തടി കൂട്ടുക കുറക്കുക എന്നതിനേക്കാള്‍ എന്നെ എക്‌സൈറ്റ് ചെയ്യിപ്പിക്കുന്നത് മറ്റൊന്നാണ്; വിനയ് ഫോര്‍ട്ട് പറയുന്നു
Entertainment news
തടി കൂട്ടുക കുറക്കുക എന്നതിനേക്കാള്‍ എന്നെ എക്‌സൈറ്റ് ചെയ്യിപ്പിക്കുന്നത് മറ്റൊന്നാണ്; വിനയ് ഫോര്‍ട്ട് പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 23rd July 2021, 1:23 pm

മാലിക് റിലീസ് ആയതിന് ശേഷം ചിത്രത്തിലെ അഭിനേതാക്കളായ ഫഹദ് ഫാസില്‍, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍ തുടങ്ങിയവര്‍ ചിത്രത്തിന്റെ അനുഭവങ്ങള്‍ തുറന്നുപറഞ്ഞുകൊണ്ട് രംഗത്തുവന്നിരുന്നു.

തന്റെ കഥാപാത്രത്തെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും നടന്‍ വിനയ് ഫോര്‍ട്ട് പറയുന്ന ചില കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. കഥാപാത്രത്തിന് വേണ്ടി തടി കൂട്ടുകയും കുറക്കുകയും ചെയ്യുന്നതിനേക്കാള്‍ തന്നെ എക്‌സൈറ്റ് ചെയ്യിപ്പിച്ചിരിക്കുന്നത് ബോഡി ലാംഗ്വേജ് ആണെന്നാണ് നടന്‍ പറയുന്നത്.

മാലികിലെ ഡേവിഡ് എന്ന കഥാപാത്രത്തിന് വേണ്ടി തടി കൂട്ടാനും കുറക്കാനും തനിക്ക് സമയം കിട്ടിയിരുന്നില്ലെന്നും, ഫഹദിനാണ് കഥാപാത്രത്തിന് വേണ്ടി ശരീരം മെലിയിക്കാന്‍ സമയം കിട്ടിയിരുന്നതെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു.

‘ചിത്രത്തില്‍ 20 വയസ്സുള്ള നമ്മുടെ ബോഡി ലാംഗ്വേജ് അല്ല അറുപത് വയസ്സില്‍ ഉള്ളത്. രഞ്ജിത്ത് അമ്പാടിയെപ്പോലെ ഒരു മേക്കപ്പ് മാന്‍ അതിന് സഹായിച്ചു. പിന്നെ മഹേഷേട്ടനെ പോലെ ഒരു ഫിലിംമേക്കറും. അതെല്ലാം ചേര്‍ന്നതുകൊണ്ട് എളുപ്പമായി,’ വിനയ് പറയുന്നു.

ഇന്ത്യഗ്ലിറ്റ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിനയ് ഫോര്‍ട്ട് സംസാരിച്ചത്.

മാലികിന്റെ ലൊക്കേഷനില്‍ വെച്ചുണ്ടായ ചില നിമിഷങ്ങള്‍ നേരത്തേ വിനയ് പങ്കുവെച്ചിരുന്നു. ഡേവിഡിന്റെയും റോസ്‌ലിന്റെയും അപ്പനായി അഭിനയിച്ച നടനും നിമിഷ സജയനും തമ്മിലുള്ള വീഡിയോയാണ് വിനയ് തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഡേവിഡിന്റെ അപ്പനെ നിമിഷ ഇടിക്കുന്നത് വീഡിയോയില്‍ കാണാം. പീറ്ററായി അഭിനയിച്ച ദിനേഷ് പ്രഭാകര്‍ പിന്നില്‍ നിന്ന് വിസില്‍ വിളിക്കുന്നതും വീഡിയോയിലുണ്ട്.

എന്റെ അപ്പനെ തല്ലിതരിപ്പണമാക്കുന്ന പെങ്ങളുടെ മൃഗീയമായ സ്വഭാവ വൈകല്യം എന്ന് പറഞ്ഞുകൊണ്ടാണ് നടന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.


Content Highlight: Vinay Forrt says about his character change