വാരിസ് ഷൂട്ടിങിനായി വിജയ് വിശാഖപട്ടണത്തേക്ക്; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
Entertainment news
വാരിസ് ഷൂട്ടിങിനായി വിജയ് വിശാഖപട്ടണത്തേക്ക്; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 1st August 2022, 4:50 pm

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന വാരിസിന്റെ ഷൂട്ടിങിനായി ചെന്നൈയില്‍ നിന്നും വിശാഖപട്ടണത്തേക്ക് യാത്ര ചെയ്യാനായി എയര്‍പോര്‍ട്ടില്‍ എത്തിയ വിജയിയുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് വാരിസ്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ വിജയിയുടെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

പോസ്റ്ററുകള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടതുമാണ്. സാധാരണ വിജയ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായിട്ടാവും വാരിസ് എത്തുക എന്നാണ് പുറത്തുവരുന്ന റീപ്പോര്‍ട്ടുകള്‍.

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിങ് ഹൈദരാബാദില്‍ കഴിഞ്ഞ ആഴ്ചയാണ് അവസാനിച്ചത്. അത് കഴിഞ്ഞുള്ള ഷെഡ്യൂളാണ്  വിശാഖപട്ടണത്ത് ആരംഭിക്കാന്‍ പോകുന്നത്.

ചിത്രത്തില്‍ വിജയ് ആപ്പ് ഡെവലപ്പര്‍ ആയിട്ടാവും എത്തുക എന്ന് നേരെത്തെ സണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് വിജയ് രാജേന്ദ്രന്‍ എന്നായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദേശീയ അവാര്‍ഡ് ജേതാവായ നിര്‍മാതാവ് ദില്‍ രാജുവും ശിരീഷുമാണ് ചിത്രം നിര്‍മിക്കുന്നത്.

ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം തെലുങ്കിലും തമിഴിലും ഒരേ സമയം ചിത്രീകരിക്കുന്നുണ്ട്. ചിത്രത്തില്‍ തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു അഥിതി വേഷത്തില്‍ എത്തുന്നുണ്ടെന്നും മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിത്രത്തില്‍ നായിക കഥാപാത്രത്തില്‍ എത്തുന്നത് രശ്മിക മന്ദാനയാണ്. പ്രകാശ് രാജ്, ശരത് കുമാര്‍ തുടങ്ങി വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. തമനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.


ഊപ്പിരി, യെവാഡു എന്നിങ്ങനെ തെലുങ്കിലെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളുടെ സംവിധായകനാണ് വംശി. ചിത്രത്തിനായി റെക്കോര്‍ഡ് പ്രതിഫലമാണ് വിജയ് വാങ്ങുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

നെല്‍സണ്‍ ദിലീപ്കുമാറിന്റെ സംവിധാനത്തില്‍ പുറത്തുവന്ന ബീസ്റ്റാണ് വിജയിയുടെ അവസാനം പുറത്തുവന്ന ചിത്രം. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. സാധാരണ മാസ് ആക്ഷന്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഫാമിലി ജോണറിലാണ് വാരിസ് ഒരുങ്ങുന്നത്.

Content Highlight : Vijay leaves for Visakhapatnam to shoot his new movie Varisu Airport clicks gone viral on social media