റോക്കെട്രിയിൽ മാഡിക്ക് ഡബ്ബ് ചെയ്യാൻ ട്രൈ ചെയ്‌തിരുന്നു, പക്ഷേ അവർക്കത് സുഖിച്ചില്ല: വിജയ് യേശുദാസ്
Entertainment news
റോക്കെട്രിയിൽ മാഡിക്ക് ഡബ്ബ് ചെയ്യാൻ ട്രൈ ചെയ്‌തിരുന്നു, പക്ഷേ അവർക്കത് സുഖിച്ചില്ല: വിജയ് യേശുദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 4th July 2022, 1:48 pm

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകാരിലൊരാളാണ് വിജയ് യേശുദാസ്. ഗായകൻ എന്ന നിലയിൽ മാത്രമല്ല അഭിനേതാവ് എന്ന നിലയിലും വിജയ് യേശുദാസിന് ആരാധകർ ഏറെയാണ്. മാധവൻ നായകനായെത്തിയ റോക്കെട്രി: ദ നമ്പി ഇഫക്ടിൽ  മലയാളം ഡബ്ബ് ചെയ്യാൻ ട്രൈ ചെയ്തിരുന്നെന്നും എന്നാൽ അത് ശരിയായില്ലെന്നും പറയുകയാണ് വിജയ്. മാത്രവുമല്ല അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ലുക്കിനെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.

റോക്കെട്രി റെഡ് കാർപെറ്റിൽ ബിഹൈൻഡ് വുഡ്‌സ് ഐസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘റോക്കെട്രി: ദ നമ്പി ഇഫക്ടിൽ മാധവൻ സാറിന് മലയാളത്തിൽ ഡബ്ബ് ചെയ്യാൻ ഞാൻ ട്രൈ ചെയ്ത് നോക്കിയിരുന്നു. ആദ്യമായിട്ടാണ് ഞാൻ അങ്ങനെ ഡബ്ബിങ് ട്രൈ ചെയ്യുന്നത്. മാധവൻ സാർ ചോദിച്ചത് കൊണ്ട് ഞാൻ അത് ട്രൈ ചെയ്ത് നോക്കി. പക്ഷെ അവർക്കത് അത്രക്കങ്ങ് സുഖിച്ചില്ല. അവർക്ക് മാത്രമല്ല, എനിക്കും സുഖിച്ചില്ല.

ബാസ് കുറച്ച് കൂടി പോയി. അതുകൊണ്ട് അത് വേണ്ടെന്ന് വെച്ചു. എന്നാലും ഈ സിനിമയുടെ ഓരോ കാര്യത്തിലും ഞാൻ എവിടെയൊക്കെയോ ഭാഗമായിട്ടുണ്ടായിരുന്നു. ഒരു ക്യാരക്ടറിന് വേണ്ടി ഓഡിഷനും ചെയ്തു നോക്കിയിരുന്നു. പക്ഷേ അതും സെറ്റായില്ല. വരുന്നത് നമുക്ക് വരും’, വിജയ് പറഞ്ഞു.

പുതിയൊരു ലുക്കിലായിരുന്നു വിജയ് യേശുദാസ് റോക്കെട്രി റെഡ് കാർപെറ്റിൽ എത്തിയത്. അതിനെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്, ‘ഇത് മേക്ക് ഓവർ ഒന്നുമല്ല, ഉള്ള താടിയും മുടിയും മാനേജ് ചെയ്തു പോകുന്നു എന്നേ ഉള്ളൂ.

ഈ സ്റ്റൈൽ അങ്ങനെ ആർക്കും ഇഷ്ടമായതുകൊണ്ടൊന്നുമല്ല വളർത്തിയത്. ഈ മുടിയും ഈ താടിയും ഇങ്ങനെ ഇരിക്കുന്നത് പലർക്കും ഇഷ്ടമല്ല. പക്ഷേ അതൊക്കെ നോക്കി കൊണ്ട് നിന്നാൽ കാര്യങ്ങളൊന്നും നടക്കില്ലല്ലോ. ഒരു പ്രത്യേക ലുക്ക് ചുമ്മാ ട്രൈ ചെയ്തു എന്നേ ഉള്ളൂ.’

ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതം പശ്ചാത്തലമാക്കി പുറത്തിറങ്ങിയ ചിത്രമാണ് റോക്കെട്രി ദി നമ്പി ഇഫക്ട്. നടന്‍ മാധവന്‍ ആദ്യമായി സംവിധായകനായ ചിത്രത്തില്‍ അദ്ദേഹം തന്നെയാണ് നമ്പി നാരായണനെ അവതരിപ്പിച്ചതും.

Content Highlight: Vijay Yesudas says that he tried to dubb madhavan’s voice in Rocketry: The Nambi Effect, but its not worked