ഹൃദയത്തിന്റെ സെക്കന്റ് ഹാഫില്‍ പ്രണവിന്റെ ലുക്ക് മാറ്റാന്‍ ആലോചിച്ചിരുന്നു; കോസ്റ്റിയൂമറുടെ അടുത്ത് പറഞ്ഞപ്പോഴുള്ള മറുപടി ഇതായിരുന്നു: വിനീത് ശ്രീനിവാസന്‍
Movie Day
ഹൃദയത്തിന്റെ സെക്കന്റ് ഹാഫില്‍ പ്രണവിന്റെ ലുക്ക് മാറ്റാന്‍ ആലോചിച്ചിരുന്നു; കോസ്റ്റിയൂമറുടെ അടുത്ത് പറഞ്ഞപ്പോഴുള്ള മറുപടി ഇതായിരുന്നു: വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 7th April 2022, 3:25 pm

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഹൃദയം. വലിയ ഓളമായിരുന്നു ചിത്രം തിയേറ്ററുകളില്‍ സൃഷ്ടിച്ചത്.

പ്രണവിന്റെ വേറിട്ടൊരു അഭിനയ രീതിയായിരുന്നു ചിത്രത്തില്‍ കണ്ടത്. വിനീത് ശ്രീനിവാസന്റെ കരിയറിലേയും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ഹൃദയം.

ഹൃദയത്തിലെ പ്രണവിനെ ലുക്കിനെ കുറിച്ചും ചിത്രത്തിന്റെ സെക്കന്റ് ഹാഫില്‍ ആ ലുക്ക് മാറ്റാന്‍ ആലോചിച്ചിരുന്നതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് വിനീത്. മൂവിമാന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് വിനീത്.

‘പണ്ട് സാഗര്‍ ഏലിയാസ് ജാക്കിയില്‍ അപ്പു ഒരു പാസ്സിങ് സീനില്‍ വന്നുപോകുന്നുണ്ട്. മുടിയൊക്കെ ഫ്രണ്ടിലേക്ക് ഇട്ടിട്ടുള്ള ലുക്കായിരുന്നു. അത് കാണാന്‍ നല്ല രസമായിരുന്നു. ഞാന്‍ ആദ്യം അപ്പുവിനെ ആലോചിക്കുമ്പോള്‍ ആ മുഖമാണ് എനിക്ക് ഓര്‍മവന്നത്. ആ ലുക്ക് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടതുമായിരുന്നു. ആ ലുക്കില്‍ പ്രണവിനെ ഇതുവരെ സിനിമകളിലൊന്നും കണ്ടിട്ടുമില്ല.

അപ്പു നേരത്തെ ചെയ്ത സിനിമകളിലൊക്കെ താടിയുണ്ടായിരുന്നു. ആ താടിയെടുത്തിട്ട് ഫസ്റ്റ് ഹാഫിലെ കുറച്ച് പോര്‍ഷന്‍സ് ചെയ്ത് നോക്കാമെന്ന് വിചാരിച്ചു. അതുപോലെ മുടി നെറ്റിയിലേക്ക് ഇറക്കാമെന്നും കരുതി. ആ പഴയ ലുക്കിലേക്ക് കൊണ്ടുവന്നാല്‍ രസമാകുമെന്ന് തോന്നി. പിന്നെ നമ്മുടെ പടവും സെറ്റ് ചെയ്തത് ആ ഒരു കാലഘട്ടത്തിലാണ്.

2006ല്‍ പിള്ളേര്‍ അങ്ങനെ നടക്കുന്ന സമയമാണ്. അപ്പുവിന്റെ ലുക്ക് കാലഘട്ടം മാറുന്നതിനനുസരിച്ച് മാറ്റാനായിരുന്നു തീരുമാനം. സെക്കന്റ് ഹാഫില്‍ ലുക്ക് ചേഞ്ചാക്കാമെന്ന് കരുതിയിരുന്നു. പക്ഷേ എന്റെ ക്രൂവില്‍ എല്ലാവരും അവനെ ഇങ്ങനെ കാണുന്നതാണ് രസമെന്ന് പറഞ്ഞു. സെക്കന്റ് ഹാഫില്‍ അപ്പുവിന്റെ സ്റ്റൈലിങ് നമുക്ക് മാറ്റാമെന്ന് കോസറ്റിയൂമറുടെ അടുത്ത് പറഞ്ഞപ്പോള്‍ ദയവുചെയ്ത് ചെയ്യരുത് ഇത് നല്ല ക്യൂട്ടായിട്ടുണ്ട് ഇത് തന്നെ ഇരിക്കട്ടെയെന്നായിരുന്നു അദ്ദേഹവും പറഞ്ഞത്.’ വിനീത് പറഞ്ഞു.

ഹൃദയം എന്ന സിനിമയില്‍ പ്രണവ് നന്നായി അഭിനയിച്ചിട്ടുണ്ടെങ്കില്‍ അതിന് ഒരു കാരണമുണ്ടെന്നും വിനീത് പറഞ്ഞു.’ മൊത്തം ടീമുമായി ആള് കംംഫര്‍ട്ടബിള്‍ ആയപ്പോഴുണ്ടായ വ്യത്യാസമാണ് അതെന്നാണ് തോന്നുന്നത്. പിന്നെ മൂന്ന് പടത്തിന്റെ എക്‌സ്പീരിയന്‍സ് കഴിഞ്ഞാണ് വന്നത്. അതിന്റെ ഭയങ്കര ഗുണമുണ്ടായിരുന്നു. പിന്നെ ഞാന്‍ ഒരു തരത്തിലും അവന്റെ പേഴ്‌സണാലിറ്റി മാറ്റാന്‍ നോക്കിയിട്ടില്ല. അവന്റെ മാനറിസത്തിലും ഫീച്ചേഴ്‌സിലും രസമുള്ള കാര്യമെന്താണെന്ന് നോക്കി പിടിച്ചാണ് പോയത്. അതില്‍ അപ്പുവും കംഫര്‍ട്ടായിരുന്നു,’ വിനീത് പറഞ്ഞു.

Content Highlight: Vineeth Sreenivasan about Pranav Mohanlal Look Change on Hridayam