വീഡിയോ; വനിതാ കൗണ്‍സിലര്‍മാരെ നിലത്തിട്ട് ചവിട്ടി ബി.ജെ.പി എം.എല്‍.എയുടെ അതിക്രമം
India
വീഡിയോ; വനിതാ കൗണ്‍സിലര്‍മാരെ നിലത്തിട്ട് ചവിട്ടി ബി.ജെ.പി എം.എല്‍.എയുടെ അതിക്രമം
ന്യൂസ് ഡെസ്‌ക്
Friday, 13th November 2020, 11:56 am

 

മംഗളൂരു: സ്വന്തം പാര്‍ട്ടിയിലെ മൂന്ന് വനിതാ കൗണ്‍സിലര്‍മാരെ ക്രൂരമായി ആക്രമിച്ച് കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എ. വനിതാ അംഗങ്ങളെ മര്‍ദ്ദിക്കാന്‍ ഇയാളുടെ അനുയായികളും ഒപ്പം ചേര്‍ന്നു.

പൊലീസ് നോക്കിനില്‍ക്കെയായിരുന്നു ഇയാളുടെ അതിക്രമം. ബാഗല്‍കോട്ട തെര്‍ഗല്‍ മണ്ഡലത്തിലെ എം.എല്‍.എ സിദ്ദു സവഡിയും സംഘവുമാണ് മഹാലിംഗപുരം നഗരസഭയിലെ ബി.ജെ.പി അംഗങ്ങളായ ചാന്ദ്‌നി നായിക്, സവിത ഹുര്‍ക്കടാലി, ഗോദാവരി ബാത്ത് എന്നിവരെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തത്.

മുനിസിപ്പാലിറ്റി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് കൗണ്‍സിലര്‍മാര്‍ എം.എല്‍.എ സവഡിയെ സമീപിച്ചിരുന്നു. എന്നാല്‍ എം.എല്‍.എ അപമാനിച്ച് തിരിച്ചയച്ചതില്‍ പ്രതിഷേധിച്ച് മൂവരും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാന്‍ തീരുമാനിച്ചു.

വോട്ട് ചെയ്യാനായി മുനിസിപ്പല്‍ കൗണ്‍സില്‍ ഓഫീസിലേക്ക് എത്തിയ ഇവരെ എം.എല്‍.എയും അനുയായികളും തടഞ്ഞ് നിര്‍ത്തുകയും ആക്രമിക്കുകയുമായിരുന്നു.

ചാന്ദ്‌നിയെ തള്ളി താഴെയിട്ട എം.എല്‍.എയും സംഘവും ഇവരെ നിലത്തിട്ടു ചവിട്ടി മുടിയില്‍ കുത്തിപ്പിടിച്ച് മര്‍ദ്ദിക്കുകയായിരുന്നു. എം.എല്‍.എയേയും സംഘത്തേയും പിടിച്ച് മാറ്റിയ പൊലീസ് ഇവര്‍ക്കെതിരെ സ്വമേധയാ കേസെടുക്കുകയും ചെയ്തു.

സംഭവത്തിന് പിന്നാലെ കരഞ്ഞുകൊണ്ട് മാധ്യമങ്ങളെ കണ്ട കൗണ്‍സിലര്‍ സവിത എം.എല്‍.എയുടെ താന്‍ പിതാവിന്റെ സ്ഥാനത്തായിരുന്നു കണ്ടിരുന്നതെന്നും ഇത്തരത്തില്‍ അദ്ദേഹം പെരുമാറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും പറഞ്ഞു.

എന്നാല്‍ ഈ ആരോപണങ്ങള്‍ എല്ലാം എം.എല്‍.എ നിഷേധിച്ചു. ”ഇത് എന്റെ സംസ്‌കാരമല്ല. എനിക്കും എന്റെ പാര്‍ട്ടി അംഗങ്ങള്‍ക്കും സ്ത്രീകളോട് വലിയ ബഹുമാനമുണ്ട്. ഞാന്‍ ഒരു വനിതാ കൗണ്‍സിലര്‍മാരെയും തള്ളിയിട്ടില്ല. എന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനാണ് ഈ ആരോപണങ്ങളെല്ലാം. തെറ്റ് ചെയ്യാത്തതിനാല്‍ ക്ഷമ ചോദിക്കില്ല”, എം.എല്‍.എ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

Video of Karnataka BJP MLA ‘manhandling’ woman councillor goes viral