അപകടത്തില്‍ കിടപ്പിലായ നടന്‍ നാസറിന്റെ മകന് സര്‍പ്രൈസുമായി വിജയ്
Kollywood
അപകടത്തില്‍ കിടപ്പിലായ നടന്‍ നാസറിന്റെ മകന് സര്‍പ്രൈസുമായി വിജയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 3rd December 2018, 9:55 pm

അപകടത്തില്‍ പരുക്കേറ്റ് ഏറെ നാളായി കിടപ്പിലായ നടന്‍ നാസറിന്റെ മകന്‍ അബ്ദുല്‍ അസന്‍ ഫൈസലിനു പിറന്നാള്‍ ആശംസകളുമായി വിജയ്. നാസറിന്റെ ഭാര്യ കമീല നാസര്‍ ട്വിറ്ററിലൂടെയാണ് വാര്‍ത്ത പങ്കുവെച്ചത്.

കമീലയുടേയും നാസറിന്റെയും മൂത്തമകനായ അബ്ദുല്‍ അസന്‍ ഫൈസലിനു പിറന്നാള്‍ ആശംസ നേരാനാണ് താരം നേരിട്ടെത്തിയത്. തന്റെ മകന്റെ സ്വപ്നം പൂവണിഞ്ഞ ദിനം എന്നാണ് വിജയുടെ വരവിനെ കമീല വിശേഷിപ്പിച്ചത്.


“പ്രിയപ്പെട്ട ഫൈസല്‍, നിനക്ക് പിറന്നാള്‍ ആശംസകള്‍, ഇന്നു വിജയ് അണ്ണനൊപ്പം നിന്റെ സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെട്ട ദിനമാണ്. ഈശ്വരനോടു കൂടുതലായൊന്നും ആവശ്യപ്പെടുന്നില്ല. ആരോഗ്യവും സന്തോഷവും നല്‍കി ദൈവം നിന്നെ അനുഗ്രഹിക്കട്ടെ- ട്വിറ്ററില്‍ കമീല കുറിച്ചത് ഇങ്ങനെയായിരുന്നു.

കടുത്ത വിജയ് ആരാധകനാണ് അബ്ദുല്‍ അസന്‍ ഫൈസല്‍. 2014 മെയ് 22നായിരുന്നു ഫൈസല്‍ അപകടത്തില്‍പ്പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്യുകായയിരുന്ന ഫൈസലിന്റെ കാര്‍ കല്‍പ്പാക്കത്തിനടുത്ത് വച്ച് ഈസ്റ്റ് കോസ്റ്റ് റോഡില്‍ ഒരു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്നു പേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ഫൈസലും മറ്റൊരാളും മാത്രമാണ് രക്ഷപ്പെട്ടത്.


ടി.ശിവ നിര്‍മിക്കുന്ന ചിത്രത്തിലൂടെ സിനിമയില്‍ തുടക്കം കുറിക്കാന്‍ ഒരുങ്ങുമ്പോഴായിരുന്നു അപകടം. നാസറിന്റെ മറ്റു രണ്ടു മക്കള്‍ സിനിമയില്‍ സജീവമാണ്. നേരത്തെ, വിജയ് നായകനായ അഴകിയ തമിഴ്മകന്‍ സിനിമയിലെ “എല്ലാ പുകഴും ഒരുവന്‍ ഒരുവനുക്കെ” എന്ന പാട്ട് തനിക്കു ജീവിതത്തിലേയ്ക്ക് തിരിച്ചു വരാന്‍ പ്രചോദനമായെന്നു ഫൈസല്‍ പറഞ്ഞിരുന്നു.