മാര്‍ഷല്‍ ആര്‍ട്‌സ് പരിശീലിക്കുന്ന വിജയ് ദേവരകൊണ്ടയുടെ വീഡിയോ പുറത്ത്; അദ്ദേഹം മികച്ച വിജയം അര്‍ഹിക്കുന്നുണ്ടെന്ന് കമന്റ്
Film News
മാര്‍ഷല്‍ ആര്‍ട്‌സ് പരിശീലിക്കുന്ന വിജയ് ദേവരകൊണ്ടയുടെ വീഡിയോ പുറത്ത്; അദ്ദേഹം മികച്ച വിജയം അര്‍ഹിക്കുന്നുണ്ടെന്ന് കമന്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 2nd September 2022, 5:46 pm

വിജയ് ദേവരകൊണ്ട നായകനായ ലൈഗര്‍ തിയേറ്ററുകളില്‍ ആളില്ലാതെ പരാജയത്തിലേക്ക് ആഴ്ന്നുകൊണ്ടിരിക്കുകയാണ്. വന്‍ഹൈപ്പുയര്‍ത്തിയ ചിത്രം പരാജയപ്പെട്ടത് വലിയ നഷ്ടം തന്നെയണ് ഉണ്ടാക്കിയത്.

ലൈഗറിലെ കഥാപാത്രത്തിനായി വലിയ കഠിനാധ്വാനം തന്നെയാണ് വിജയ് ദേവരകൊണ്ട നടത്തിയത്. താരം ചിത്രത്തിനായി നടത്തിയ തയാറെടുപ്പുകളുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഒരു ആരാധകന്‍. ട്രെയ്‌നറുമായി മിക്‌സഡ് മാര്‍ഷല്‍ ആര്‍ട്‌സിന് വേണ്ടി കഠിന പരിശ്രമമാണ് നടത്തുന്നത്. വീഡിയോക്ക് താഴെ വിജയ് ദേവരകൊണ്ടയെ പ്രശംസിച്ച് നിരവധി പേരാണ് എത്തുന്നത്.

വിജയ് മികച്ച ചിത്രങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്നും അദ്ദേം ചിത്രത്തിനായി ചെയ്ത കഠിനാധ്വാനം മുഴുവന്‍ പാഴായി പോയെന്നും ആരാധകര്‍ കുറിക്കുന്നു. കഥയിലെ പോരായ്മ കൊണ്ടാണ് ലൈഗര്‍ പരാജയപ്പെട്ടതെന്ന് പറയുന്ന ആരാധകര്‍ വിജയ് എത്രയും പെട്ടെന്ന് തിരിച്ചുവരട്ടെ എന്നും ആശംസിച്ചു. ചിത്രത്തിനായി തായ്‌ലന്‍ഡില്‍ പോയി വിജയ് മാര്‍ഷ്വല്‍ ആര്‍ട്ട്‌സ് പഠിച്ചിരുന്നു.

വിജയ് ദേവെരകൊണ്ടയുടെ വലിയ പരാജയമായി ചിത്രം മാറുന്നുവെന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍. കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ 90 ശതമാനം ഷോയും റദ്ദ് ചെയ്തിട്ടുണ്ട്. വിജയ് ദേവരകൊണ്ടയുടെ തുടര്‍ച്ചയായ മൂന്നാം ചിത്രമാണ് ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുന്നത്. വലിയ രീതിയില്‍ പ്രമോഷന്‍ നടത്തിയെങ്കിലും അതൊന്നും ചിത്രത്തിന് ഗുണകരമായി മാറിയില്ല.

ലാസ് വെഗാസിലെ മിക്‌സഡ് മാര്‍ഷല്‍ ആര്‍ട്‌സ് (എം.എം.എ) ചാമ്പ്യനാകാന്‍ നായകന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. അനന്യ പാണ്ഡേ നായികയായി എത്തിയ ചിത്രത്തിന് രണ്ട് മണിക്കൂറും 20 മിനുട്ടുമായിരുന്നു ദൈര്‍ഘ്യം. മണി ശര്‍മ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ ആറ് പാട്ടുകളും ഏഴ് ആക്ഷന്‍ രംഗങ്ങളും ഉണ്ട്. സംവിധായകന്‍ പുരി ജഗനാഥ് തന്നെ തിരക്കഥ എഴുതിയ ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ യു.എസിലായിരുന്നു ചിത്രീകരിച്ചത്.

Content Highlight: Video of Vijay Devarakonda Practicing Martial Arts Out; Comment that he deserves better success