എഡിറ്റര്‍
എഡിറ്റര്‍
ആഗ്രഹം ഉണ്ടായിരുന്നു പക്ഷേ ഇവിടുത്തെ വ്യവസ്ഥിതി ഇങ്ങനെയൊക്കെയായിരുന്നതിനാല്‍ പ്രതീക്ഷയുണ്ടായിരുന്നില്ല : വിനായകന്‍
എഡിറ്റര്‍
Tuesday 7th March 2017 6:02pm

 

തിരുവനന്തപുരം: മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌ക്കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് വിനായകന്‍. അവാര്‍ഡ് ലഭിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയില്ലായിരുന്നില്ലെന്നും വിനായകന്‍ പ്രതികരിച്ചു.


Also read കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ വിനായകന്‍


‘അവാര്‍ഡ് ലഭിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു പക്ഷേ ഇവിടുത്തെ വ്യവസ്ഥിതി ഇങ്ങനെയൊക്കെയായിരുന്നതിനാല്‍ പ്രതീക്ഷയുണ്ടായിരുന്നില്ല. കമ്മട്ടിപ്പാടത്തിന്റെ നിര്‍മ്മാതാവിനും സംവിധായകനും മുഴുവന്‍ സംഘത്തിനും നന്ദി പറയുന്നു’ വിനായകന്‍ പറഞ്ഞു.

കമ്മട്ടിപ്പാടത്തിലെ അഭിനയത്തിലൂടെ മണികണ്ഠന്‍ ആചാരി മികച്ച സ്വഭാവനടനുള്ള പുരസ്‌കാരവും സ്വന്തമാക്കി. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രത്തില്‍ നായക പ്രധാന്യമുളള വേഷങ്ങളായിരുന്നു വിനായകന്റേതും മണികണ്ഠന്‍ ആചാരിയുടേതും. അര്‍ഹിച്ച അംഗീകാരമാണ് ഇരു താരങ്ങളെയും പുരസ്‌കാര പ്രഖ്യാപനത്തിലൂടെ തേടിയെത്തിയിരിക്കുന്നത്. നേരത്തെ സ്വകാര്യ ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ വിനായകന് പുരസ്‌കാരം ലഭിക്കാത്തത് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച സിനിമാ പാരഡൈസ് ക്ലബ്ബിന്റെ മികച്ച നടനുള്ള പുരസ്‌കാരവും വിനായകന്‍ സ്വന്തമാക്കിയിരുന്നു. അനുരാഗ കരിക്കിന്‍ വെള്ളത്തിലെ ആദ്യ വേഷത്തിലൂടെ മികച്ച നടിയായി മാറിയ രജിഷാ വിജയന്‍ അവാര്‍ഡിനായി പരിഗണിക്കപ്പെടുന്ന വിവരം ഇന്നു രാവിലെയാണ് അറിഞ്ഞിരുന്നതെന്നും അപ്രതീക്ഷിതമായി ലഭിച്ച പുരസ്‌കാരത്തിന്റെ സന്തോഷം പറഞ്ഞറിയാക്കാന്‍ കഴിയുന്നില്ലെന്നും പറഞ്ഞു. സിനിമയുടെ മുഴുവന്‍ അണിയറ പ്രവര്‍ത്തകര്‍ക്കും താരം നന്ദി രേഖപ്പെടുത്തി.

Advertisement