlal Personal Profile