നരണിപ്പുഴ ഷാനവാസിന്റെ ആദ്യ തിരക്കഥ സിനിമയാക്കാനൊരുങ്ങി വിജയ് ബാബു
Entertainment
നരണിപ്പുഴ ഷാനവാസിന്റെ ആദ്യ തിരക്കഥ സിനിമയാക്കാനൊരുങ്ങി വിജയ് ബാബു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 7th February 2021, 4:25 pm

അന്തരിച്ച സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് ആദ്യമായി എഴുതിയ തിരക്കഥ സിനിമയാക്കാനൊരുങ്ങി നടനും നിര്‍മാതാവുമായ വിജയ് ബാബു. ഷാനവാസ് അനുസ്മരണവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന യോഗത്തിലാണ് വിജയ് ബാബു സിനിമ പ്രഖ്യാപിച്ചത്.

ഷാനവാസിന്റെ ഭാര്യ അസു ഷാനവാസും മകനും ചടങ്ങില്‍ പങ്കെടുത്തു. അസു ഷാനവാസിന്റെ കയ്യില്‍ നിന്നാണ് വിജയ് ബാബു തിരക്കഥ ഏറ്റുവാങ്ങിയത്.

‘ഷാനവാസുമായി അടുത്ത് നില്‍ക്കുന്ന സുഹൃത്തുക്കള്‍ക്കൊപ്പം ഷാനവാസ് അനുസ്മരണ സംഗമം സംഘടിപ്പിച്ചു. ഞാന്‍ ആവശ്യപ്പെട്ടതു പ്രകാരം ഷാനവാസിന്റെ ഭാര്യ അസു ഷാനവാസ് എനിക്ക് അദ്ദേഹത്തിന്റെ ആദ്യ തിരക്കഥയായ ‘സല്‍മ’ കൈമാറി.

സല്‍മ ഒരു സിനിമയാക്കുന്നതില്‍ എന്റെ എല്ലാ പ്രയത്‌നവും തുടരുമെന്നും അതില്‍ നിന്ന് കിട്ടുന്ന ലാഭം അദ്ദേഹത്തിന്റെ കുടുംബത്തിന് ഏല്‍പ്പിക്കുകയും ചെയ്യും. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു,’ വിജയ് ബാബു ഫേസ്ബുക്കിലെഴുതി.

വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് ഷാനവാസിന്റെ പേരില്‍ ഷോര്‍ട്ട് ഫിലിം സംവിധായകര്‍ക്കായി ഒരു അവാര്‍ഡ് ഏര്‍പ്പെടുത്താനുള്ള തീരുമാനവും അറിയിച്ചിട്ടുണ്ട്.

അഞ്ച് മിനുട്ടില്‍ കൂടാത്ത ഹ്രസ്വ ചിത്രങ്ങളാണ് മത്സരത്തിനായി അയക്കേണ്ടത്.

തെരഞ്ഞെടുക്കുന്ന ഹ്രസ്വ ചിത്രങ്ങള്‍ ഫ്രൈഡേ ഫിലിം ഹൗസിന്റെ യൂട്യൂബ് ചാനലിലൂടെ പ്രദര്‍ശിപ്പിക്കും. മികച്ച ഹ്രസ്വ ചിത്രത്തിന്റെ സംവിധായകന് നരണിപ്പുഴ ഷാനവാസ് അവാര്‍ഡിന് പുറമെ ഒരു ഫീച്ചര്‍ ഫിലിമിന്റെ തിരക്കഥ അവതരിപ്പിക്കാനുള്ള അവസരവും ലഭിക്കും.

കരി, സൂഫിയും സുജാതയും എന്നീ ചിത്രങ്ങളാണ് നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്തത്. ഡിസംബര്‍ 23നായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹം അന്തരിച്ചത്. പുതിയ ചിത്രത്തിന്റെ തിരക്കഥയ്ക്കിടെയാണ് അന്ത്യം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Vijay Babu announces film by the first script of Naranippuzha Shanavas