പിണക്കം മാറി; മോഹന്‍ലാലും വിനയനും ഒന്നിക്കുന്നു, വരുന്നത് ബിഗ് ബജറ്റ് സിനിമയെന്ന് വിനയന്‍
Malayalam Cinema
പിണക്കം മാറി; മോഹന്‍ലാലും വിനയനും ഒന്നിക്കുന്നു, വരുന്നത് ബിഗ് ബജറ്റ് സിനിമയെന്ന് വിനയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 12th February 2019, 5:49 pm

കൊച്ചി: നടന്‍ മോഹന്‍ലാലും സംവിധായകന്‍ വിനയനും ആദ്യമായി ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ വിനയന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

കഥ സംബന്ധിച്ചുള്ള അന്തിമ തീരുമാനമായിട്ടില്ലെന്നും മാര്‍ച്ച് അവസാനവാരം ഷൂട്ടിംഗ് തുടങ്ങുന്ന തന്റെ പുതിയ ചിത്രത്തിനു ശേഷം മോഹല്‍ ലാല്‍ ചിത്രത്തിന്റെ പേപ്പര്‍ ജോലികള്‍ ആരംഭിക്കുമെന്നും വിനയന്‍ വ്യക്തമാക്കി.

ALSO READ:പി.എം നരേന്ദ്രമോദി മുതല്‍ മോഹന്‍ലാലിന്റെ ലൂസിഫര്‍ വരെ; ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പോരാട്ടത്തിനൊരുങ്ങി സിനിമകളും

വലിയ ക്യാന്‍വാസിലൊരുക്കുന്ന ബൃഹത്തായ ചിത്രമായിരിക്കുമെന്നും വിനയന്‍ സൂചിപ്പിക്കുന്നു.

നേരത്തെ താനും മോഹന്‍ലാലും തമ്മില്‍ വലിയ പ്രശ്നങ്ങളൊന്നുമില്ലായിരുന്നുവെന്നും ചുറ്റുമുള്ളവരുടെയും ചില ആരാധകരുടെയും വാക്കുകള്‍ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും വിനയന്‍ പറഞ്ഞിരുന്നു.
പിന്നീട് മോഹന്‍ലാലിനെ നേരിട്ട് കാണുകയും ആ പിണക്കം മാറുകയും ചെയ്തുവെന്നും വിനയന്‍ വ്യക്തമാക്കിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഇന്നു രാവിലെ ശ്രീ മോഹന്‍ലാലുമായി കുറേ നേരം സംസാരിച്ചിരുന്നു..
വളരെ പോസിറ്റീവായ ഒരു ചര്‍ച്ചയായിരുന്നു അത്..
ശ്രീ മോഹന്‍ലാലും ഞാനും ചേര്‍ന്ന ഒരു സിനിമ ഉണ്ടാകാന്‍ പോകുന്നു എന്ന സന്തോഷകരമായ വാര്‍ത്ത സഹൃദയരായ എല്ലാ സിനിമാ സ്‌നേഹികളെയും എന്റെ പ്രിയ സുഹൃത്തുക്കളെയും.. സ്‌നേഹപുര്‍വ്വം അറിയിച്ചു കൊള്ളട്ടെ… കഥയേപ്പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ല..
ഏതായാലുംവലിയ ക്യാന്‍വാസില്‍ കഥ പറയുന്ന ബൃഹുത്തായ ഒരു ചിത്രമായിരിക്കും അത്.. ഏവരുടേയും സ്‌നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു…