അച്ഛന്‍ മോഡേണ്‍ മെഡിസിനെതിരെ പറഞ്ഞതിന് ആളുകള്‍ എന്നെ ചീത്ത വിളിച്ചു, അങ്ങാടിയില്‍ തോറ്റതിന് അമ്മയോടാണോ, അച്ഛനോട് പറഞ്ഞാല്‍ പോരേ: വിനീത് ശ്രീനിവാസന്‍
Film News
അച്ഛന്‍ മോഡേണ്‍ മെഡിസിനെതിരെ പറഞ്ഞതിന് ആളുകള്‍ എന്നെ ചീത്ത വിളിച്ചു, അങ്ങാടിയില്‍ തോറ്റതിന് അമ്മയോടാണോ, അച്ഛനോട് പറഞ്ഞാല്‍ പോരേ: വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 8th November 2022, 10:40 am

ശ്രീനിവാസന്‍ ആശുപത്രിയിലായിരുന്ന സമയത്ത് തനിക്കെതിരെ വിദ്വേഷ കമന്റുകള്‍ വന്നിട്ടുണ്ടെന്ന് വിനീത് ശ്രീനിവാസന്‍. അച്ഛന്‍ മോഡേണ്‍ മെഡിസിനെതിരെ പറഞ്ഞതിന് തന്നെ ആളുകള്‍ ചീത്ത വിളിക്കുന്നതെന്തിനാണെന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വിനീത് ചോദിച്ചു.

‘അച്ഛന്റെ ആരോഗ്യം ബെറ്ററായി വരുന്നുണ്ട്. അടുത്ത മാസം ഷൂട്ടിന് പോവാന്‍ റെഡിയായി നില്‍ക്കുകയാണ്. ഞങ്ങളൊരുമിച്ച് ഒരു പടമുണ്ടാവും. കുറുക്കന്‍ എന്നാണ് സിനിമയുടെ പേര്. ഷൈന്‍ ടോം ചാക്കോയും ചിത്രത്തിലുണ്ടാവും.

അച്ഛന്റെ ആരോഗ്യം സംബന്ധിച്ച് ഇപ്പോള്‍ നല്ല കമന്റുകളാണ് വരുന്നത്. നേരത്തെയൊക്കെ ഹോസ്പിറ്റലിലാവുന്ന സമയത്ത് മോഡേണ്‍ മെഡിസിനെതിരെ പറഞ്ഞെന്നൊക്കെ പറഞ്ഞ് എന്നെ ആളുകള്‍ ചീത്ത വിളിക്കുമായിരുന്നു. ഞാന്‍ മോഡേണ്‍ മെഡിസിനെ പറ്റി ഒന്നും പറഞ്ഞിട്ടില്ലല്ലോ. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്തിനാ പറയുന്നത്, അച്ഛനോട് പറഞ്ഞാല്‍ പോരേ. ആ സമയത്തൊക്കെ എനിക്ക് വിഷമം തോന്നിയിട്ടുണ്ടായിരുന്നു. ആള്‍ക്കാരൊക്കെ എന്താ ഇങ്ങനെ റിയാക്ട് ചെയ്യുന്നതെന്ന് വിചാരിച്ചു,’ വിനീത് പറഞ്ഞു.

സിനിമയിലെ ലഹരി ഉപയോഗത്തെ പറ്റിയുള്ള ചോദ്യത്തിന് അത് സിനിമാ മേഖലയില്‍ മാത്രമല്ലല്ലോ എന്നും വിനീത് പറഞ്ഞു. ‘കേരളത്തിലാകെ ലഹരി ഉപയോഗം ഉണ്ടല്ലോ. എല്ലാ മേഖലയിലും ഉണ്ട്. സിനിമയിലും മെഡിക്കല്‍ ഫീല്‍ഡിലും മീഡിയയിലും അങ്ങനെ സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും ഇത് പെനട്രേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

ആളുകള്‍ ഒരു ബോധവല്‍ക്കരണത്തിലൂടെയൊക്കെ ഇത് നിര്‍ത്തണമെന്ന് തീരുമാനിച്ചാലേ ഉപയോഗം കുറക്കാന്‍ പറ്റുകയുള്ളൂ. സിന്തറ്റിക് ഡ്രഗ്‌സ് എന്ന് പറയുന്നത് ലൈഫ് നശിപ്പിക്കുന്ന സാധനമാണ്. അത് ക്രിയേറ്റിവിറ്റി കൂട്ടുകയൊന്നുമില്ല. ആളടിച്ചു പോവില്ലേ. പിന്നെന്ത് ക്രിയേറ്റിവിറ്റി,’ വിനീത് കൂട്ടിച്ചേര്‍ത്തു.

മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സാണ് വിനീത് നായകനായി ഉടന്‍ റിലീസിന് ഒരുങ്ങുന്ന ചിത്രം. അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 11നാണ് റിലീസ് ചെയ്യുന്നത്. വിനീത് ശ്രീനിവാസനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Vineeth said that while Srinivasan was in the hospital, there were hateful comments against him