എഡിറ്റര്‍
എഡിറ്റര്‍
കോഴവിവാദം: അന്വേഷണം നടത്തുമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്
എഡിറ്റര്‍
Wednesday 10th October 2012 12:06pm

കൊളംബോ: കോഴവിവാദത്തില്‍ ശ്രീലങ്കന്‍ അമ്പയര്‍മാര്‍ ഉള്‍പ്പെട്ട സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്.

ശ്രീലങ്കയിലെ അഴിമതി വിരുദ്ധ വിഭാഗം രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലുമായി ഇതുസംബന്ധിച്ച അന്വേഷണത്തില്‍ സഹകരിക്കുമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് മേധാവി അജിത് ജയശേഖര പറഞ്ഞു. കോഴക്കാര്യത്തില്‍ ഐ.സി.സി തങ്ങളോട് ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ലെന്നും അജിത് സൂചിപ്പിച്ചു.

Ads By Google

മൂന്ന് ശ്രീലങ്കക്കാരടക്കം ആറ് അമ്പയര്‍മാര്‍ പണം കൊടുത്താല്‍ തീരുമാനം മാറ്റിമറിക്കാമെന്ന് സമ്മതിച്ചതിന്റെ ദൃശ്യങ്ങള്‍ ഇന്ത്യ ടിവി പുറത്തുവിട്ടിരുന്നു. നദീം ഗൗരി, അനീസ് സിദ്ദീഖി( പാക്കിസ്ഥാന്‍), നാദിര്‍ ഷാ(ബംഗ്ലാദേശ്), ജമിനി ദിശനായിക്, മൗറിസ് വിന്‍സ്റ്റണ്‍, സാഗര ഗാലാജ്( ശ്രീലങ്ക) എന്നിവരാണ് വിവാദത്തില്‍ ഇടംപിടിച്ചത്.

ഒത്തുകളിക്ക് കോഴ വാഗ്ദാനം ചെയ്ത് ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ രഹസ്യക്യാമറയുമായി സമീപിച്ചപ്പോഴാണ് ഇവര്‍ വിവാദപരാമര്‍ശങ്ങളില്‍ കുടുങ്ങിയത്.

എന്നാല്‍, വിവാദ അമ്പയര്‍മാരിലൊരാളായ ജമിനി ദിശനായിക് വെളിപ്പെടുത്തല്‍ നിഷേധിച്ചു. ശ്രീലങ്കന്‍ അമ്പയര്‍മാരെ ഒരു ബാഹ്യഏജന്‍സിയുടെ സഹായത്തോടെ ആക്രമിക്കാനുള്ള ശ്രമമാണിതെന്നും ജമിനി ദിശനായിക് ആരോപിച്ചു.

ശ്രീലങ്കന്‍ ക്രിക്കറ്റ് അധികൃതര്‍ക്ക്‌ മദ്യം നല്‍കിയാല്‍ എന്തും നടക്കുമെന്ന് ജമിനി ദിശനായികെയാണ് ചാനലിനോട് സൂചിപ്പിച്ചത്.  ജമിനിയുടെ പ്രതികരണം ലഭ്യമായെങ്കിലും മറ്റ്‌ രണ്ട് ലങ്കന്‍ അംപയര്‍മാര്‍ മാധ്യമങ്ങളോട്  പ്രതികരിക്കാന്‍ വിസമ്മതിച്ചതായാണ്‌ റിപ്പോര്‍ട്ടുകള്‍.

കോഴക്കാര്യത്തില്‍ അടിയന്തര അന്വേഷണത്തിന് ഐ.സി.സി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കളിക്കാര്‍ക്കും ഒഫിഷ്യല്‍സിനുമെതിരെ അഴിമതി ആരോപണങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് ഐ.സി.സി.

Advertisement