Administrator
Administrator
വിക്രം വീണ്ടും മലയാളത്തില്‍
Administrator
Friday 27th May 2011 1:39pm

സി.കെ സുബൈദ

വ്യത്യസ്തതയുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിക്കുകവഴി ചുരുങ്ങിയകാലം കൊണ്ടുതന്നെ തെന്നിന്ത്യന്‍ സിനിമയില്‍ സ്ഥാനമുറപ്പിച്ച ചിയാന്‍ വിക്രം മലയാളത്തിലേക്ക് തിരിച്ചുവരുന്നു. കാഴ്ച, തന്മാത്ര, പളുങ്ക്, കല്‍ക്കട്ട ന്യൂസ്, ഭ്രമരം തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങള്‍ മലയാളത്തിനു സമ്മാനിച്ച ബ്ലെസ്സി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വിക്രമിന്റെ തിരിച്ചുവരവ്. മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡു ലഭിച്ച ‘ആടുജീവിത”ത്തിന്റെ സിനിമാവിഷ്‌കാരത്തിലൂടെയാണ് വിക്രം വീണ്ടും മലയാളത്തിലെത്തുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട കഥാകാരനും സിനിമാലോകത്തെ ഗന്ധര്‍വനുമായ പത്മരാജന്റെ ശിഷ്യനാണ് ബ്ലെസ്സി. പത്മരാജനെ പോലെ വേറിട്ട വഴിയിലൂടെയാണ് ബ്ലസിയുടെയും യാത്ര. പ്രവാസികളുടെ പൊള്ളുന്ന കഥ പറഞ്ഞ ‘ആടുജീവിതം’ അഭ്രപാളിയിലെത്തിക്കാന്‍ തീരുമാനിച്ചതും ഇതുകൊണ്ടാകാം. നോവല്‍ അടിസ്ഥാനമാക്കി തമിഴ് സിനിമയായിരുന്നു ബ്ലെസ്സിയുടെ മനസ്സില്‍ ആദ്യം. എന്നാല്‍ പ്രവാസികളെച്ചുള്ള നോവലായതിനാല്‍ മലയാളത്തില്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ഇത്തരത്തിലൊരവസരം തന്നെത്തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് വിക്രം. സിനിമയെകുറിച്ച് വിക്രം വലിയ പ്രതീക്ഷയിലാണ്. ‘പ്രവാസികളെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്കെത്തുന്നത് മലയാളികളാണ്. അതുകൊണ്ടുതന്നെ കഥയുമായും കഥാപാത്രങ്ങളുമായും കൂടുതല്‍ അടുപ്പമുണ്ടാകാന്‍ മലയാളത്തിലെടുക്കുന്ന സിനിമയ്‌ക്കെ സാധിക്കുകയുള്ളുവെന്ന്’ വിക്രം പറയുന്നു. മലയാളസിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത ശേഷമാണ് അദ്ദേഹം കോടമ്പാക്കത്തേക്ക് ചേക്കേറിയത്.

മലയാളസിനിമയെ ആരാധനയോടെ നോക്കിക്കാണുന്ന വിക്രത്തിന് മലയാള സിനിമയുമായും താരങ്ങളുമായും അടുത്ത ബന്ധമാണുള്ളത്. കിരീടത്തിലെ സേതുമാധവനോട് കടുത്ത ആരാധനയായിരുന്നു വിക്രമിന്. സേതുമാധവനെപ്പോലുള്ള ശക്തമായ ഒരു കഥാപാത്രം ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ പിന്നീട് അത്തരത്തിലുള്ള ഒരുപാട് കഥാപാത്രങ്ങള്‍ ജനങ്ങള്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ടതോടെ ആഗ്രഹം ഉപേക്ഷിക്കുകയായിരുന്നു-വിക്രം പറയുന്നു. റീമേക്കുകള്‍ ചെയ്യാന്‍ തനിക്ക് താല്‍പര്യമില്ലെന്നും നല്ല തിരക്കഥകള്‍ ലഭിച്ചാല്‍ മലയാളത്തില്‍ വീണ്ടും അഭിനയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

1999 ല്‍ പുറത്തിറങ്ങിയ സേതു എന്ന തമിഴ്ചിത്രം സിനിമാരംഗത്ത് അദ്ദേഹത്തിനെ തന്റെതായ ഇടംനേടിക്കൊടുക്കാന്‍ സഹായിച്ചു

1990 ല്‍ എന്‍ കാതല്‍ കണ്‍മണി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് വരുന്നത്. തുടര്‍ന്ന് ധ്രുവത്തിലും ഇന്ദ്രപ്രസ്ഥത്തിലും മലയാളത്തിലെ പ്രമുഖതാരങ്ങള്‍ക്കൊപ്പം സഹനടനായി അഭിനയിക്കുകയും ചെയ്തിരുന്നു. 1999 ല്‍ പുറത്തിറങ്ങിയ സേതു എന്ന തമിഴ്ചിത്രം സിനിമാരംഗത്ത് അദ്ദേഹത്തിനെ തന്റെതായ ഇടംനേടിക്കൊടുക്കാന്‍ സഹായിച്ചു. സേതുവിനു ശേഷം ‘ചിയാന്‍’ എന്ന ചെല്ലപ്പേരില്‍ തമിഴ്‌ലോകം അദ്ദേഹത്തെ വിളിച്ചുതുടങ്ങി. 2003 ലെ പിതാമഹനിലെ സിത്തന്‍ എന്ന കഥാപാത്രം അദ്ദേഹത്തിന് ദേശീയതലത്തില്‍ അംഗീകാരം നേടിക്കൊടുത്തു. പിതാമഹനിലെ സിത്തന്‍ ആ വര്‍ഷത്തെ തമിഴ്‌നാട് സര്‍ക്കാറിന്റെ അവാര്‍ഡും ഫിലിംഫെയര്‍ അവാര്‍ഡും നേടിയപ്പോള്‍ വിക്രം തന്റെതായ ഇടം തമിഴില്‍ നേടിയിരുന്നു. തുടര്‍ന്ന് ഒരുപിടി നല്ല ചിത്രങ്ങളില്‍ വേഷമിട്ട വിക്രത്തിന്റെ അവസാനചിത്രങ്ങള്‍ ബോക്‌സോഫീസില്‍ വന്‍പരാജയമായിരുന്നു.

2009 ലെ ഏറ്റവുംമികച്ച മലയാളനോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡു ലഭിച്ച കൃതിയാണ് ബെന്യാമിന്റെ ആടുജീവിതം. വലിയ സ്വപ്‌നങ്ങളുമായി സൗദി അറേബ്യയില്‍ ജോലിയ്ക്ക് പോയി കബളിപ്പിക്കപ്പെട്ട നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ് ആടുജീവിതം. ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ യഥാര്‍ത്ഥ അനുഭവങ്ങളെ ആധാരമാക്കിയുള്ളതാണ് തന്റെ രചനയെന്ന് ഗ്രന്ഥകാരന്‍ ബെന്യാമിന്‍ പറയുന്നു. വിദ്യാഭ്യാസം കുറവായിരുന്ന നജീബ് മണല്‍വാരല്‍ തൊഴിലാളിയായിരുന്നു. നാട്ടിലെ യമണല്‍വാരല്‍ നിരോധനത്തെത്തുടര്‍ന്ന് തൊഴില്‍രഹിതനാകുന്നതിനുള്ള സാധ്യത മുന്നില്‍ക്കണ്ട് അയാള്‍ ഒരു സുഹൃത്തിന്റെ ബന്ധുവഴി കിട്ടിയ തൊഴില്‍ വിസയില്‍ സൗദി അറേബ്യയിലേക്കു പോകുന്നു. സ്‌പോണ്‍സറുടെ അഭാവത്തില്‍ മറ്റൊരാള്‍ ഇവരെ വിമാനത്താവളത്തില്‍നിന്നു കൂട്ടിക്കൊണ്ടുപോകുന്നു. ഭാഷയറിയാത്ത നജീബിനെ അയാള്‍ ആടുവളര്‍ത്തല്‍ കേന്ദ്രത്തിലേക്കാണ് കൂട്ടിക്കൊണ്ടുപോയത്. ഏതു വിപരീതസാഹചര്യത്തിലും ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കുന്ന നജീബിനെയാണ് ഈ നോവലിലൂടെ ബെന്യാമിന്‍ അവതരിപ്പിക്കുന്നത്.

Advertisement