ഇത് ആണ്ടവരുടെ ആറാട്ട്; വിക്രമിന് എങ്ങും മികച്ച അഭിപ്രായം
Entertainment news
ഇത് ആണ്ടവരുടെ ആറാട്ട്; വിക്രമിന് എങ്ങും മികച്ച അഭിപ്രായം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd June 2022, 1:22 pm

ഉലക നായകന്‍ കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രമിന് തിയേറ്ററുകളില്‍
നിന്ന് മികച്ച പ്രതികരണം. ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്ക് ഉള്ളില്‍ തന്നെ ഗംഭീര റിപ്പോര്‍ട്ടുകളാണ് റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ നിന്നെല്ലാം വന്നുകൊണ്ടിരിക്കുന്നത്.

ചിത്രത്തിലെത്തിയ താരങ്ങളെല്ലാം മികച്ച അഭിനയമാണ് കാഴ്ച വെച്ചതെന്നും ചിത്രത്തിന്റെ ആദ്യ ഷോ കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.

മാസ് ആക്ഷന്‍ ജോണറില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന് റെക്കോര്‍ഡ് റിലീസാണ് ലഭിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ ചിത്രം മുന്‍കാല റെക്കോര്‍ഡുകള്‍ എല്ലാം തന്നെ മറികടക്കുമെന്നാണ് സിനിമാ നിരീക്ഷകരുടെ വിലയിരുത്തല്‍.

ഏറെ നാളുകള്‍ക്ക് ശേഷം തെന്നിന്ത്യ ഒട്ടാകെ ആഘോഷമാക്കുന്ന ഒരു കമല്‍ഹാസന്‍ ചിത്രം കൂടിയാണ് വിക്രം. അതേസമയം വിക്രത്തിലൂടെ താരം തിരിച്ച് വന്ന സന്തോഷത്തിലാണ് ആരാധകരുള്ളത്.

ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ സാമൂഹിക മാധ്യമങ്ങള്‍ ആരാധകര്‍ കൈയ്യടക്കിയിരുന്നു. ട്വിറ്റര്‍ ഇന്ത്യയുടെ ട്രെന്റ്റിംഗ് ലിസ്റ്റില്‍ വിക്രവും ചിത്രവുമായി ബന്ധപ്പെട്ട അനുകൂല ഹാഷ്ടാഗുകളും ഇടം പിടിക്കുകയും ചെയ്തിട്ടുണ്ട്.

ചിത്രത്തിന്റെ സംവിധായകന്‍ ലോകേഷിനും , സംഗീത സംവിധായകന്‍ അനിരുദ്ധിനുമെല്ലാം അഭിനന്ദന പ്രവാഹമാണ്. ചിത്രം കേരളത്തിലും കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുമോ എന്ന് ഉറ്റു നോക്കുകയാണ് ആരാധകര്‍.

വന്‍ താരനിരയിലാണ് വിക്രം ഒരുക്കിയിരിക്കുന്നത്. കമല്‍ ഹാസനെ കൂടാതെ സൂര്യ, വിജയ് സേതുപതി, ഫഹദ് ഫാസില്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിട്ടുണ്ട്.

രത്‌നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നതും.

Content Highlight : Vikram Movie gets highly positive Reports