ഇത് 'ആദി'യില്‍ യൂസ് ചെയ്തതാണ്, ഞാന്‍ ഡ്രെസ്സൊന്നും മേടിക്കാത്തത് കൊണ്ട് ജീത്തു ചേട്ടന്‍ എടുത്തോളാന്‍ പറഞ്ഞു; ഷൂട്ടിംഗ് സെറ്റിലെ പ്രണവിനെ പറ്റി വിനീത്
Entertainment news
ഇത് 'ആദി'യില്‍ യൂസ് ചെയ്തതാണ്, ഞാന്‍ ഡ്രെസ്സൊന്നും മേടിക്കാത്തത് കൊണ്ട് ജീത്തു ചേട്ടന്‍ എടുത്തോളാന്‍ പറഞ്ഞു; ഷൂട്ടിംഗ് സെറ്റിലെ പ്രണവിനെ പറ്റി വിനീത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 24th January 2022, 11:04 pm

മോഹന്‍ലാലിന്റെ മകനാണെങ്കിലും ഏറ്റവും ലളിതമായ ജീവിതമാണ് പ്രണവ് മോഹന്‍ലാല്‍ നയിക്കുന്നത്. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്നും അകന്ന് യാത്രകളൊക്കെയായി തന്റേതായ ജീവിതമാണ് പ്രണവ് രൂപപ്പെടുത്തിയെടുത്തത്. അടുത്തിടെ മോഹന്‍ലാല്‍ തനിക്ക് ചെയ്യാന്‍ സാധിക്കാത്ത യാത്രകളും വായനയുമൊക്കെ മകന്‍ ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞിരുന്നു.

ഇപ്പോഴിതാ പ്രണവിന്റെ സിംപ്ലിസിറ്റി കാണിക്കുന്ന ഹൃദയം ഷൂട്ടിംഗ് സെറ്റിലെ അനുഭവങ്ങള്‍ പറയുകയാണ് സംവിധായകന്‍ വിനീത് ശ്രീനിവാസനും നിര്‍മാതാവ് വിശാഖ് സുബ്രഹ്‌മണ്യവും. ക്ലബ്ബ് എഫ്.എമ്മിനോടായിരുന്നു ഇരുവരുടെയും പ്രതികരണം.

‘അപ്പുവിന്റ ലൈഫ് സ്റ്റൈല്‍ അവനായിട്ട് തീരുമാനിച്ചതാണ്. എന്റെ അറിവില്‍ അവന്‍ രണ്ട് ജീന്‍സും, അഞ്ച് ടീഷര്‍ട്ടുമാണ് നാലഞ്ച് കൊല്ലമായി ഉപയോഗിക്കുന്നത്. ഒരു മഹാത്മാ ഗാന്ധിയുടെ പടമുള്ള ടീഷര്‍ട്ട്, ഒരു മങ്കി ടീഷര്‍ട്ട്, ഒരു കീറിയ ജീന്‍സ്, ഒരു സ്ലിപ്പര്‍ എന്നിവയാണ് അവനുള്ളത്,’ വിശാഖ് പറഞ്ഞു.

ഇതുകേട്ടയുടന്‍ മറ്റൊരു അനുഭവം വിനീത് പറയുകയായിരുന്നു.

‘മലയുടെ മുകളില്‍ ഷൂട്ട് ഉണ്ടായിരുന്നു. വിന്റെര്‍ വെയര്‍ ഉണ്ടോന്ന് അപ്പുവിനോട് ചോദിച്ചപ്പോള്‍ ഒരു ടീഷര്‍ട്ട് എടുത്തു കൊണ്ട് വന്നു. ഇത് എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞത് ഇത് ആദിയില്‍ യൂസ് ചെയ്തതാണ്. ഞാന്‍ ഡ്രെസ്സൊന്നും മേടിക്കാത്തത് കൊണ്ട് ജീത്തു ചേട്ടന്‍ എന്നോട് എടുത്തോളാന്‍ പറഞ്ഞുവെന്നാണ്,’ വിനീത് ചിരിച്ചുകൊണ്ട് പറഞ്ഞു.

‘ഒരു ദിവസം സെറ്റില്‍ അവന്‍ നല്ലൊരു പാന്റിട്ട് വന്നു. അപ്പൂ ഇന്ന് നല്ല രസമുണ്ടല്ലോ എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ എല്ലാരും എന്താ ഇങ്ങനെ പറയുന്നേന്നു അവന് സംശയമായി. സാധാരണ അങ്ങനെയൊന്നും അല്ല വരുക. നന്നായി വരുന്നത് കണ്ടപ്പോള്‍ എല്ലാവര്‍ക്കും അത്ഭുതമായി. വരുന്ന വഴി തൊട്ട് എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുവായിരുന്നു,’ വിനീത് കൂട്ടിച്ചേര്‍ത്തു.

ബാലതാരമായുള്ള അരങ്ങേറ്റത്തിന് ശേഷം 2018 ല്‍ ജീത്തു ജോസഫിന്റെ ആദിയിലൂടെയാണ് പ്രണവ് പിന്നീട് നായകനായെത്തിയത്. പിന്നീട് 2019 അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ വീണ്ടും നായകനായി.

അപ്പോഴെല്ലാം പ്രണവിലെ നടനെതിരെ വിമര്‍ശനങ്ങളുയര്‍ന്നെങ്കിലും 2021 പ്രിയദര്‍ശന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കിയതിന്റെ പേരില്‍ അഭിനന്ദിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ പ്രണവായിരുന്നു മുന്‍പന്തിയില്‍.

വിനീതിന്റെ ഹൃദയത്തിലൂടെ കുറവുകളെല്ലാം പരിഹരിച്ച് താന്‍ പ്രതീക്ഷ വെക്കാവുന്ന നടനാണെന്ന് തെളിയിക്കുകയാണ് പ്രണവ് മോഹന്‍ലാല്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: vineeth shares an experience with pranav mohanlal