ഡയറക്ടര്‍ മോഹന്‍ലാല്‍; ഷൂട്ടിംഗ് സെറ്റ് നിയന്ത്രിച്ച് ലാലേട്ടന്‍
Film News
ഡയറക്ടര്‍ മോഹന്‍ലാല്‍; ഷൂട്ടിംഗ് സെറ്റ് നിയന്ത്രിച്ച് ലാലേട്ടന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 27th March 2022, 8:29 pm

അഭിനയജീവിതത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചതിന് ശേഷം സംവിധായകന്റെ കുപ്പായമണിഞ്ഞിരിക്കുകയാണ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരഭമായ ബാറോസ് എങ്ങനെയാകും എന്ന ആകാംഷയിലാണ് പ്രേക്ഷകര്‍.

ഷൂട്ടിംഗ് സെറ്റിലെ ചില നിമിഷങ്ങള്‍ പങ്കുവെക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. ഡയറക്ടാറായി സെറ്റിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന മോഹന്‍ലാലിനെയാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. ഡയറക്ടര്‍ മോഹന്‍ലാല്‍ എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

ആശിര്‍വാദ് സിനിമാസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

മോഹന്‍ലാല്‍ തന്നെ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രത്തിന്‍ വാസ്‌കോ ഡ ഗാമയുടെ നിധി കാക്കുന്ന ഭൂതത്താനായാണ് താരം വെള്ളിത്തിരയിലെത്തുന്നത്.

മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ ഒരുക്കിയ ജിജോ നവോദയ ആണ് ബറോസിന്റെ തിരക്കഥാകൃത്തും ക്രിയേറ്റിവ് ഡയറക്ടറും. സന്തോഷ് ശിവന്‍ ഛായാഗ്രഹണവും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു.

സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി സിനിമയിലുണ്ടാകും. ബറോസ് എന്ന ഭൂതമായി നായക കഥാപാത്രമാകുന്നത് മോഹന്‍ലാല്‍ ആണ്.

വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ. ദ ഹ്യൂമന്‍ കോണ്‍ട്രാക്ട്, റാംബോ, സെക്സ് ആന്‍ഡ് ലൂസിയ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് പാസ് വേഗ. ഗോവയാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍.

Content Highlight: video of mohanlal from barroz set