നാച്ചുറല്‍ ആക്റ്റിങ് വേണമെന്ന് പറഞ്ഞ് ദര്‍ശന ഉറക്കത്തില്‍ നിന്ന് എണീറ്റ് വരും, കുളിക്കുക പോലുമില്ല: വിനീത് കുമാര്‍
Film News
നാച്ചുറല്‍ ആക്റ്റിങ് വേണമെന്ന് പറഞ്ഞ് ദര്‍ശന ഉറക്കത്തില്‍ നിന്ന് എണീറ്റ് വരും, കുളിക്കുക പോലുമില്ല: വിനീത് കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th July 2022, 4:17 pm

ടൊവിനോ തോമസിനെ നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്ത ഡിയര്‍ ഫ്രണ്ട് ജൂണ്‍ പത്തിനായിരുന്നു തിയേറ്ററുകളിലെത്തിയത്. ബെംഗളൂരുവിലെ ഏതാനും ചെറുപ്പക്കാരുടെ കഥ പറഞ്ഞ ചിത്രം തിയേറ്ററില്‍ നിരാശയാണുണ്ടാക്കിയത്. എന്നാലിപ്പോള്‍ ഒ.ടി.ടി റിലീസിന് പിന്നാലെ ചിത്രത്തിന് അഭിനന്ദന പ്രവാഹമാണ്.

നെറ്റ്ഫിളിക്‌സില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ പ്രൊമോഷന്‍ വീഡിയോ ശ്രദ്ധ നേടുകയാണ്. ടൊവിനോ തോമസ്, വിനീത് കുമാര്‍, ദര്‍ശന, അര്‍ജുന്‍ എന്നിവര്‍ പങ്കെടുത്ത വീഡിയോ ഓരോ ചോദ്യങ്ങള്‍ക്ക് ഓരോരുത്തരുടെയും പേര് പറയുന്ന രീതിയിലാണ്. നെറ്റ്ഫ്‌ളിക്‌സിന്റെ യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

ഭക്ഷണ ക്രമത്തില്‍ വിചിത്രമായ രീതികളുള്ളത് ആര്‍ക്കാണെന്ന ചോദ്യത്തിന് എല്ലാവരുടെയും ഉത്തരം ടൊവിനോ എന്നായിരുന്നു. ടൊവിനോ എല്ലാ ദിവസവും പിസാ ഹട്ടില്‍ പോയി ബാര്‍ബിക്യൂ ചിക്കന്‍ വിങ്‌സ് കഴിക്കുമെന്നായിരുന്നു ദര്‍ശന പറഞ്ഞത്. രണ്ട് ചിക്കന്‍ വിങ്‌സ് വാങ്ങുമെന്നും ഒരെണ്ണം ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും, ഒരെണ്ണം ടൊവിനോക്കുമാണെന്നും ദര്‍ശന പറഞ്ഞു.

ലുക്കിനെ പറ്റി ഒട്ടും ചിന്തിക്കാത്തത് ആരാണെന്നായിരുന്നു അടുത്ത ചോദ്യം. ഈ ചോദ്യം കേട്ടയുടനെ ടൊവിനോ ഒഴികെ ദര്‍ശനയുടെ പേരെഴുതിയ ബോര്‍ഡ് എല്ലാവരും ഉയര്‍ത്തി കാണിക്കുകയായിരുന്നു. ദര്‍ശന ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റാലും ഇതുപോലെ തന്നെയാണ് ഇരിക്കുന്നതെന്ന് ടൊവിനോ പറഞ്ഞു. നാച്ചുറല്‍ ആക്റ്റിങ് അങ്ങനെ വേണമെന്നാണ് ദര്‍ശന പറയുന്നതെന്നും ഉറങ്ങിയെഴുന്നേറ്റതു പോലെ വരും, ചിലപ്പോള്‍ കുളിക്കുക പോലുമില്ലെന്ന് വിനീതും പറഞ്ഞു.

ഏറ്റവും കൂടുതല്‍ ചളി അടിക്കുന്നത് ആരാണെന്ന ചോദ്യത്തിന് ബേസിലെന്നായിരുന്നു എല്ലാവരും ഒരേപോലെ പറഞ്ഞ ഉത്തരം. ഏറ്റവും ഉടായിപ്പ് ആരാണെന്ന ചോദ്യത്തിനും ബേസിലെന്നായിരുന്നു എല്ലാവരുടെയും ഉത്തരം.

ഏറ്റവും വലിയ മറവിക്കാരന്‍ ആരാണെന്ന ചോദ്യത്തിന് അര്‍ജുനെ ആണ് എല്ലാവരും ചൂണ്ടിക്കാണിച്ചത്. എഴുത്തുകാരന്‍ അവനാണെന്നും എന്നാല്‍ ഡയലോഗ് മറക്കുന്നത് അവനാണെന്നും വിനീത് പറഞ്ഞു.

Content Highlight: vineeth kumar funny talk about the natural acting of darshana rajendran