അവാര്‍ഡ് ലെവല്‍ പെര്‍ഫോമന്‍സ്, എക്‌സ്പ്രഷന്‍ ക്വീന്‍; അനന്യയെ ട്രോളി സോഷ്യല്‍ മീഡിയ
Film News
അവാര്‍ഡ് ലെവല്‍ പെര്‍ഫോമന്‍സ്, എക്‌സ്പ്രഷന്‍ ക്വീന്‍; അനന്യയെ ട്രോളി സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 27th August 2022, 4:57 pm

വിജയ് ദേവരകൊണ്ട കേന്ദ്രകഥാപാത്രമായ ലൈഗര്‍ ആഗസ്റ്റ് 25നാണ് തിയേറ്ററുകളില്‍ എത്തിയത്. മോശം പ്രതികരണമാണ് ചിത്രത്തിന് രണ്ട് ദിവസമായി ലഭിച്ചു കൊണ്ടിരിക്കുന്നത്. സിനിമയില്‍ നിന്നും ലീക്കായ ഒരു ഇമോഷണല്‍ രംഗത്തെചൊല്ലി സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ചെയ്യപ്പെടുകയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ വിജയ് ദേവരകൊണ്ടയും അനന്യ പാണ്ഡയും.

പ്രകോപിതനായ വിജയ് ഐ ലവ് യു എന്ന് അലറുന്നതും ഇത് കണ്ട് അനന്യ കരയുന്നതുമായ രംഗത്തിനാണ് ട്രോള്‍ നേരിടുന്നത്. സീന്‍ ഇമോഷണലായാണ് ചിത്രീകരിച്ചതെങ്കിലും ചിരിയാണ് കണ്ടിട്ട് വരുന്നത് എന്നാണ് പ്രേക്ഷകരുടെ പ്രതികരണം.

ഇതെന്തൊരു അഭിനയമാണ്, വിജയ് വിക്കുന്നത് കണ്ടപ്പോള്‍ തുമ്മാന്‍ വരികയാണെന്നാണ് വിചാരിച്ചത്. എക്‌സ്പ്രഷന്‍ ക്വീന്‍ ആണ് അനന്യ, ഈ വര്‍ഷത്തെ ഫിലിം ഫെയര്‍ അവാര്‍ഡ് അനന്യക്ക് തന്നെ, ഉറങ്ങി എണീക്കുമ്പോഴുള്ള എക്സപ്രഷനാണിത്. ഒന്നര പതിറ്റാണ്ടിലേറെയായി ബോളിവുഡ് പ്രേക്ഷകര്‍ ഇങ്ങനെ നിലവാരം കുറഞ്ഞ സിനിമകള്‍ കാണാന്‍ തുടങ്ങിയിട്ട്. ഇപ്പോള്‍ പ്രേക്ഷകര്‍ ഒരുപാട് മാറിയിരിക്കുന്നു, ആദ്യത്തേത് പോലെ മണ്ടന്മാരല്ല. ഞങ്ങള്‍ നല്ല സിനിമകളാണ് പ്രതീക്ഷിക്കുന്നത് അല്ലാതെ കുട്ടിക്കളിയല്ല. ഇങ്ങനെയൊക്കെയാണ് താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തിനെതിരെ കമന്റ് ചെയ്തത്.

റിലീസിന് തൊട്ടുമുന്‍പേ വിവാദങ്ങളില്‍ ചിത്രം ഇടം നേടിയിരുന്നു. ദേവരകൊണ്ടയുടെ പ്രകോപനപരമായ നിലപാടിനെതിരെ സിനിമയുടെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ തന്നെ പ്രതിഷേധവുമായി മുമ്പോട്ട് വന്നിരുന്നു. കരന്‍ ജോഹര്‍ സിനിമയുടെ വിതരണ പങ്കാളിയായതിനെ തുടര്‍ന്ന് സിനിമയ്‌ക്കെതിരെ ബോയ്‌കോട്ട് ക്യാമ്പയിന്‍ നടന്നിരുന്നു.

ഇന്ത്യയില്‍ 3000 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 33കോടി രൂപയാണ് ആദ്യ ദിനം കളക്റ്റ് ചെയ്തത്. എന്നാല്‍ രണ്ടാം ദിനമായപ്പോഴേക്കും തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ സിനിമയുടെ കളക്ഷന്‍ പകുതിയിലധികം കുറഞ്ഞതായി ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അനന്യ പാണ്ഡെ, രമ്യ കൃഷ്ണന്‍, മൈക്ക് ടൈസണ്‍ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Content Highlight: Vijay Devarakonda and Ananya Panda are being trolled on social media for an emotional scene in liger