എഡിറ്റര്‍
എഡിറ്റര്‍
ഭൂമി കയ്യേറ്റം: മന്ത്രി പി.ജെ ജോസഫിനും കെ.ഇ ഇസ്മായിലിനും എതിരെ കേസെടുക്കാന്‍ വിജിലന്‍സ് ഉത്തരവ്
എഡിറ്റര്‍
Friday 5th October 2012 12:28am

കോട്ടയം: ഹോട്ടലിനായി വനഭൂമി കൈയേറിയതുള്‍പ്പെടെയുള്ള മൂന്ന് പരാതികളില്‍ മന്ത്രി പി.ജെ ജോസഫിനെതിരെ കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്. അധികാര ദുര്‍വിനിയോഗം നടത്തിയെന്ന കണ്ടെത്തലില്‍ മുന്‍ റവന്യു മന്ത്രി കെ.ഇ ഇസ്മായിലിനെതിരെയും കേസെടുക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. കോട്ടയം എന്‍ക്വയറി കമ്മീഷണര്‍ ആന്‍ഡ് സ്‌പെഷല്‍ ജഡ്ജി സി. സോമന്‍േറതാണ് ഉത്തരവ്.

Ads By Google

തൃശ്ശൂര്‍ കുറ്റിമുക്ക് രാമവര്‍മ്മപുരം വട്ടുകുളത്തില്‍ ജോര്‍ജ്ജ് വട്ടുകുളമാണ്, മന്ത്രി പി.ജെ.ജോസഫ് ഭൂമി കൈയേറിയെന്നാരോപിച്ച് 2007ല്‍ കേസ് ഫയല്‍ചെയ്തത്. ഇടുക്കി കുളമാവ് നാടുകാണിയില്‍ പ്രവര്‍ത്തിക്കുന്ന ‘ഗ്രീന്‍ബര്‍ഗ്’ എന്ന സ്വകാര്യ റിസോര്‍ട്ടിനായി 75 ഏക്കര്‍ സ്ഥലം പി.ജെ.ജോസഫ് കൈയേറിയെന്നാണ് ആരോപണം.

കുളമാവിലുള്ള ഗാന്ധി സ്റ്റഡിസെന്ററിനായി അനുവദിച്ചിട്ടുള്ള ഒന്നേമുക്കാല്‍ ഏക്കറിനോടൊപ്പം എട്ട് ഏക്കര്‍ ആദിവാസിഭൂമികൂടി പി.ജെ.ജോസഫ് കൈവശപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. പൈങ്കുളത്ത് പ്രവര്‍ത്തിക്കുന്ന സ്‌നേഹഭവന്‍ എന്ന അനാഥാലയത്തിന്റെ ആദായം മുഴുവന്‍ അന്യായമായി കൈപ്പറ്റുന്നതായും ആരോപണമുണ്ട്.

പരാതിയില്‍ അന്വേഷണം നടത്താന്‍ കോട്ടയം ഈസ്റ്റ് റേഞ്ച് ഡിവൈ.എസ്.പി. കെ.ജെ.ജോയിയെ ആണ് ചുമതലപ്പെടുത്തിയിരുന്നത്. അന്വേഷണം പൂര്‍ത്തിയാക്കി 2010 മെയ് 15ന് റിപ്പോര്‍ട്ട് നല്‍കി. പി.ജെ ജോസഫിനെതിരെ കേസെടുക്കാന്‍ മതിയായ തെളിവുകളില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, കോടതി റിപ്പോര്‍ട്ട് പരിശോധിക്കുകയും  പി.ജെ ജോസഫിനും അന്നത്തെ റവന്യു മന്ത്രിയായിരുന്ന കെ.ഇ ഇസ്മായിലിനും എതിരെ റിപ്പോര്‍ട്ടിലെ തെളിവുകളുടെ അടിസ്ഥാനത്തില്‍ത്തന്നെ കേസെടുക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.

ഗ്രീന്‍ബെര്‍ഗ് റിസോര്‍ട്ടിനായി 75 ഏക്കര്‍ കൈയേറിയെന്ന പരാതിയില്‍ 47 സാക്ഷികളില്‍നിന്ന് മൊഴികള്‍ ശേഖരിച്ചിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒമ്പത് ഏക്കറോളം വരുന്ന വനഭൂമി റിസോര്‍ട്ടിന്റെ ഭാഗമായുണ്ടെന്നും ഇവിടെ കൃത്രിമ തടാകവും കെട്ടിടങ്ങളും നിര്‍മ്മിച്ചിട്ടുണ്ടെന്നും കോടതി കണ്ടെത്തി. വനം, റവന്യു ഉദ്യോഗസ്ഥര്‍ 1997ല്‍ നടത്തിയ പരിശോധനയില്‍ ഇത് വ്യക്തമായിരുന്നു. എന്നാല്‍, ഭൂമി സര്‍ക്കാരിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ സ്‌റ്റേ വാങ്ങാനായി ഉടമ ഹൈക്കോടതിയെ സമീപിച്ചു.

കോടതി സ്‌റ്റേ നല്‍കിയില്ലെന്നുതന്നെയല്ല, ഭൂമി തിരിച്ചുപിടിക്കാന്‍ ഉത്തരവിടുകയും ചെയ്തു. എന്നാല്‍, തിരിച്ചുപിടിക്കാനുള്ള നടപടി നിര്‍ത്തിവയ്ക്കാനും രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനും അന്നത്തെ റവന്യു മന്ത്രി കെ.ഇ.ഇസ്മായില്‍ നിര്‍ദ്ദേശിച്ചു. ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍നിന്ന് ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവരെ പിന്തിരിപ്പിക്കുകയാണ് മന്ത്രി ചെയ്തത്.

വനഭൂമി കൈയേറ്റം സംബന്ധിച്ച് പി.ജെ.ജോസഫിനോട് വിശദീകരണം തേടിയിരുന്നു. റിസോര്‍ട്ട് നില്‍ക്കുന്ന സ്ഥലം സഹോദരി എല്‍സിയുടെ ഭര്‍ത്താവ് കെ.പി.ജോര്‍ജ്ജിന്റെ ഉടമസ്ഥതയിലാണെന്നും ഭാര്യാസഹോദരനായ ജോര്‍ജ്ജ് മേനാച്ചേരി ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ക്കും ഷെയര്‍ ഉണ്ടെന്നും പി.ജെ ജോസഫ് മൊഴിനല്‍കിയിട്ടുണ്ട്.

പൈങ്കുളത്തെ സ്‌നേഹഭവന്‍ നില്‍ക്കുന്ന 12 ഏക്കര്‍ സ്ഥലം കുടുംബസ്വത്തായി ലഭിച്ചതാണെന്നും അത് അനാഥാലയത്തിന്റെ നടത്തിപ്പിനായി പിന്നീട് വിട്ടുകൊടുത്തെന്നും ആദായങ്ങളൊന്നും താന്‍ കൈപ്പറ്റുന്നില്ലെന്നും മന്ത്രി കോടതിയില്‍ പറഞ്ഞിട്ടുണ്ട്.  ആറുമാസത്തിനകം കേസന്വേഷണം പൂര്‍ത്തിയാക്കണമെന്നും വിജിലന്‍സ് കോടതിയുടെ ഉത്തരവിലുണ്ട്.

Advertisement