ചെന്നൈ: നടന് വിജയ്യുടെ പേരിലുള്ള രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍ നിന്നും പിന്മാറിയതായി അച്ഛന് എസ്.എ ചന്ദ്രശേഖര്‍. രണ്ട് മാസമായി തുടരുന്ന അഭ്യൂഹങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമാണ് ഇതോടെ ഒരു പരിധി വരെയെങ്കിലും വിരാമമായിരിക്കുന്നത്. പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ നല്കിയ അപേക്ഷ പിന്‍വലിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചതായും ചന്ദ്രശേഖര്‍ അറിയിച്ചു. അച്ഛന്റെ പിന്മാറ്റത്തോട് വിജയ് ഇതുവരെയും പ്രതികരണം അറിയിച്ചിട്ടില്ല.
വിജയ് രാഷ്ട്രീയത്തിലേക്ക് വരുമെന്നും എന്നാല്‍ ബി.ജെ.പിയിലേക്ക് പോകില്ലെന്നും ഒക്ടോബറില്‍ എസ്.എ ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചിരുന്നു. വര്‍ഷങ്ങളായി തമിഴ്നാടില്‍ ചര്‍ച്ചയായിരുന്ന വിജയ്യുടെ രാഷ്ട്രീയ പ്രവേശനം ഇതോടെ ഒരിക്കല്‍ കൂടി സജീവമായി.
ഇതിനിടെ ആരാധകരെ ഞെട്ടിച്ച് കൊണ്ട് വിജയ്യുടെ അച്ഛന് എസ്.എ ചന്ദ്രശേഖര്‍ രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന് നല്കി. വിജയ്യുടെ ആരാധക സംഘടനയുടെ അതേ പേരാണ് രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ടി നല്‍കിയത്.
ഓള് ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരിലാണ് രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനായി നല്‍കിയത്. ഇതോടെ വിജയ് രാഷ്ട്രീയത്തിലേക്ക് എന്ന വാര്‍ത്ത പ്രചരിച്ചു. എന്നാല്‍ തനിക്ക് ഈ രാഷ്ട്രീയ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് വിജയ് രംഗത്തെത്തി. ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ് വിവരം പുറത്തുവിട്ടത്.