ഒ.ടി.ടി റിലീസ് വെറും കച്ചവടം മാത്രം, കാശുണ്ടാക്കുക എന്നതാണ് ഉദ്ദേശം: വിനായകന്‍
Film News
ഒ.ടി.ടി റിലീസ് വെറും കച്ചവടം മാത്രം, കാശുണ്ടാക്കുക എന്നതാണ് ഉദ്ദേശം: വിനായകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 18th March 2022, 12:36 pm

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് സിനിമകളിലും ഹാസ്യനടനായും നായകനായും വില്ലനായും പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് വിനായകന്‍. അഭിനയത്തിന് പുറമേ കമ്മട്ടിപ്പാടം ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ അദ്ദേഹം സംഗീത സംവിധായകനുമായിട്ടുണ്ട്.

തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തില്‍ 1995-ല്‍ പുറത്തിറങ്ങിയ മാന്ത്രികം എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടാണ് അദ്ദേഹം തന്റെ സിനിമ കരിയര്‍ ആരംഭിച്ചത്. അങ്ങനെ ചെറിയ കഥാപാത്രങ്ങളിലൂടെ വളര്‍ന്ന് ഇന്ന് മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളായി മാറിയിരിക്കുകയാണ് വിനായകന്‍.

വി.കെ. പ്രകാശിന്റെ സംവിധാനത്തില്‍ നവ്യ നായര്‍ തിരികെ എത്തുന്ന ”ഒരുത്തീ” എന്ന ചിത്രത്തിലും താരം ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഒ.ടി.ടി സിനിമ റിലീസ് എന്ന് പറയുന്നത് ഒരു കച്ചവടമാണെന്നും, പണത്തിന് വേണ്ടി മാത്രമുള്ളതാണെന്നും വിനായകന്‍ പറഞ്ഞു. ഒരുത്തീ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”സിനിമ ഒ.ടി.ടിയില്‍ റിലീസ് ചെയ്യുക എന്നത് വെറും കച്ചവടമാണ്. അതിനപ്പുറം ഒന്നുമില്ല. ഇത്രയും വലിയ സിനിമ ചെയ്യുന്ന ഇത്രയും നന്മയുള്ള ആളുകള്‍ ആരാണുള്ളത്. ആരുമില്ല, നുണയാണ്, പച്ചക്കള്ളം. കാശുണ്ടാക്കുക എന്ന ഉദ്ദേശം മാത്രമുള്ളു, ആര് പറഞ്ഞാലും ഞാന്‍ അത് തുറന്നുപറയും” താരം പറയുന്നു.

അതേസമയം നവ്യ നായരും വിനായകനും പ്രധാനവേഷങ്ങളിലെത്തുന്ന ഒരുത്തി മാര്‍ച്ച് 18 ന് റിലീസ് ചെയ്തിരിക്കുകയാണ്. ഒരു ബോട്ട് കണ്ടക്ടറുടെ വേഷത്തിലാണ് നവ്യ സിനിമയിലെത്തുന്നത്. ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറുടെ കഥാപാത്രത്തെയാണ് വിനായകന്‍ അവതരിപ്പിക്കുന്നത്.

ജീവിതത്തില്‍ നേരിടുന്ന പ്രതിസന്ധികളെ മനോധൈര്യംകൊണ്ട് നേരിടുന്ന സാധാരണക്കാരിയുടെ കഥ പറയുന്ന ചിത്രത്തില്‍ രാധാമണിയെന്ന കേന്ദ്രകഥാപാത്രമായാണ് നവ്യ നായര്‍ എത്തുന്നത്. കെ.പി.എ.സി. ലളിത അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്. സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ നാരായണ്‍, മുകുന്ദന്‍, ജയശങ്കര്‍ കരിമുട്ടം, മനു രാജ്, മാളവിക മേനോന്‍, ചാലി പാല എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

എസ്. സുരേഷ് ബാബുവാണ് സിനിമയുടെ തിരക്കഥ എഴുതിയത്. ചിത്രം നിര്‍മിച്ചിരിക്കുന്നത് കെ.വി.അബ്ദുള്‍ നാസറാണ്. ജിംഷി ഖാലിദാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ലിജോ പോള്‍. സംഗീതം ഗോപി സുന്ദറും തകര ബാന്‍ഡും ചേര്‍ന്നാണ്.


Content Highlight: VINAYAKAN about ott movie releases