Administrator
Administrator
ടി.സി മാത്യുവിന് തുടരാന്‍ അര്‍ഹതയുണ്ടോ?
Administrator
Tuesday 6th September 2011 5:21pm


റെക്കാലമായി വിവാദത്തില്‍ മുങ്ങിയിരിക്കയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍. കൊച്ചിയില്‍ 2007ല്‍ നടന്ന ഇന്ത്യ-ഓസ്‌ത്രേലിയ മത്സരത്തിന്റെ ടിക്കറ്റ് വില്‍പന നടത്തിയതിലെയും ഫ്‌ളെഡ്‌ ലൈറ്റ് സ്ഥാപിച്ചതിലെയും അഴിമതിയെക്കുറിച്ച് അന്വേഷിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഡിസംബര്‍ ഏഴിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. അസോസിയേഷന്‍ ചെയര്‍മാനായ ടി.സി മാത്യുവിനെതിരെയാണ് എല്ലാ ആരോപണങ്ങളുടെയും മുന തിരിയുന്നത്.

പണം വാരുന്ന കളിയാണ് ക്രിക്കറ്റ്. അതുകൊണ്ട് തന്നെ ക്രിക്കറ്റ് കളിയുടെ പിന്നാമ്പുറങ്ങളില്‍ നിന്ന് പലപ്പോഴും ചീഞ്ഞളിഞ്ഞ പണത്തിന്റെ ദുര്‍ഗന്ധം ഉയരാറുണ്ട്. എന്നാല്‍ വര്‍ഷങ്ങളായി ആരോപണത്തിന്റെ നിഴലില്‍ കഴിയുന്ന ഒരാള്‍ ഒരു തടസ്സവുമില്ലാതെ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി തുടരുന്ന ദുരവസ്ഥയാണ് കേരളത്തിലുള്ളത്. ഇപ്പോള്‍ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടുവെങ്കിലും ടി.സി മാത്യു ചെയര്‍മാനായി തുടരുകയാണ്.

അന്വേഷണം നേരിടുമ്പോള്‍ അധികാര സ്ഥാനങ്ങളിലിരിക്കുന്നതിന്റെ അനൗചിത്യം കേരളം ഇതിന് മുന്‍പ്‌ പലതവണ ചര്‍ച്ച ചെയ്തതാണ്. ക്രിക്കറ്റ് അസോസിയേഷന്‍ ചെയര്‍മാനെന്ന പദവിയിലിരുന്ന് അന്വേഷണത്തെ നേരിടുന്നത് രേഖകളും തെളിവുകളും നശിപ്പിക്കപ്പെടുന്നതിനിടയാക്കുമെന്ന് ഇപ്പോള്‍ ആരോപണമയുര്‍ന്നിരിക്കെയാണ് ഡൂള്‍ന്യൂസ് ലഞ്ച് ബ്രേക്ക് ചര്‍ച്ച ചെയ്യുന്നു. ക്രിക്കറ്റ് അസോസിയേഷന്‍: ടി.സി മാത്യുവിന് തുടരാന്‍ അര്‍ഹതയുണ്ടോ?


ബാലാജി അയ്യങ്കാര്‍ ( കേരള ക്രിക്കറ്റ് ടീം മുന്‍ താരം, ക്രിക്കറ്റ് അസോസിയേഷനെതിരെ വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയ വ്യക്തി)

ടി.സി മാത്യു രാജിവെച്ച് അന്വേഷണത്തെ നേരിടുകയാണ് വേണ്ടത്. വിജിലന്‍സ് അന്വേഷണം ഒഴിവാക്കാന്‍ ഇതുവരെ കോടതിയില്‍ ചെലവഴിച്ച പണം ക്രിക്കറ്റ് അസോസിയേഷനില്‍ തിരിച്ചടക്കുകയും വേണം. 2009ല്‍ വയനാട് ചേര്‍ന്ന ക്രിക്കറ്റ് അസോസിയേഷന്‍ യോഗത്തില്‍ വിജിലന്‍സ് അന്വേഷണത്തിലൊന്നും വലിയ കാര്യമില്ലെന്നും ഇതിന് ചെലവാകുന്നപണം സ്വന്തം നിലയില്‍ വഹിക്കുമെന്നും അന്നത്തെ ചെയര്‍മാനായിരുന്ന ടി.ആര്‍. ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ രാജിവെച്ച് ബി.സി.സി.ഐയോ കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലോ അഡ്‌ഹോക്ക് കമ്മിറ്റിയെ നിശ്ചയിക്കുകയാണ് വേണ്ടത്.

ടി.സി മാത്യു ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരിട്ട് പങ്കുള്ള കേസാണിത്. മന്ത്രിമാര്‍ക്കെതിരെ അന്വേഷണം നടക്കുമ്പോള്‍ അവര്‍ പദവിയില്‍ നിന്ന് രാജിവെക്കുകയാണ് ചെയ്യാറ്. ഈ മര്യാദ ടി.സി മാത്യുവും പാലിക്കണം. നേരത്തെ ടി.സി മാത്യുവിനെതിരെ നടന്ന അന്വേഷണങ്ങളിലെല്ലാം അദ്ദേഹം കുറ്റക്കാരനാണെന്ന് വ്യക്തമായിരുന്നു. ആ അന്വേഷണങ്ങളിലെല്ലാം കുറ്റപത്രം നല്‍കുന്നതിനുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായതാണ്. മൂന്നാമതായി ടി.സി മാത്യു ചെയര്‍മാനായി തുടരുമ്പോള്‍ അന്വേഷണം അട്ടിമറിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. ചെയര്‍മാന്‍ എന്ന നിലയില്‍ രേഖകളും തെളിവുകളും നശിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയും.

2004ല്‍ ജോലി രാജിവെച്ചാണ് ടി.സി മാത്യു ക്രിക്കറ്റ് അസോസിയേഷന്‍ ചെയര്‍മാനായി സ്ഥാനമേറ്റത്. അന്നുമുതല്‍ ഇന്നുവരെ ടി.സി മാത്യു നേടിയ പണത്തെക്കുറിച്ച് മാത്രം അന്വേഷിച്ചാല്‍ മതി കാര്യങ്ങള്‍ വ്യക്തമാകാന്‍. ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എന്നത് പ്രതിഫലമില്ലാത്ത ഒരു ഓണറേറിയം പോസ്റ്റ് മാത്രമാണ്. അങ്ങിനെയൊരു പോസ്റ്റിലിരിക്കുന്നയാള്‍ക്ക് എങ്ങിനെ ഇത്രയധികം സമ്പാദ്യമുണ്ടാക്കാന്‍ കഴിയുന്നുവെന്നതാണ് ചോദ്യം. ജോലി രാജിവെച്ച ഇദ്ദേഹത്തിന്റെ ദൈനംദിന ജീവിതം എങ്ങിനെയാണ് നടന്നു പോകുന്നത്. ഇക്കാര്യമെല്ലാം പരിശോധിക്കണം.

ടിനു യോഹന്നാന്‍, കേരള ക്രിക്കറ്റ് ടീം താരം

കേരളാ ക്രിക്കറ്റ് അസോസിയേഷന് എതിരായ അഴിമതി ആരോപണങ്ങള്‍ കളിക്കാരെ ബാധിക്കില്ല. ഇതിനെതിരെ വിജിലന്‍സ് അന്വേഷണം സ്വാഗതാര്‍ഹമാണ്. അത് നടക്കും. കുറ്റക്കാര്‍ക്കെതിരെ നടപടിയുമുണ്ടാവും.

ടി.സി മാത്യു കെ.സി.എ സെക്രട്ടറി സ്ഥാനത്തു തുടരുമ്പോള്‍ അന്വേഷണം അട്ടിമറിക്കപ്പെടുമോ എന്നതിനെക്കുറിച്ചൊന്നും പറയാന്‍ ഞങ്ങള്‍ക്കു കഴിയില്ല. ഞങ്ങളുടെ ചുമതല കളിക്കുക എന്നതാണ്. അതിനപ്പുറത്തൊന്നും ചിന്തിക്കാത്തതാണ് ഞങ്ങള്‍ക്ക് നല്ലത്.

കളിക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ ക്രിക്കറ്റ് അസോസിയേഷന്റെ ഭാഗത്ത് വീഴ്ചയുണ്ട്. ഇന്‍ഡോര്‍ ഫെസിലിറ്റീസ് കേരളത്തിലില്ല. പ്രാക്ടീസ് ചെയ്യാനുള്ള സൗകര്യമില്ല. നല്ല സ്‌റ്റേഡിയങ്ങള്‍ കുറവാണ്. അഴിമതിയാരോപണം കളിക്കാരുടെ പ്രകടനത്തെ ബാധിക്കില്ല.

പി. ആര്‍. ബിജു, ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹി, പരാതിക്കാരന്‍

ടി. സി. മാത്യുവിനെതിരെയും മറ്റു ചില ഭാരവാഹികള്‍ക്കെതിരെയും അന്വേഷണത്തിന് ഉത്തരവിട്ടു കൊണ്ട് ഇന്ന് വന്ന വിജിലന്‍സ് കോടതി ഉത്തരവിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു.

കുറേ കാലമായി തുടരെ തുടരെ അഴിമതി ആരോപണങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ് കെ. സി. എയിലെ ടി. സി. മാത്യു അടങ്ങുന്ന ഭാരവാഹികള്‍. ഇടക്കൊച്ചി ഗ്രൗണ്ട് വാങ്ങിച്ചതിലെ അഴിമതിയിലും 2007ലെ ടിക്കറ്റ് വില്‍പനയിലെ തിരിമറിയിലും ടി. സി. മാത്യുവിന് പങ്കുണ്ട്. ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ജില്ലാ ക്രിക്കറ്റ് ക്ലബ്ബുകളില്‍ സ്വന്തക്കാരെ തിരുകി കയറ്റി തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുകയാണ് ടി. സി. മാത്യു.

2007ലെ ഇന്തോ-ഓസ്‌ട്രേലിയന്‍ കളിയില്‍ രേഖകളില്‍ കാണിച്ചതിനെക്കാളും കൂടുതല്‍ ടിക്കറ്റ് അടിച്ച് പുറത്ത് കൂടുതല്‍ വിലക്ക് വില്‍ക്കുകയാണ് ചെയ്തത്. സ്റ്റേഡിയത്തില്‍ എത്രയാളുകള്‍ എത്തി എന്നത് അന്നത്തെ ഡി. വൈ. എസ്. പിയുടെ കൈയ്യിലെ രേഖകളില്‍ നിന്ന് വ്യക്തമായതാണ്.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഈ ഇടക്കൊച്ചിയിലെ ഗ്രൗണ്ട്് വാങ്ങിക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ പ്രശ്‌നം ഉണ്ടായിരുന്നു. അവിടെ കണ്ടല്‍ കാടുകള്‍ ഉണ്ടെന്നതായിരുന്നു പ്രശ്‌നം. എറണാകുളത്ത് വെറും 50000 രൂപക്ക് 50 ഏക്കര്‍ കിട്ടുമായിരുന്നു. എന്നാല്‍ 1,10000 രൂപക്കാണ് സെന്റിന് വെച്ച് സ്ഥലം മേടിച്ചിരിക്കുന്നത്. രജിസ്റ്റര്‍ ഓഫീസിലെ റെക്കോര്‍ഡിനെക്കാളും വലിയ വിലക്കാണ് ടി. സി. മാത്യൂ ഭൂമി വാങ്ങിച്ചിരിക്കുന്നത്. അതിന്റെ രേഖകള്‍ ഞങ്ങളുടെ കൈയ്യില്‍ ഉണ്ട്.

അഴിമതി ആരോപണങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്ന കെ. സി. എയിലെ ഭാരവാഹികള്‍ക്കെതിരെ സി. ബി. ഐ അന്വേഷണം ആണ് ഉണ്ടാകേണ്ടത്. അത്രക്ക് വ്യാപിച്ചിരിക്കുകയാണ് ഈ അഴിമതി.

ടി.വി രാജേഷ്, ഡി.വൈ.എഫ്.ഐ സെക്രട്ടറി

കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കെ.സി.എ സെക്രട്ടറി സ്ഥാനത്ത് തുടരണോ എന്ന കാര്യം തീരുമാനിക്കേണ്ടത് ടി.സി മാത്യു തന്നെയാണ്. അദ്ദേഹം ആ സ്ഥാനത്തുള്ളതുകൊണ്ട് അന്വേഷണം നടത്തേണ്ടായെന്ന് നമുക്ക് പറയാന്‍ കഴിയില്ല.

ഇപ്പോള്‍ പ്രഖ്യാപിച്ച അന്വേഷണത്തിന്റെയും ആരോപണത്തിന്റെയും സീരിയസ്‌നെസ് ഞാന്‍ വേണ്ടത്ര മനസിലാക്കിയിട്ടില്ല. ടി.വി ന്യൂസ് വരുന്നത് മാത്രമേ കണ്ടുള്ളൂ. അതിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ എനിക്കറിയില്ല. എങ്കിലും കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അടുത്തിടെയായി ഉയര്‍ന്നുവരുന്നത്. ഇതിനെതിരെ അന്വേഷണം നടക്കേണ്ടതുണ്ട്.

ടി.സി മാത്യു വിനെതിരെ ആരോപണം ഉയര്‍ന്നു എന്നാല്‍ അതിനര്‍ത്ഥം അദ്ദേഹം കുറ്റക്കാരനാണെന്നല്ല. അതിനാല്‍ അദ്ദേഹം രാജിവെക്കണമോ വേണ്ടയോ എന്നുള്ളത് കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നശേഷമെ പറയാന്‍ കഴിയൂ.

Advertisement